അയര്‍ലന്‍ഡ് മള്‍ട്ടികള്‍ച്ചറല്‍ ഡേ-വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെണ്ടമേളവും നൃത്തവും അവതരിപ്പിക്കും

 

ഡബ്ലിന്‍: സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന സോഷ്യല്‍ ഇന്‍ക്ലൂഷന്‍ മള്‍ട്ടി കള്‍ച്ചറല്‍ ദിനാഘോഷങ്ങളില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരതത്തെ പ്രതിനിധീകരിക്കും. 25 ലേരെ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ പങ്കെടുക്കും.

ബിജു വൈക്കത്തിന്റെ നേതൃത്വത്തിലുള്ള ചെണ്ടമേളത്തില്‍ ഡബ്ലിനിലെ അനുഗ്രഹീത കലാകാരന്‍ ഫാ. ജോസഫ് വെള്ളനാലും ചെണ്ടയില്‍ താളപ്പെരുക്കം തീര്‍ക്കും. ഷൈബു കൊച്ചിന്‍, റോയി പേരയില്‍, ജോണ്‍സണ്‍ ചക്കാലക്കല്‍, ജയന്‍ തോമസ്, രാജു കുന്നക്കാട്ട്, സണ്ണി ഇളംകുളം, ബിനോയി കുടിയിരിക്കല്‍, ബെന്നി ജോസ് എന്നിവരും ചെണ്ടമേള ടീമിലുണ്ട്. ഇതാദ്യമാണ് കൗണ്‍സില്‍ നടത്തുന്ന പരിപാടിയില്‍ ചെണ്ടമേളം സ്ഥാനം പിടിക്കുന്നത്. മുണ്ടും ജൂബ്ബയും ധരിച്ചാണ് മേളക്കാര്‍ താലാ സിവിക് തീയറ്ററിലെ വേദിയിലെത്തുന്നത്. നവംബര്‍ 22 ന് (ഞായര്‍) രാത്രി 8 നാണ് പരിപാടി.

നൃത്താധ്യാപകന്‍ ഹണി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള 13 അംഗങ്ങളാണ് ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് അവതരിപ്പിക്കുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, കുച്ചിപ്പുടി തുടങ്ങിയവ കോര്‍ത്തിണക്കി ചിട്ടപ്പെടുത്തിയിരിക്കുന്ന ഡാന്‍സ് ഭാരതത്തിന്റെ പൗരാണികതയും പ്രൗഢിയും വിളിച്ചോതുന്നതാണ്.

ഹണി ജോര്‍ജ്, ആന്‍ജല മേരി ജോസ്, ബ്രോണ പെരേപ്പാടന്‍, ആഷിലി ബിജു, റോസ്‌മേരി റോയി, റിയാ ഡൊമിനിക്, റിയാ സെബാസ്റ്റിയന്‍, ഹേമിയ ഹണി, ഹേമലിന്‍ സാജു, ആന്‍മേരി ജോയ്, അലീഷ ചാക്കോ, ലാമിയ ഹണി, നോലിന്‍ സാജു എന്നിവരാണ് നൃത്തം അവതരിപ്പിക്കുന്നത്.

റിപ്പോര്‍ട്ട്: ദീപു ശ്രീധര്‍

Share this news

Leave a Reply

%d bloggers like this: