അരങ്ങൊഴിഞ്ഞത് ഇന്ത്യന്‍ സിനിമയുടെ മുഖശ്രീ; നിറകണ്ണുകളോടെ ചലച്ചിത്ര ലോകം

പ്രശസ്ത ചലച്ചിത്ര താരം ശ്രീദേവി (54) അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്ന് ശനിയാഴ്ച രാത്രി 11.30ഓടെ ദുബായില്‍ വെച്ചായിരുന്നു അന്ത്യം. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും സമീപത്തുണ്ടായിരുന്നു. ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനാണ് ശ്രീദേവിയും കുടുംബവും ദുബൈയിലെത്തിയത്.

1963 ഓഗസ്റ്റ് 13-ന് തമിഴ്‌നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. അച്ഛന്‍ അയ്യപ്പന്‍ അഭിഭാഷകനായിരുന്നു. അമ്മ രാജേശ്വരി. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നുറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നാലാം വയസില്‍ തുണൈവന്‍ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന ശ്രീദേവി ദേവരാഗം, കുമാര സംഭവം ഉള്‍പ്പെടെയുള്ള 26 മലയാള സിനിമകളില്‍ അഭിനയിച്ചു. 1971 പൂമ്പാറ്റ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.

രണ്ട് സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങളും ആറ് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളും ശ്രീദേവിക്ക് ലഭിച്ചിട്ടുണ്ട്. 1976 ല്‍ മുണ്ട്ര് മുടിച്ച് എന്ന തമിഴ് ചിത്രത്തിലാണ് ആദ്യം നായികയായി അഭിനയിക്കുന്നത്. 1983 ലെ ഹിമ്മത് വാല ആണ് ആദ്യത്തെ ബോളിവുഡ് ചിത്രം. 1990കളില്‍ ബോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയായി ശ്രീദേവി മാറി.

1997ല്‍ അഭിനയ രംഗത്ത് നിന്ന് താത്കാലികമായി വിടപറഞ്ഞ ശ്രീദേവി 15 വര്‍ഷത്തിന് ശേഷം 2012-ല്‍ ഇംഗ്ലീഷ് വിംഗ്ലിഷ് എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് തിരികെ എത്തിയത്. തുടര്‍ന്ന് 2013ല്‍ രാജ്യം പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. 2017ല്‍ പുറത്തിറങ്ങിയ മാം ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന സീറോ എന്ന ഹിന്ദി ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. മക്കള്‍: ജാഹ്നവി, ഖുഷി.

മൂണ്ട്രു മുടിച്ച്, പതിനാറു വയതിനിലേ, സിഗപ്പ് റോജാക്കള്‍, മൂന്നാം പിറ, മിസ്റ്റര്‍ ഇന്ത്യ, നാഗിന, ഇംഗ്ലീഷ് വിംഗ്ലീഷ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. കുമാരസംഭവം, പൂമ്പാറ്റ, ആന വളര്‍ത്തിയ വാനമ്പാടിയുടെ മകന്‍, സത്യവാന്‍ സാവിത്രി, ദേവരാഗം ഉള്‍പ്പെടെ 26 ഓളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു.

മൃതദേഹം ദുബായില്‍ നിന്നും ഇന്ന് പ്രത്യേക വിമാനത്തില്‍ മുംബൈയില്‍ എത്തിക്കും.

 

എഎം

 

Share this news

Leave a Reply

%d bloggers like this: