അയര്‍ലണ്ട് ജനത നേഴ്‌സുമാരോടൊപ്പം; പ്രതിരോധത്തിലായി വരേദ്കര്‍ ഗവണ്മെന്റ്; വാര്‍ത്താക്കുറിപ്പിലൂടെ പ്രശ്‌നം വഷളാക്കാന്‍ നീക്കം

ഡബ്ലിന്‍: വേതന വര്‍ധനവിനും സ്റ്റാഫിംഗ് ലെവല്‍ ക്രമപ്പെടുത്തി സുരക്ഷിതമായ തൊഴില്‍ സാഹചര്യം ഒരുക്കുന്നതിനും തങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളെയും നീതിയെയും കുറിച്ച് ശബ്ദമുയര്‍ത്തുന്ന അയര്‍ലണ്ടിലെ മാലാഖമാരുടെ സംഘടിത മുന്നേറ്റത്തിന്റെ രണ്ടാം ദിനം അവേശോജ്വലമായി. INMO യില്‍ അംഗങ്ങളായുള്ള 40,000 ത്തോളം നേഴ്‌സുമാര്‍ തൊഴില്‍മേഖലയിലെ തങ്ങളുടെ അവകാശ പോരാട്ടം ശക്തമാക്കിയതോടെ വരേദ്കര്‍ ഗവണ്മെന്റ് തീര്‍ത്തും പ്രതിരോധത്തിലായിരിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച നടന്ന ആദ്യ ദിന 24 പണിമുടക്കിനെ തീര്‍ത്തും അവഗണിച്ച ഗവണ്മെന്റ് അധികൃതര്‍ ഇന്നലത്തെ പണിമുടക്കോടെ ചൂടുപിടിച്ചിട്ടുണ്ട്. അയര്‍ലണ്ടിലും വിദേശരാജ്യങ്ങളില്‍ നിന്നും പണിമുടക്കിന് ജനപിന്തുണ ഏറിയതോടെ നേഴ്സുമാരുടെ ന്യായമായ അവസായങ്ങള്‍ അംഗീകരിക്കാത്ത ഗവണ്മെന്റ് പ്രതിക്കൂട്ടിലായ അവസ്ഥയാണ്. മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് നേഴ്സുമാരുടെ ആവശ്യങ്ങള്‍ നിരാകരിച്ച വരേദ്കര്‍ ഇപ്പോള്‍ ഏതു വിധേനയും വരും ദിവസങ്ങളിലെ തുടര്‍ പണിമുടക്കുകള്‍ ഒഴിവാക്കാമെന്ന ആലോചനയിലാണെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇതിനായി വര്‍ക്ക്‌പ്ലേസ് റിലേഷന്‍സ് കമ്മീഷനുമായും ലേബര്‍ കോര്‍ട്ടുമായും ചേര്‍ന്ന് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് ഗവണ്മെന്റ് അധികൃതര്‍ വ്യക്തമാക്കുന്നു.

നേഴ്സുമാരുടെ പണിമുടക്കിനെ വരേദ്കര്‍ കൈകാര്യം ചെയുന്ന രീതി തീര്‍ത്തും നിരാശാജനകമാണെന്ന് ഡയലില്‍ നടന്ന ചര്‍ച്ചയില്‍ ഫിയന ഫെയ്ല്‍ നേതാവ് മൈക്കിള്‍ മാര്‍ട്ടിന്‍ അഭിപ്രായപ്പെട്ടു. വര്‍ക്ക്‌പ്ലേസ് റിലേഷന്‍സ് കമ്മീഷനുമായി ചേര്‍ന്ന് പ്രശ്നം പരിഹരിക്കുന്നതിന് പകരം വാര്‍ത്താകുറിപ്പിലൂടെ നേഴ്സുമാരെ ഭീഷണിപ്പെടുത്തുന്നത് അനാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴില്‍ സാഹചര്യവുമായി ബന്ധപ്പെട്ട നേഴ്സുമാരുടെ ആവശ്യങ്ങള്‍ ഗവണ്മെന്റ് എപ്പോഴും കേട്ടിട്ടുണ്ടെന്നും നേഴ്സിങ് യൂണിയനുമായി പുതിയ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും എന്നാല്‍ വേതനവര്‍ധനവിനെ അംഗീകരിക്കാനാവില്ലെന്നും ഇന്നലെ ഗവണ്മെന്റ് വാര്‍ത്താകുറിപ്പ് പുറത്തുവിട്ടിരുന്നു. വേതന വര്‍ധനവ് പ്രഖ്യാപിച്ച് നേഴ്സുമാരുടെ പ്രക്ഷോപം തണുപ്പിക്കാന്‍ തയ്യാറല്ലെന്ന സൂചനയാണ് വാര്‍ത്താകുറിപ്പില്‍ ഉണ്ടായിരുന്നത്.

എന്നാല്‍ ഗവണ്മെന്റിന്റെ ഈ വാര്‍ത്താക്കുറിപ്പ് പൊതുജനങ്ങള്‍ക്ക് ആശയകുഴപ്പം ഉണ്ടാകുന്നതും നേഴ്സുമാരെ അവഹേളിക്കുന്നതുമാണെന്ന് INMO ജനറല്‍ സെക്രട്ടറി ഫില്‍ നീ ഷീഗ്ദ തിരിച്ചടിച്ചു. കഴിഞ്ഞ മേയില്‍ ആരോഗ്യമന്ത്രി INMO യ്ക്ക് നല്‍കിയ വാഗ്ദാനങ്ങളാണ് ഇപ്പോള്‍ വീണ്ടും പൊടിതട്ടിയെടുക്കുന്നത്. ആദ്യം മുന്‍പ് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്ന് അവര്‍ പറഞ്ഞു. റിക്രൂട്ട്‌മെന്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ഗവണ്‍മെന്റിന് യാതൊരു താത്പര്യവുമില്ല. നേഴ്സുമാരുടെ സംഘടിത മുന്നേറ്റത്തിന് മുന്‍പില്‍ മുട്ടുമടക്കേണ്ടി വരുമെന്നായതോടെ പഴയ വാഗ്ദാനങ്ങളുമായി ഗവണ്മെന്റ് രംഗത്തെത്തിയിരിക്കുകയാണെന്നും INMO ജനറല്‍ സെക്രട്ടറി പറഞ്ഞു. ഓരോ വര്‍ഷവും HSE അനാവശ്യമായി ചിലവാക്കുന്ന കോടിക്കണക്കിന് യൂറോ മതിയാകും നേഴ്സുമാരുടെ ശമ്പള വര്‍ധനവിനും റിക്രൂട്ട്‌മെന്റ് നടത്താനും. എന്നാല്‍ ഗവണ്മെന്റ് ഇതിനു തയാറാകുന്നിലെന്നും അവര്‍ വ്യക്തമാക്കി. വരേദ്കര്‍ ഗവണ്‍മെന്റിന് അല്ലാതെ മറ്റെല്ലാവര്‍ക്കും അയര്‍ലണ്ടിലെ ആരോഗ്യമേഖലയില്‍ കാര്യമായ പ്രതിസന്ധി ഉള്ളതായി ബോധ്യപ്പെട്ടിട്ടിട്ടുണ്ട്. ഇന്നലത്തെ പണിമുടക്കിന് ലഭിച്ച പൊതുജനപിന്തുണ ഇത് വ്യക്തമാക്കുന്നു.

നേഴ്സുമാരുടെ പ്രതിഷേധം അംഗീകരിക്കുന്നുവെന്നും, അവരുടെ കരുതലും ജോലിമികവും മൂലം രോഗികളുള്‍പ്പെടെ നേഴ്‌സുമാരോടോപ്പമാണെന്നും ധനകാര്യ മന്ത്രി പാസ്‌ക്കല്‍ ഡോനഹോ സമ്മതിക്കുന്നു. എന്നാല്‍ വേതന വര്‍ധനവിന്റെ കാര്യത്തില്‍ ഗവണ്‍മെന്റിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും നേഴ്സുമാരുടെ ശമ്പള സ്‌കെയില്‍ ഉയര്‍ത്തിയാല്‍ മറ്റ് പൊതുജീവനക്കാരും ഇതേ ആവശ്യവുമായി ഗവണ്മെന്റിനെ സമീപിക്കുമെന്ന വാദമാണ് അദ്ദേഹം ഉന്നയിക്കുന്നത്. നിലവിലെ ശമ്പള സ്‌കെയില്‍ അനുസരിച്ച് നഴ്‌സസിങ് വിദ്യാര്‍ത്ഥികള്‍ക്കും മിഡൈ്വഫുമാര്‍ക്കും പ്രതിവര്‍ഷം 14,243 യൂറോയാണ് ശമ്പളം. സ്റ്റാഫ് നേഴ്സുമാര്‍ക്ക് പ്രതിവര്‍ഷം 24,850 യൂറോയും സീനിയര്‍ സ്റ്റാഫ് നേഴ്സിന് 47,898 യൂറോയുമാണ് നിലവിലെ ശമ്പളം. 2018-2020 കാലയളവില്‍ 6.4 ശതമാനത്തില്‍ നിന്ന് 7.2 ശതമാനം ശമ്പളവര്‍ധനവാണ് ഗവണ്മെന്റ് മുന്നോട്ടുവെച്ചിരിക്കുന്നത്. എന്നാല്‍ 12 ശതമാനം വേതന വര്‍ധനവാണ് യുണിയന്‍ ആവശ്യപ്പെടുന്നത്. ഇപ്പോള്‍ പൊതുആരോഗ്യ മേഖലയിലുള്ള കുറഞ്ഞ വേതനം മൂലമാണ് നഴ്‌സുമാരെ ലഭിക്കാത്തതെന്നു സംഘടന ചൂണ്ടിക്കാട്ടുന്നു.

വേതന വര്‍ധനവ് നടപ്പില്‍ വരുത്തുക, അടിയന്തര റിക്രൂട്ട്മെന്റ് നടത്തുക, ജീവനക്കാരെ നിലനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം തന്നെ ഇനിയും ആറ് ദിവസങ്ങളില്‍ 24 മണിക്കൂര്‍ പണിമുടക്ക് അരങ്ങേറും. നാളത്തെ 24 മണിക്കൂര്‍ പണിമുടക്കിന് ശേഷം 12, 13, 14 തിയതികളിലും ഒപ്പം 19, 21 തിയ്യതികളിലും ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് INMO അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 9 ശനിയാഴ്ച ദേശീയ റാലിയും നടക്കും. ഇതോടെ ഈ മാസം ആരോഗ്യമേഖല നിശ്ചലാവസ്ഥയിലേക്കാണ് നീങ്ങുന്നത്. 6,000 ത്തോളം അംഗങ്ങളുള്ള സൈക്കാട്രിക് നഴ്സസ് അസോസിയേഷനും (PNA) ഓവര്‍ ഡ്യുട്ടിയില്‍ നിന്ന് വിട്ടു നിന്ന് പണിമുടക്കുന്നുണ്ട്. ഫെബ്രുവരി 6,7 തിയ്യതികളിലും ഫെബ്രുവരി 12, 13, 14 തിയ്യതികളിലും അധിക സമയ ജോലികള്‍ ചെയ്യാതെ പ്രതിഷേധിക്കാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

 

എ എം

Share this news

Leave a Reply

%d bloggers like this: