അയര്‍ലന്റിലെ കെട്ടിടങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങളില്‍ തീര്‍ത്തും പരാജയം; മലയാളികള്‍ താമസിക്കുന്ന പല കെട്ടിടങ്ങളിലും അപകടം പതിയിരിക്കുന്നു

ലണ്ടനെ നടുക്കിയ ഗ്രെന്‍ഫെല്‍ ടവര്‍ തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ അയര്‍ലന്റിലെ പല കെട്ടിടങ്ങളിലെയും അഗ്‌നിശമന സംവിധാനങ്ങളെ കുറിച്ച് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. പ്ലാനിങ് വിദഗ്ദന്മാര്‍, കെട്ടിട നിര്‍മ്മാതാക്കള്‍, രാഷ്ട്രീയക്കാര്‍ തുടങ്ങിയവര്‍ അയര്‍ലണ്ടില്‍ പടുത്തുയര്‍ത്തിയിരിക്കുന്ന കെട്ടിടങ്ങളിലെ സുരക്ഷാ സംവിധാനങ്ങള്‍ അടിയന്തിരമായി പരിശോധിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിട്ടുണ്ട്. ആയിരക്കണക്കിന് മലയാളികളാണ് അയര്‍ലണ്ടില്‍ ഇത്തരം ഹൌസിങ് യൂണിറ്റുകളിലും ഫ്‌ളാറ്റുകളിലുമായി താമസിക്കുന്നത്. ഇവിടുത്തെ പല കെട്ടിടങ്ങളിലും അപകടം പതിയിരിക്കുകയാണെന്ന് അധികൃതര്‍ക്കും ബോധ്യമായിട്ടുണ്ട്.

ലണ്ടനിലെ ദുരന്തത്തില്‍ ഇതുവരെ 17 പേര്‍ക്ക് ജീവഹാനി സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട് 74 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതില്‍ 18 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മാഞ്ചസ്റ്ററിലും ലണ്ടനിലും ഉണ്ടായ ഭീകരാക്രമണത്തിന് ശേഷം ബ്രിട്ടനില്‍ ഉണ്ടാകുന്ന ഏറ്റവുംവലിയ ദുരന്തമാണിത്. തീപിടിക്കുമ്പോള്‍ എത്രപേര്‍ ഉള്ളിലുണ്ടായിരുന്നു എന്നതില്‍ വ്യക്തതയില്ല. അതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. കാലതാമസം കൂടാതെ ഫയര്‍, ആംബുലന്‍സ്, പൊലീസ് സര്‍വീസ് ലഭ്യമായതാണ് മരണസംഖ്യ കുറച്ചത്. മാത്രമല്ല ജനങ്ങള്‍ നല്‍കിയ വര്‍ധിച്ച സഹകരണവും ദുരന്തത്തിന്റെ ആഴം കുറയ്ക്കുന്നതിന് സഹായിച്ചു. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടക്കുമെന്ന് പ്രധാനമന്ത്രി തെരേസാ മേ അറിയിച്ചു. സംഭവത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്നും മേ ആവശ്യപ്പെട്ടു. രക്ഷപെട്ടവര്‍ക്ക് പോകാന്‍ വീടില്ലെന്നും എല്ലാം നഷ്ടപ്പെട്ട ഇവരെ പിന്തുണയ്ക്കുന്നതിനാണ് ഇപ്പോള്‍ ഗവണ്‍മെന്റ് പ്രാധാന്യം നല്‍കുന്നതെന്നും മേ വ്യക്തമാക്കി.

സുരക്ഷാ സംവിധാനം ഇല്ലാത്തതാണ് 15 മിനിറ്റ് കൊണ്ട് ഈ ടവര്‍ മുഴുവനായി കത്താനിടയാക്കിയത്. നിരവധി തവണ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും അതൊന്നും അധികൃതര്‍ ചെവിക്കൊണ്ടില്ലെന്ന് പരാതി ഉയരുന്നുണ്ട്. ഫയര്‍ഫോഴ്സിന്റെ 40 യൂണിറ്റുകളും ഇരുനൂറിലേറെ ജീവനക്കാരും പരിശ്രമിച്ചിട്ടും അഞ്ചു മണിക്കൂറോളം ടവര്‍ നിന്ന് കത്തുകയായിരുന്നു. എത്രപേര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നു എന്നതിനെ കുറിച്ച് കൃത്യമായ കണക്ക് ലഭിച്ചിട്ടില്ല. 400 നും 600 ഇടയില്‍ ആളുകള്‍ ഗ്രെന്‍ഫെല്‍ ടവറിലെ ഫ്ളാറ്റുകളില്‍ താമസിക്കുന്നുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. മൊത്തം 120 ഫ്ളാറ്റുകളാണ് ടവറിലുണ്ടായിരുന്നത്.

ഫ്ളാറ്റുകളില്‍ കഴിഞ്ഞിരുന്നത് ഭൂരിഭാഗവും സാധാരണക്കാരാണ്. ടവറില്‍ പുതിയതായി പണിതുയര്‍ത്തിയ പ്ലാസ്റ്റിക് ക്ലാഡിംഗാണ് തീ അതിവേഗം പടരാന്‍ ഇടയാക്കിയതെന്നാണ് കരുതുന്നത്. മഴ വീഴാതിരിക്കാന്‍ 10 മില്ല്യണ്‍ പൗണ്ട് ചെലവില്‍ ഒരുക്കിയ ക്ലാഡിംഗാണ് നാലാം നില മുതല്‍ 24-ാം നില വരെ അതിവേഗം തീപടരാന്‍ ഇടയാക്കിയത്. ഫ്രാന്‍സിലും യുഎഇ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ വമ്പന്‍ കെട്ടിടങ്ങള്‍ക്ക് ഇത്തരം ക്ലാഡിംഗുകള്‍ ഉപയോഗിക്കുന്നുണ്ട്. ടവറില്‍ കെട്ടിയൊരുക്കിയ ക്ലാഡിംഗ് അപകടകരമാണെന്ന ഫയര്‍ വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ മന്ത്രിമാര്‍ പരിഗണിച്ച് പോലുമില്ലെന്നാണ് വ്യക്തമാകുന്നത്. 1990കള്‍ മുതല്‍ ഈ മുന്നറിയിപ്പ് റിപ്പോര്‍ട്ട് പ്രാബല്യത്തിലുണ്ട്. അടിസ്ഥാനപരമായ ഫയര്‍ സേഫ്റ്റിസുരക്ഷാ സംവിധാനങ്ങള്‍ പോലും പകുതിയോളം കെട്ടിടങ്ങള്‍ക്ക് ഇല്ലായിരുന്നെന്ന് പഠനം നടത്തിയവര്‍ കണ്ടെത്തിയിരുന്നു.

അയര്‍ലന്റിലെ അഗ്‌നി സുരക്ഷാ അധികാരികള്‍ക്കുള്ള മുന്നറിയിപ്പാണ് ഈ വന്‍ ദുരന്തമെന്ന് ഡബ്ലിന്‍ സോഷ്യല്‍ ഡെമോക്രാറ്റസ് കൗണ്‍സിലര്‍ സിയാന്‍ ഒ കലഹന്‍ പറഞ്ഞു. അയര്‍ലന്‍ഡിലെ അഗ്‌നിശമന സുരക്ഷ നിയമങ്ങളെക്കുറിച്ച് നിരവധി ആശങ്കകളും, പരാതികളും ഇതിനോടകം ഉയര്‍ന്നുവന്നിട്ടുണ്ട്. സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് തക്കതായ നടപടികള്‍ കൈക്കൊള്ളാന്‍ പുതിയ ഭവനവകുപ്പ് മന്ത്രി യുഗാന്‍ മര്‍ഫിയോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി കാലഘട്ടത്തില്‍ അയര്‍ലണ്ടില്‍ നിര്‍മിച്ച പല ഭവന നിര്‍മ്മാണ യൂണിറ്റുകള്‍ക്കും മതിയായ സുരക്ഷാ സംവിധാനങ്ങളിലെന്ന് സിയാന്‍ ഒ കലഹന്‍ ചൂണ്ടിക്കാട്ടി. ഡബ്ലിനിലെ പ്രയറി ഹാളാണ് ഇതിന് ഉത്തമോദാഹരണം. തീപിടുത്ത സുരക്ഷാ വീഴ്ചയുടെ പേരില്‍ 2011 ല്‍ ഇത് ഒഴിപ്പിച്ചിരുന്നു. ഡബ്ലിനിലെ ലോംഗ്‌ബോട്ട് ക്വായും ബീക്കണ്‍ സൗത്ത് ക്വാര്‍ട്ടറും സുരക്ഷാ മാനദണ്ഡങ്ങളില്‍ പരാജയമാണ്.

സാമ്പത്തീക പ്രതിസന്ധി ഉണ്ടായ വര്‍ഷങ്ങളില്‍ നിര്‍മിച്ച ധാരാളം കെട്ടിടങ്ങളില്‍ ഫയര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും ഈ പ്രശ്‌നം പരിഹരിക്കേണ്ടത് അത്യാവശ്യമാണെന്നും സിയാന്‍ പറഞ്ഞു. ഈ വര്‍ഷങ്ങളില്‍ നിര്‍മിച്ച കുറഞ്ഞത് 30 നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെങ്കിലും ഘടനാപരമായതോ അല്ലെങ്കില്‍ സുരക്ഷപരമായോ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെന്ന് ആര്‍ക്കിടെക്റ്റായ മെല്‍ റെയ്‌നോള്‍ഡും വ്യക്തമാക്കി. കൂടുതല്‍ സംഭവങ്ങളിലും, സുരക്ഷാ സംവിധാനത്തില്‍ അപാകതകളുള്ള ഇത്തരം കെട്ടിടങ്ങളില്‍ താമസിക്കുന്ന വാടകക്കാരോ, കെട്ടിട ഉടമകളോ വീടിന്റെ മൂല്യത്തെക്കുറിച്ച് ആശങ്കാകുലരായതിനാല്‍ ഈ പ്രശ്‌നങ്ങളെ പുറംലോകത്തേക്ക് അറിയിക്കാറില്ല.  നിങ്ങള്‍ വാങ്ങിക്കുന്ന ഫോണിന് ഒരു വീടിനേക്കാള്‍ ഉപഭോക്തൃ സംരക്ഷണം ലഭ്യമാക്കുന്നുണ്ട്; റെയ്‌നോള്‍ഡ്‌സ് പറഞ്ഞു. വികസനങ്ങള്‍ നിലവാരമുള്ളതാണെന്ന് ഉറപ്പ് വരുത്തുന്നതിനായി, രാജ്യത്ത് കൂടുതല്‍ ബില്‍ഡിംഗ് പരിശോധന ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കണമെന്ന അഭിപ്രായവും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു.

അയര്‍ലന്റിലെ എല്ലാ കെട്ടിടങ്ങയിലും അഗ്‌നി സുരക്ഷ സംവിധാനങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ ഒരു സ്വതന്ത്ര പരിശോധന സംവിധാനം ആവശ്യമാണെന്ന് മുന്‍ ആസൂത്രണ വകുപ്പ് മന്ത്രിയും ഗ്രീന്‍ പാര്‍ട്ടിയുടെ കൗണ്‍സിലറുമായ സിയറാന്‍ കഫെ അഭിപ്രായപ്പെട്ടു. ‘ഒരു സ്വതന്ത്ര പരിശോധനാ സംവിധാനം ഉണ്ടാക്കുന്നതും നല്ലതു തന്നെ, ഒരു പക്ഷെ ഭവന വകുപ്പ് മന്ത്രി ലണ്ടനിലെ ഈ ദുരന്തത്തിന് ശേഷം അയര്‍ലന്റിലെയും സുരക്ഷാ സംവിധാനങ്ങളെപ്പറ്റി ഒന്ന് പുനര്‍വിചിന്തനം ചെയുന്നത് നന്നാകും.- സിയറാന്‍ കഫെ പറഞ്ഞു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: