അയര്‍ലണ്ട് മലയാളികള്‍ ഇന്ത്യയിലെ സ്വത്ത് വെളിപ്പെടുത്താനുള്ള അവസാന തീയ്യതി ഏപ്രില്‍ 30

അയര്‍ലണ്ട് മലയാളികള്‍ക്ക് ബാധകമാകുന്ന വിദേശ സ്വത്ത് സ്വയവെളിപ്പെടുത്തല്‍ നടപടികള്‍ അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം. പ്രവാസി ഇന്ത്യക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് വിദേശ വരുമാനം, സ്വത്തുക്കള്‍ തുടങ്ങിയവ ആദായ നികുതി വകുപ്പില്‍ വെളിപ്പെടുത്തേണ്ട അവസാന തീയതി ഏപ്രില്‍ 30 ആണ്.

നികുതി അടയ്ക്കുന്നത് സംബന്ധിച്ച് അനേകം മലയാളികള്‍ക്ക് ഇതിനോടകം തന്നെ റവന്യൂ വകുപ്പിന്റെ സന്ദേശം ലഭിച്ചു കഴിഞ്ഞു. അന്തര്‍ദേശീയ തലത്തില്‍ നടക്കുന്ന നികുതി വെട്ടിപ്പിന് തടയിടാനുള്ള റവന്യൂ വകുപ്പിന്റ നടപടികളുടെ ഭാഗമാണ് ഈ സ്വത്ത് വെളിപ്പെടുത്തല്‍. ഐറിഷ് ധനകാര്യ മന്ത്രി മൈക്കല്‍ നൂനാന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം അവസാനം ഇത് സംബന്ധിച്ചുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിരുന്നു.

അയര്‍ലന്‍ഡിന് പുറമേ മറ്റേത് രാജ്യത്തും നിങ്ങള്‍ക്കുള്ള ബാങ്ക് അകൗണ്ടുകള്‍, വസ്തു വകകള്‍, ഓഹരി ഇടപാടുകള്‍, വിദേശ പെന്‍ഷന്‍ മറ്റ് വരുമാനങ്ങള്‍ തുടങ്ങിയവ ഇതിലൂടെ വെളിപ്പെടുത്തുകയും നികുതി അടയ്ക്കുകയും വേണം. ആദായ നികുതി നിയമപ്രകാരം റസിഡന്റ് ആയവര്‍ വിദേശ വരുമാനമുള്‍പ്പെടെയുള്ള ആഗോള വരുമാനത്തിന് നികുതി നല്‍കാന്‍ ബാധ്യസ്ഥരാണ്.

ഈ കാലാവധിക്കുള്ളില്‍ വെളിപ്പെടുത്തിയിട്ടില്ലാത്ത വിദേശ വരുമാനം / സ്വത്ത് പിടിക്കപ്പെട്ടാല്‍ അധിക നികുതിക്കു പുറമെ അധിക പിഴ ചുമത്തുകയും. കൂടാതെ നികുതി അടയ്ക്കാത്തവരുടെ പട്ടികയില്‍പ്പെടുത്തി പേര് പ്രസിദ്ധപ്പെടുത്തുകയും ക്രിമിനല്‍ വിചാരണ നേരിടേണ്ടിയും വന്നേക്കാമെന്ന് നികുതി വകുപ്പ് അറിയിച്ചു. ഇതുവരെ സ്വത്ത് വെളിപ്പെടുത്തിയ നികുതിദായകരില്‍ ഭൂരിഭാഗവും സത്യസന്ധവും പൂര്‍ണ്ണവുമായിരുന്നുവെന്നും ഇത്തരക്കാര്‍ക്ക് മറ്റ് നടപടികളൊന്നും നേരിടേണ്ടി വരില്ലെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി.

നികുതി ദായകര്‍ക്ക് വ്യക്തമായ സ്വാതന്ത്ര്യം നല്‍കുന്ന രീതിയിലുള്ള നടപടി ക്രമങ്ങളാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. ഓഡിറ്റുകളോ കൂടുതല്‍ അന്വേഷണങ്ങളോ ആദ്യഘട്ടത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകില്ല. അവരവരുടെ സ്വത്തുക്കള്‍ അനുസരിച്ച് തങ്ങള്‍ അടക്കേണ്ട തുക നികുതിദായകര്‍ക്ക് തീരുമാനിക്കാവുന്നതാണ്. അതേസമയം മെയ് ഒന്ന് മുതല്‍ വെളിപ്പെടുത്താത്ത വിദേശ സ്വത്തുക്കള്‍ സംബന്ധിച്ചുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതല്ല. രാജ്യാന്തര റെവന്യൂ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ഈ കാര്യത്തില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.

http://www.revenue.ie/en/business/disclosure.html
എ എം

Share this news

Leave a Reply

%d bloggers like this: