അയര്‍ലണ്ട്, യുഎസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി നരേന്ദ്ര മോഡി ഇന്ത്യയിലേക്ക് മടങ്ങി

 

ന്യൂഡല്‍ഹി: അയര്‍ലണ്ട്, യുഎസ് എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയിലേക്ക് മടങ്ങി. താന്‍ പോയ സ്ഥലങ്ങളിലൊക്കെ തനിക്ക് ലഭിച്ച ഊഷ്മള വരവേല്‍പ്പിനും ആഥിത്യത്തിനും നന്ദി അറിയിക്കുന്നതായി മോഡി ട്വിറ്ററില്‍ കുറിച്ചു. ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്നതായിരുന്നു മോഡിയുടെ ദ്വിരാഷ്ട്ര സന്ദര്‍ശനം. ആദ്യം അയര്‍ലണ്ട് സന്ദര്‍ശിച്ച മോഡി അവിടെ നിന്നും അമേരിക്കയിലേക്ക് യാത്രതിരിച്ചു. സെപ്റ്റംബര്‍ 23 ന് ഡബ്ലിനില്‍ ഐറിഷ് പ്രധാനമന്ത്രി എന്‍ഡാ കെന്നിയുമായി മോഡി കൂടിക്കാഴ്ച്ച നടത്തി. 60 വര്‍ഷത്തിനിടയില്‍ ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ ഭരണാധിപന്‍ ഔദ്യോഗികമായി അയര്‍ലണ്ട് സന്ദര്‍ശിച്ചത്. അയര്‍ലന്‍ഡിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയെയും മോഡി അഭിസംബോധന ചെയ്തു സംസാരിച്ചു.

അവിടെനിന്ന് ന്യൂയോര്‍ക്കിലേക്ക് പറന്ന മോഡി യുഎന്‍ സസ്‌റ്റെയിനബിള്‍ ഡെവലപ്‌മെന്റ് സമ്മിറ്റിലും യുഎസ് പ്രസിഡന്റ് ബരാക് ഒബാമ അതിഥേയത്വം വഹിച്ച സമാധാനത്തിനുള്ള സമ്മേളനത്തിലും പങ്കെടുത്തു. വിവിധ രാഷ്ട്ര തലവന്മാരുമായി കൂടിക്കാഴ്ച്ച നടത്തിയ മോഡി വിവിധ കമ്പനി മേധാവികളുമായും നിക്ഷേപകരുമായും കൂടിക്കാഴ്ച്ച നടത്തി. ഫെയ്‌സ്ബുക്ക് ആസ്ഥാനം, ഗൂഗിള്‍ ആസ്ഥാനം, ടെസ്ല ആസ്ഥാനം എന്നിവ സന്ദര്‍ശിച്ച മോഡി ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഈ കമ്പനി മേധാവികളോട് അപേക്ഷിച്ചു. ഇന്ത്യയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് വിവരിക്കുന്നതിനായി വ്യവസായ പ്രമുഖരെയും മറ്റും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വര്‍ക്കിംഗ് ഡിന്നര്‍ മോഡി ക്രമീകരിച്ചിരുന്നു.

സാന്‍ ജോസിലുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റിയെ മോഡി അഭിസംബോധന ചെയ്ത് സംസാരിച്ച മോഡി സന്ദര്‍ശനത്തിന്റെ അവസാന ദിനമായ ഇന്നലെ ഐക്യരാഷ്ട്ര സഭയിലെ സ്ഥിരാംഗങ്ങളായ മൂന്ന് രാഷ്ട്രങ്ങളുടെ തലവന്മാരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. യുഎസ് പ്രസിഡന്റ് ബരാക് ഒബാമ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോയിസ് ഹൊളാണ്ടെ എന്നിവരുമായിട്ടായിരുന്നു ഇന്നലെത്തെ കൂടിക്കാഴ്ച്ച.

ചൊവ്വാഴ്ച രാവിലെ യു.എസിലെ ജോണ്‍.എഫ്. കെന്നഡി വിമാനത്താവളത്തില്‍ നിന്നാണ് അദ്ദേഹത്തിന്റെ പ്രത്യേക എയര്‍ഇന്ത്യ വിമാനം ഡല്‍ഹിയിലേക്ക് മടങ്ങിയത്. ഫ്രാങ്ക്ഫര്‍ട്ടില്‍ ഇന്ധനം നിറയ്ക്കാനായി ഇറങ്ങിയശേഷം വിമാനം നേരിട്ട് ഡല്‍ഹിക്ക് പറക്കും.

Share this news

Leave a Reply

%d bloggers like this: