അയോധ്യ കേസ്; വിധിയില്‍ സംതൃപതരല്ലെന്ന് മുസ്ലിം ലീഗ്

മലപ്പുറം: അയോധ്യ കേസിലെ സുപ്രീം കോടതി വിധി രാജ്യത്തെ മുസ്ലിംങ്ങളെ സംബന്ധിച്ച് ഏറെ നിരാശാജനകമെന്ന് മുസ്ലിംലീഗ്. തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കാമെന്നും പള്ളിക്കായി അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്നുമുള്ള പരമോന്നത നീതിപീഠത്തിന്റെ തീരുമാനം അംഗീകരിക്കുന്നു. എന്നാല്‍ കോടതി വിധിച്ച അഞ്ചേക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിലും, വിധി പുനഃപരിശോധിക്കാന്‍ ഹര്‍ജി നല്‍കുന്ന കാര്യത്തിലും കൂടുതല്‍ ചര്‍ച്ച വേണമെന്നും മുസ്ലീം ലീഗ് ആവശ്യപ്പെട്ടു.

അയോധ്യ കോടതി വിധി ചര്‍ച്ച ചെയ്യുന്നതിനായി സംസ്ഥാന പ്രസിന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം മുസ്ലീം ലീഗ് ദേശീയ ട്രഷറര്‍ പി.കെ.കുഞ്ഞാലിക്കുട്ടി എം.പിയാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. കോടതി വിധിയില്‍ ഏറെ വൈരുധ്യങ്ങള്‍ ഉണ്ടെന്നാണ് ലീഗ് വിലയിരുത്തല്‍. അയോധ്യയില്‍ പള്ളി തകര്‍ത്തതും പള്ളിക്കുള്ളില്‍ വിഗ്രംകൊണ്ടുവെച്ചതും ക്രിമനല്‍ കുറ്റമെന്ന് കോടതി പറയുന്നുണ്ട്. ഇത് സംബന്ധിച്ച ക്രിമിനല്‍ കേസുകളും അവസാനിച്ചിട്ടില്ല.

ഈ സാഹചര്യത്തില്‍ ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ ഇതര മുസ്ലിം സംഘടനകളുമായും മതനിരപേക്ഷ പ്രസ്ഥാനങ്ങളുമായും ചര്‍ച്ച നടത്താനാണ് പാര്‍ട്ടി തീരുമാനം. ബാബ്‌റി മസ്ജിദ് നിലനിന്ന ഭൂമിയില്‍ രാമക്ഷേത്രം പണിയാമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. അഞ്ചംഗ ഭരണഘടന ബഞ്ച് ഏക കണ്ഠമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തര്‍ക്കഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ട്രസ്റ്റ് രൂപികരിച്ച് കൈമാറാനാണ് ഉത്തരവ്. . തര്‍ക്ക സ്ഥലത്തിന് പുറത്ത് അഞ്ചേക്കര്‍ ഭൂമി പള്ളി നല്‍കാന്‍ മുസ്ലീങ്ങള്‍ക്ക് നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: