അറ്റോര്‍ണി ജനറലിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി.എം.സുധീരന്‍

കൊച്ചി: ബാര്‍ കേസില്‍ ബാറുടമകള്‍ക്ക് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ രംഗത്ത്. ഒരു സംസ്ഥാനത്തിന്റെ നയത്തിന് വിരുദ്ധമായി ബാറുടമകള്‍ക്ക് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറലിന് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് സുധീരന്‍ പറഞ്ഞു. എ.ജി ഹാജരായതിന് ഒരു നീതികരണവുമില്ല. എ.ജി ബാറുടമകള്‍ക്ക് വേണ്ടി ഹാജരായി എന്ന് പറഞ്ഞാല്‍ ആ സ്ഥാനത്തെ അദ്ദേഹം എത്രമാത്രം ചെറുതാക്കി കാണുകയാണ് എന്നത് വ്യക്തമാണെന്നും കൊച്ചിയില്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ സുധീരന്‍ പറഞ്ഞു.

ഇങ്ങനെയുള്ളവരെ വിശേഷിപ്പിക്കാന്‍ മനസില്‍ ഒരു വാക്ക് വരുന്നുണ്ട്. എന്നാല്‍ വാക്കുകള്‍ ഉപയോഗിക്കുന്‌പോള്‍ സൂക്ഷിക്കണം എന്നതിനാല്‍ ഞാന്‍ ആ വാക്ക് മനസില്‍ മാത്രം നിറുത്തുകയാണ്. ഇത്രമാത്രം ചെറിയ മനസുള്ളവര്‍ ഒരു സംസ്ഥാനത്തിന്റെ നയമത്തിന് വിരുദ്ധമായി ബാറുടമകള്‍ക്ക് വേണ്ടി ഹാജരായത് ഒരിക്കലും അംഗീകരിക്കാനാവില്ല. ബാറുടമകള്‍ക്ക് വേണ്ടി ഹാജരാവാന്‍ അറ്റോര്‍ണി ജനറലിന് അനുമതി നല്‍കിയ കേന്ദ്ര നിയമമന്ത്രിയോട് സഹതാപമുണ്ട്. സുപ്രീംകോടതി ജഡ്ജിമാരെ പോലെ തന്നെ പ്രധാനപ്പെട്ടതാണ് അറ്റോര്‍ണി ജനറലും ഹൈക്കോടതിയിലെ അഡ്വക്കേറ്റ് ജനറലും. ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ അവര്‍ തന്നെ സ്വയം പരിശോധിക്കുകയും തിരുത്തുകയും വേണം.

ജുഡീഷ്യറി ആയാലും ഭരണഘടനാ സ്ഥാപനമായാലും ഓചിത്യം കാത്തുസൂക്ഷിക്കണം. സംസ്ഥാനങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ബാദ്ധ്യതപ്പെട്ടവര്‍ അതിനു വേണ്ടി പ്രവര്‍ത്തിക്കുന്‌പോള്‍ കുടുംബാംഗങ്ങള്‍ വിരുദ്ധമായ തലത്തിലേക്ക് പോവാതിരിക്കണമെന്നും സുധീരന്‍ പറഞ്ഞു. കേസുമായി പുലബന്ധമില്ലാത്ത കാര്യങ്ങളില്‍ ജഡ്ജിമാര്‍ അഭിപ്രായ പ്രകടനം നടത്തുന്നത് തെറ്റാണ്. മുഖ്യമന്ത്രിക്കെതിരായി ഹൈക്കോടതി ജഡ്ജി നടത്തിയ പരാമര്‍ശം ഇത്തരത്തിലുള്ളതാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ വിവാദങ്ങള്‍ക്കില്ലെന്നും സുധീരന്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: