അയോദ്ധ്യ കേസില്‍ വാദങ്ങള്‍ പൂര്‍ത്തിയാകാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ കോടതിയില്‍ നാടകീയ രംഗങ്ങള്‍

ന്യൂസ്ഡല്‍ഹി: അയോദ്ധ്യ കേസില്‍ ഇന്ന് വാദം പൂര്‍ത്തിയാകാന്‍ മണിക്കൂറുകള്‍ ശേഷിക്കെ കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. ഹിന്ദുമഹാസഭയുടെ അഭിഭാഷകന്‍ വികാസ് സിങ് സമര്‍പ്പിച്ച രേഖകള്‍ സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ കോടതിയില്‍ വെച്ച് കീറിയെറിഞ്ഞതോടെ കോടതി അന്തരീക്ഷം സംഘര്‍ഷാവസ്ഥയിലേക്ക് വഴിമാറി.

വികാസ് നല്‍കിയ ഭൂപടവും രേഖകളുമാണു കീറിയെറിഞ്ഞത്. ഇത്തരം വിലകുറഞ്ഞ രേഖകള്‍ കോടതിയില്‍ അനുവദിക്കരുതെന്ന് പറഞ്ഞുകൊണ്ടായിരുന്നു രാജീവ് ഈ രേഖകള്‍ വലിച്ചുകീറിയത്. ഇതേത്തുടര്‍ന്നു രൂക്ഷമായ ഭാഷയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പ്രതികരിച്ചത്. മാന്യത നശിപ്പിച്ചെന്ന് പറഞ്ഞ അദ്ദേഹം, രാജീവിനോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു.

കുനാല്‍ കിഷോര്‍ എഴുതിയ ‘അയോധ്യ പുനരവലോകനം’ എന്ന പുസ്തകത്തെക്കുറിച്ച് വികാസ് കോടതിയില്‍ പരാമര്‍ശിക്കുകയുണ്ടായി. എന്നാല്‍ പുസ്തകത്തില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ തെളിവായി സ്വീകരിക്കുന്നതിനെ രാജീവ് എതിര്‍ത്തു. തുടര്‍ന്നാണ് രാമജന്മഭൂമി എവിടെയെന്നു പറയുന്ന ഭൂപടവും പുസ്തകത്തിന്റെ ഏതാനും പേജുകളും രാജീവ് വലിച്ചുകീറുകയായിരുന്നു.

കേസില്‍ ഇന്നു വൈകീട്ട് അഞ്ചുമണിയോടെയാണു വാദം അവസാനിച്ചത്. കൂടുതല്‍ സമയം വേണമെന്ന് ഒരു അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോള്‍ ‘കഴിഞ്ഞതു കഴിഞ്ഞു’ എന്നായിരുന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ മറുപടി. കേസില്‍ മധ്യസ്ഥത്തിനായി നിയോഗിച്ച സമിതി ഇന്നുച്ചയ്ക്കു ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നവംബര്‍ 17-നു മുന്‍പായി കേസില്‍ വിധിപ്രഖ്യാപനമുണ്ടാകുമെന്നാണു പ്രതീക്ഷ. 17-നാണ് ഗോഗോയ് ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നു വിശ്രമിക്കുക.

കേസില്‍ വാദം കേള്‍ക്കുന്ന തുടര്‍ച്ചയായ 40-ാം ദിവസമാണിന്ന്. വാദം തുടങ്ങിയതുമുതല്‍ ഡിസംബര്‍ 10 വരെ അയോധ്യ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുമുണ്ട്. ജില്ലയിലേക്കു വ്യോമമാര്‍ഗം അനുവാദമില്ലാതെ പ്രവേശിക്കുന്നതും ബോട്ടുകള്‍ പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്. പടക്ക വില്‍പ്പനയും നിരോധിച്ചിട്ടുണ്ട്. 134 വര്‍ഷം പഴക്കമുള്ള ഭൂമി തര്‍ക്ക കേസാണിത്.

2.77 ഏക്കര്‍ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള 2010 സെപ്റ്റംബറിലെ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, രാം ലല്ല എന്നിവയടക്കമുള്ളവ നല്‍കിയിരിക്കുന്ന14 ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. മുതിര്‍ന്ന അഭിഭാഷകരായ കെ പരാശരന്‍, സി എസ് വൈദ്യനാഥന്‍ തുടങ്ങിയവരാണ് ഹിന്ദു സംഘടനകള്‍ക്ക് വേണ്ടി ഹാജരാകുന്നത്.

മുസ്ലീങ്ങള്‍ക്ക് എവിടെ വേണമെങ്കിലും പള്ളി സ്ഥാപിക്കാമെന്നും രാമന്റെ ജന്മസ്ഥലമായ അയോധ്യയില്‍ മുഗള്‍ ചക്രവര്‍ത്തി ബാബര്‍ പള്ളി പണിതത് വലിയ തെറ്റാണെന്നുമെല്ലാം ഹിന്ദു സംഘടനകള്‍ വാദിക്കുന്നു. ബാബറി മസ്ജിദിന് മുന്‍പ് ക്ഷേത്രമാണ് പ്രദേശത്തുണ്ടായിരുന്നത് എന്നും ക്ഷേത്രം എല്ലായ് പ്പോളും ക്ഷേത്രമാണെന്നുമാണ് മുന്‍ അറ്റോണി ജനറല്‍ കൂടിയായ പരാശരന്‍ വാദിക്കുന്നത്. മുസ്ലീങ്ങള്‍ക്ക് എവിടെ വേണമെങ്കിലും പ്രാര്‍ത്ഥിക്കാം. പക്ഷെ രാമന്റെ ജന്മസ്ഥലം മാറ്റാനാകുമോ എന്ന് പരാശരന്‍ കോടതിയില്‍ ചോദിച്ചു.

ഹിന്ദു മതവുമായി ബന്ധപ്പെട്ട ശില്പ രൂപങ്ങളും കൊത്തുപണികളും എങ്ങനെ പള്ളിയുടെ തെളിവായി കാണാം എന്ന സംശയം നേരത്തെ ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു. എന്നാല്‍ ഹിന്ദു ക്ഷേത്രമാണ് ഉണ്ടായിരുന്നത് എന്നത് സംബന്ധിച്ച യാതൊരു ആധികാരിക തെളിവും പുരാവസ്തു പര്യവേഷണങ്ങളില്‍ കണ്ടെത്തിയിട്ടില്ല എന്നാണ് മുസ്ലിം സംഘടനകള്‍ പറയുന്നത്. വിവിധ മതങ്ങളുടെ സാംസ്‌കാര സങ്കലനം എന്ന ചരിത്ര യാഥാര്‍ത്ഥ്യം ആണ് അയോധ്യയില്‍ ഉള്ളതെന്ന് പ്രസിദ്ധ ചരിത്ര ഗവേഷക റൊമില ഥാപ്പറും അഭിപ്രായപ്പെട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: