അയര്‍ലന്‍ഡിലെ മാര്‍ഗരറ്റ്: ഇന്ത്യയുടെ സ്വന്തം സിസ്റ്റര്‍ നിവേദിത; 150-ആം ജന്മദിനം വര്‍ണാഭമാക്കി ഇന്ത്യക്കാര്‍

ഡബ്ലിന്‍: ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ മുഖമുദ്രകളില്‍ എന്നും ഉയര്‍ന്നു നില്‍ക്കുന്ന സൂര്യതേജസാണ് സിസ്റ്റര്‍ നിവേദിത. ഇന്ത്യയില്‍ തനിക്ക് ഏറെ പ്രവര്‍ത്തിക്കാനുണ്ടെന്ന് കര്‍മ്മപഥത്തിലൂടെ തെളിയിച്ച ധീര വനിത. 1867 ഒക്ടോബര്‍ 27-ന് അയര്‍ലണ്ടിലെ ടൈറോണ്‍ കൗണ്ടിയില്‍ ജനിച്ച നിവേദിതയുടെ മാതാപിതാക്കള്‍ മേരി ഇസബെല്ലയും സാമുവേല്‍ റിച്ച്‌മെന്‍ഡ് നോബിളുമാണ്. മാര്‍ഗരറ്റ് എലിസബെത്ത് നോബിള്‍ വളര്‍ന്ന് അദ്ധ്യാപികയായി ഔദ്യോഗിക ജീവതം ആരംഭിച്ചു. സ്വാമി വിവേകാനന്ദനുമായുള്ള കണ്ടുമുട്ടല്‍ മാര്‍ഗരറ്റിന്റെ ജീവിതത്തെ കൊണ്ടെത്തിച്ചത് സിസ്റ്റര്‍ നിവേദിതയിലേക്ക് ആയിരുന്നു.

ഇന്ത്യയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ അവര്‍ ഇന്ത്യയിലെത്തി. കൊല്‍ക്കത്തയില്‍ വെച്ച് വിവേകാനന്ദന്റെ ശിഷ്യയായി മാറിയതോടെ ഇന്ത്യയുടെ സാമൂഹിക ജീവിതത്തില്‍ നിവേദിതയുടെ ഇടപെടല്‍ ഏറെ മാറ്റങ്ങള്‍ ഉണ്ടാക്കി. കൊല്‍ക്കത്തയില്‍ സ്ത്രീ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് സ്‌കൂളുകള്‍ ആരംഭിക്കുന്നതില്‍ അവര്‍ വിജയം കൈവരിച്ചു. സ്ത്രീക്ക് പുരുഷനൊപ്പം തന്നെ വിദ്യാഭ്യാസം നേടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉദ്ബോധനം നല്‍കാനും അവര്‍ക്ക് കഴിഞ്ഞു.

ബംഗാളില്‍ പ്‌ളേഗ് പടര്‍ന്നുപിടിച്ച കാലഘട്ടത്തില്‍ രോഗബാധിതര്‍ക്ക് സഹായമെത്തിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നത് സിസ്റ്റര്‍ നിവേദിത തന്നെയായിരുന്നു. സാമൂഹിക ജീവിതത്തിലേക്ക് പുത്തന്‍ ഉണര്‍വ് പകര്‍ന്നുകൊണ്ടുള്ള സന്യാസ ജീവിതമായിരുന്നു നിവേദിത കാഴ്ച വെച്ചത്. ജീവിതാവസാനം വരെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടാണ് അവര്‍ കൊല്‍ക്കത്തയില്‍ തുടര്‍ന്നത്.

നിവേദിതയുടെ സ്മരണാര്‍ത്ഥം 150-ആം ജന്മദിനം ഇന്ത്യയില്‍ പ്രൗഢഗംഭീരമായി തന്നെ ആഘോഷിക്കപ്പെട്ടു. സ്വാമി വിവേകാനന്ദന്‍ സ്ഥാപിച്ച രാമകൃഷ്ണ മിഷന്റെ ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ സന്യാസി സമൂഹങ്ങളിലും വന്‍ ആഘോഷ പരിപാടികളാണ് അരങ്ങേറിയത്. രാമകൃഷ്ണ മഠത്തിന്റെ വനിതാ സന്യാസി സമൂഹമായ ശാരദ മിഷനിലും ജന്മദിന പരിപാടികള്‍ ആഘോഷിക്കപ്പെട്ടു.

2016 ഓഗസ്റ്റ് 15 ആം തീയതി സിസ്റ്റര്‍ നിവേദിതയുടെ പ്രതിമ അയര്‍ലണ്ടിലെ ഡാഗണനിലുള്ള റണ്‍ഫെര്‍ലി ഹോബ്‌സ് ആര്‍ട്‌സ് ആന്‍ഡ് വിസിറ്റെര്‍ സെന്ററില്‍ അനാച്ഛേദനം ചെയ്തിരുന്നു. ഇന്ത്യക്ക് പുറത്തുള്ള നിവേദിതയുടെ ആദ്യ പ്രതിമ അയര്‍ലണ്ടില്‍ ആണ് സ്ഥാപിച്ചിരിക്കുന്നത്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: