അയര്‍ലണ്ട് സാക്ഷിയാകുന്നത് കനത്ത മഞ്ഞുവീഴ്ചക്ക്; രാജ്യത്ത് ഓറഞ്ച്, യെല്ലോ വെതര്‍ വാണിങ്ങുകള്‍ നല്‍കി മെറ്റ് ഐറാന്‍; മോട്ടോറിസ്റ്റുകള്‍ സൂക്ഷിക്കുക 

 

വര്‍ഷങ്ങള്‍ക്കിടെയെത്തിയ കടുത്ത വിന്റര്‍ അയര്‍ലണ്ടിനെ വേട്ടയാടിക്കൊണ്ടിരിക്കവെ മഞ്ഞ് ഇനിയും ശക്തമാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്നത്തേക്ക് രണ്ട് ഓറഞ്ച് വെതര്‍ വാണിംഗും  പുറപ്പെടുവിച്ചിട്ടുണ്ട്. വെസ്റ്റ്, മിഡ്‌ലാന്‍ഡ്, ഈസ്റ്റ് കൗണ്ടികളിലാണ് ഓറഞ്ച് വാണിങ് നല്‍കിയിരിക്കുന്നത്.  കാര്‍ലോ, കില്‍ഡെയര്‍, കില്‍കെന്നി, ലോയ്‌സിസ്, ലോങ്‌ഫോര്‍ഡ്, വിക്ലോ, ഓഫാലി, വെസ്റ്റ് മീത്ത്, മീത്ത്, ഗാല്‍വേ, മായോ, റോസ്‌കോണ്‍, ടിപ്പെററി എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ ശക്തമായ മഞ്ഞു വീഴ്ച ഉണ്ടായത്.

സാധാരണ ഇടങ്ങളില്‍ ഈ അവസരത്തില്‍ 10 സെന്റീമീറ്ററും ഉയര്‍ന്ന ഇടങ്ങളില്‍ 20 സെന്റീമീറ്ററും മഞ്ഞ് പെയ്തിറങ്ങുമെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച രാത്രി 11 മണി വരെ ഈ മുന്നറിയിപ്പ് നിലവിലുണ്ട്. ഇന്ന് രാത്രിയില്‍ താപനില മൈനസ് 8 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാം.

ഇതിന് പുറമെ ശക്തമായ കാറ്റ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആഞ്ഞ് വീശുകയും ചെയ്യും. ഈ അവസരത്തില്‍ അയര്‍ലണ്ടിന്റെ തെക്കന്‍ ഭാഗങ്ങളില്‍ കടുത്ത മഴ പെയ്തിറങ്ങുമെന്നും മുന്നറിയിപ്പുണ്ട്. ഇതിന് പുറമെ മണിക്കൂറില്‍ 70 മൈല്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റുകളും ഇവിടങ്ങളെ പ്രക്ഷുബ്ധമാക്കുന്നതാണെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പേകുന്നത്.

മിക്കയിടങ്ങളിലും ഐസ് നിറഞ്ഞ ഉപരിതലം സംജാതമാകുന്നത് കടുത്ത അപകടങ്ങളുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. ഡബ്ലിന്‍, ലോത്ത്, വെക്‌സ്‌ഫോര്‍ഡ്, കാവന്‍, മോനഗന്‍, ലൈട്രിം, സ്ലിഗോ, വാട്ടര്‍ഫോര്‍ഡ് എന്നീ കൌണ്ടികളില്‍ യെല്ലോ വാണിങ്ങും നല്‍കിയിട്ടുണ്ട്.

ഇത്രയും പ്രതികൂലമായ സാഹചര്യത്തില്‍ റോഡില്‍ വണ്ടിയോടിക്കുന്നവര്‍ അത്യധികമായ കരുതല്‍ എടുക്കണമെന്നാണ് ഗാര്‍ഡ മുന്നറിയിപ്പേകുന്നത്. ചൂടുറപ്പ് വരുത്തുന്ന വസ്ത്രങ്ങള്‍, ഭക്ഷണം , പാനീയങ്ങള്‍, അത്യാവശ്യമുള്ള മെഡിസിനുകള്‍, ബൂട്സുകള്‍, ഷവല്‍, ടോര്‍ച്ച് തുടങ്ങിയവ കരുതിയിട്ട് മാത്രമേ മോട്ടോറിസ്റ്റുകള്‍ വണ്ടിയുമായി പുറപ്പെടാവു എന്നും കടുത്ത നിര്‍ദേശമുണ്ട്.

റോഡില്‍ ഐസ് നിറഞ്ഞ് തെന്നാനുള്ള സാധ്യത വര്‍ധിച്ചിരിക്കുന്നതിനാല്‍ പതിവിലുമധികം അകലം വിട്ട് മാത്രമേ വാഹനങ്ങള്‍ ഡ്രൈവ് ചെയ്യാവൂ എന്ന് AA റോഡ് വാച്ച് അയര്‍ലണ്ട് കനത്ത നിര്‍ദേശമേകിയിട്ടുണ്ട്. ഈ അവസരത്തില്‍ വാഹനങ്ങളുമായി റോഡിലിറങ്ങുന്നവര്‍ ഡീ-ഐസറും സ്‌ക്രാപറും കൈയില്‍ കരുതേണ്ടത് അത്യാവശ്യമാണെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു.

എ എം

 

 

Share this news

Leave a Reply

%d bloggers like this: