അലിക്ക് പിന്നാലെ ബ്രോണ കൊടുങ്കാറ്റും അയര്‍ലണ്ടില്‍ വീശിയടിച്ചു; നാളെ വരാന്‍ പോകുന്നത് കല്ലം കൊടുങ്കാറ്റ്; അലിയേക്കാള്‍ അപകടകാരിയെന്ന് മെറ്റ് ഐറാന്‍

ഡബ്ലിന്‍: ഹെലന്‍, അലി കൊടുങ്കാറ്റുകള്‍ക്ക് പിന്നാലെ അയര്‍ലന്റിലാകെ ഭീതിപരത്തി ബ്രോണ കൊടുങ്കാറ്റ് ആഞ്ഞടിച്ചു. എന്നാല്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാതെയാണ് ബ്രോണ കടന്നുപോയത്. അതേസമയം നോര്‍ത്തേണ്‍ അയര്‍ലണ്ട്, യുകെ എന്നിവിടങ്ങളില്‍ ബ്രോണ കൊടുങ്കാറ്റ് കനത്ത നാശം വിതച്ചു. ഗതാഗത തടസ്സങ്ങള്‍ ഉണ്ടാവുകയും പല വിമാനങ്ങളും റദ്ദാക്കപ്പെടുകയും ചെയ്തു. ശക്തമായ കാറ്റും മഴയുമാണ് ബ്രോണ കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായത്. തെക്ക് കിഴക്ക് മണ്‍സ്റ്റര്‍, തെക്ക് ലെയ്ന്‍സ്റ്റര്‍ തുടങ്ങി പല സ്ഥലങ്ങളിലും 40 mm വരെ മഴപെയ്തു. തെക്ക്കിഴക്കന്‍ തീരപ്രദേശങ്ങളിലാണ് കാറ്റ് ശക്തമായി വീശിയടിച്ചത്. തുടര്‍ന്ന് രാത്രിയോടെ നോര്‍ത്തേണ്‍ ഇന്‍ഗ്ലണ്ടിലേക്കായി കാറ്റിന്റെ സഞ്ചാര പാത. അതേസമയം ഒന്നിനുപിറകെ ഒന്നായി അയര്‍ലണ്ടില്‍ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റുകള്‍ ഇനിയും അവസാനിക്കാറായിട്ടില്ല. അറ്റ്‌ലാന്റ്റിക്കില്‍ രൂപമെടുത്ത ‘കല്ലം’ കൊടുങ്കാറ്റ് നാളെ ഐറിഷ് തീരത്തെത്തുമെന്നാണ് മെറ്റ് ഐറാന്റെ മുന്നറിയിപ്പ്. ഇതോടെ ഞാറാഴ്ച വരെ അയര്‍ലണ്ടിനെ കാത്തിരിക്കുന്നത് ശക്തമായ കാറ്റും മഴയും നിറഞ്ഞ ദുഷ്‌കരമായ കാലാവസ്ഥയാണ്.

കനത്ത മഴയ്ക്കും 110 മൈല്‍ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. അറ്റ്‌ലാന്റിക്കില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചത് വളരെ പെട്ടെന്നായിരുന്നു. കാറ്റിന്റെ സഞ്ചാരപഥം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും വാരാന്ത്യത്തോടെ കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകാമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. പ്രക്ഷുബ്ധമായ കാലാവസ്ഥയില്‍ ഒരാഴ്ചയ്ക്കിടയില്‍ രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തുടക്കത്തില്‍ 186,000 ഭവനങ്ങളില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. നിലവില്‍ 25,000 ഭവനങ്ങളില്‍ ഇനിയും പവര്‍ പുനഃസ്ഥാപിക്കാനുണ്ട്.

ഈ പ്രദേശങ്ങളില്‍ അറ്റകുറ്റപ്പണികള്‍ക്ക് കാലതാമസം നേരിടുമെന്നും അധികൃതര്‍ വ്യക്തമാക്കി. വൈദ്യുതി പുനഃസ്ഥാപിക്കാന്‍ ചില സ്ഥലങ്ങളില്‍ മൂന്ന് ദിവസം വരെ എടുത്തേക്കാമെന്നും ESB വ്യക്തമാക്കി. കാവന്‍, സ്ലിഗൊ, ലെയ്ട്രിം, ഡോനെഗല്‍, കാസ്റ്റില്‍ബാര്‍, ഗാള്‍വേ, പോര്‍ട്ലാഓയിസ്, ഡണ്‍ടാല്‍ക്, മുള്ളിന്‍ഗര്‍, നോര്‍ത്ത് കൗണ്ടി ഡബ്ലിന്‍. എന്നിവിടങ്ങളിലാണ് കൂടുതല്‍ വൈദ്യുതി തകരാറുകള്‍ സംഭവിച്ചിട്ടുള്ളത്. തകര്‍ന്ന മരങ്ങള്‍ക്കും അവശിഷ്ടങ്ങള്‍ക്കും തടസ്സം സൃഷ്ടിക്കുന്നതിനാല്‍ വൈദ്യുത ലൈനുകളില്‍ അറ്റകുറ്റപണികള്‍ നടത്താന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. പൊട്ടിവീണ പവര്‍ ലൈനുകള്‍ തൊടരുതെന്നും 1850 372 999 അല്ലെങ്കില്‍ +353 21 2382410 എന്ന നമ്പറിലേക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും കമ്പനി ജനങ്ങളോട് അറിയിച്ചു. അപ്‌ഡേറ്റുകള്‍ക്കായി ഉപഭോക്താക്കള്‍ക്ക് PowerCheck പരിശോധിക്കാം.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: