‘അലി’ കൊടുങ്കാറ്റ് : പല വിമാന സര്‍വീസുകളും റദ്ദാക്കി; 140,000 വീടുകളില്‍ വൈദ്യുതി ഇല്ല; 17 കൗണ്ടികളില്‍ ഓറഞ്ച് അലേര്‍ട്ട്

 

ഡബ്ലിന്‍: ‘അലി’ കൊടുങ്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് വിമാനസര്‍വീസുകളിലും വൈദ്യുതി ബന്ധങ്ങളിലും വ്യാപകമായ പ്രതിസന്ധികളും തടസങ്ങളുമാണുണ്ടായിരിക്കുന്നത്. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നുമുള്ള പല വിമാനസര്‍വീസുകളും റദ്ദാക്കുകയോ കാലതാമസം വരുത്തുകയോ ചെയ്തിട്ടുണ്ട്. ഡബ്ലിന് പുറമെ കോര്‍ക്ക്, ഷാനന്‍, നോക്ക് എയര്‍പോര്‍ട്ടുകളില്‍ നിന്നും പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ പല വിമാന സര്‍വീസുകളും ശക്തമായ കാറ്റില്‍ ബാധിക്കപ്പെട്ടിട്ടുണ്ട്. റദ്ദാക്കപ്പെട്ടവയില്‍ ഭൂരിഭാഗവും അയര്‍ലണ്ടിനും യുകെയ്ക്കുമിടയില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളാണ്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് അയര്‍ലന്‍ഡിലേക്കുള്ള വിമാനങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എയര്‍പോര്‍ട്ടിലേക്ക് യാത്രചെയ്യുന്നതിനു മുമ്പ് യാത്രക്കാര്‍ അവരുടെ വിമാനക്കമ്പനികളുടെ സര്‍വീസ് ലിസ്റ്റ് പരിശോധിക്കാന്‍ നിര്‍ദ്ദേശിക്കപ്പെടുന്നു.

അറ്റ്‌ലാന്റിക്കില്‍ രൂപമെടുത്ത ‘അലി’ കൊടുങ്കാറ്റ് അയര്‍ലണ്ടിന്റെ കിഴക്കന്‍ തീരപ്രദേശങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഉച്ചയ്ക്ക് മുന്‍പ് ഡബ്ലിനില്‍ കനത്ത കാറ്റിനുള്ള സാധ്യതയുണ്ട്. രാജ്യത്തെ 17 കൗണ്ടികളില്‍ മെറ്റ് ഐറാന്‍ ഇന്ന് വൈകുന്നേരം വരെ ഓറഞ്ച് വാണിങ് പ്രഖ്യാപിച്ചിട്ടുണ്ട്. അലര്‍ട്ട് ഉള്ള മേഖലയിലെ ജനങ്ങള്‍ പരമാവധി യാത്രകള്‍ ഒഴിവാക്കാനും സുരക്ഷിത സ്ഥാനങ്ങളില്‍ കഴിയാനും അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

ശക്തമായ കാറ്റിനെ തുടര്‍ന്ന് 140,000 വീടുകളിലാണ് വൈദ്യുതി നഷ്ടമായിരിക്കുന്നത്. തെക്ക് പടിഞ്ഞാറന്‍ മേഖലകളിലാണ് വ്യാപകമായി വൈദുതി ബന്ധം തകരാറിലായത്. ശക്തമായ കാറ്റില്‍ പലയിടങ്ങളിലും വന്‍ മരങ്ങള്‍ ലൈന്‍ കമ്പിക്കു മുകളിലൂടെ മറിഞ്ഞുവീണിട്ടുണ്ട്. 20,000 ഉപഭാക്താക്കള്‍ക്ക് ഇപ്പോഴും വൈദുതി ലഭ്യമാക്കാനുണ്ടെന്ന് ECB സ്ഥിരീകരിച്ചു. കെറി, കില്‍കേണ്ടി, തുര്‍ലെസ്, ഗാല്‍വേ, സ്ലിഗൊ, കോര്‍ക്ക്, ക്ലയര്‍, റോസ്‌കോമണ്‍ മേഖലകളിയാണ് കൂടുതല്‍ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാറ്റില്‍ മരങ്ങള്‍ വീണ് പല പ്രധാന റോഡുകളിലും ഗതാഗതവും മുടങ്ങി.

വൈദ്യുതി പ്രശ്നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അടിയന്തിര സഹായം എത്തിക്കുന്നതിന് സജ്ജമാണെന്ന് ഇ എസ് ബി നെറ്റ്വര്‍ക്ക് അറിയിച്ചു. കാലാവസ്ഥ അതികഠിനമാകുന്നെങ്കില്‍ വൈദ്യുതി മുടങ്ങാനുള്ള സാഹചര്യം ഉള്ളതിനാല്‍ അതിനുള്ള മുന്‍കരുതലുകളും ഉണ്ടാകണമെന്ന് അറിയിച്ചിട്ടുണ്ട് . ഫോണ്‍ ചാര്‍ജ് ചെയ്തിരിക്കാനും അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ ടോര്‍ച്ചുകളും ബാറ്ററികളും കരുതിയിരിക്കാനും നിര്‍ദ്ദേശം നല്‍കുന്നുണ്ട്. അതോടൊപ്പം ആവശ്യത്തിന് ഭക്ഷണവും വെള്ളവും കരുതിയിരിക്കണം. വൃദ്ധരായവര്‍ ഒറ്റയ്ക്ക് താമസിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കും ഇത്തരത്തില്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തുകൊടുക്കാന്‍ അയല്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും ഇ എസ് ബി ഓര്‍മപ്പെടുത്തുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: