അയര്‍ലണ്ടില്‍ സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങളില്‍ ലെഡും, ആര്‍സെനിക്കും: സൂക്ഷിച്ചില്ലെങ്കില്‍ വൃക്കകളും തലച്ചോറും വരെ തകരാറിലാകുമെന്ന് വിദഗ്ദ്ധര്‍

ഡബ്ലിന്‍: ക്രിസ്മസ്സ്‌കാല കച്ചവടം പൊടിപൊടിക്കുമ്പോള്‍ വ്യാജ സൗന്ദര്യവര്‍ദ്ധക വസ്തുക്കളെ കരുതിയിരിക്കാന്‍ മുന്നറിയിപ്പ്. ഓണ്‍ലൈന്‍ വഴി വാങ്ങുന്ന ഉത്പന്നങ്ങളിലാണ് മാരക വിഷവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ആകര്‍ഷകമായ പാക്കറ്റുകളില്‍ ലഭ്യമാകുന്ന ഉത്പന്നങ്ങളില്‍ ആകൃഷ്ടരാകാതിരിക്കാന്‍ എച്ച്.എസ്.ഇ-യും, എച്ച്.പി ആര്‍.എ (ഹെല്‍ത്ത് പ്രോഡക്ട് റെഗുലേറ്ററി അതോറിറ്റി)-യും ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ആഴ്ചയില്‍ എച്ച്.പി.ആര്‍.എ നടത്തിയ പരിശോധനയില്‍ 728 വ്യാജ സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയിരുന്നു. kylie jenner ന്റെ Kylie cosmetic, urban decay തുടങ്ങിയ ബ്രാന്‍ഡഡ് ഉത്പന്നങ്ങളില്‍ പോലും അപകടകാരികളായ രാസവസ്തുക്കള്‍ കണ്ടെത്തി. kylie liquid lipstick, lipliner , urban decay, eyeshadow palettes എന്നീ ഉത്പന്നങ്ങളില്‍ ലെഡ്, ആര്‍സനിക് അംശം വന്‍ തോതില്‍ കണ്ടെത്തുകയായിരുന്നു.

വന്‍കിട കമ്പനികളുടെ പേരില്‍ എത്തുന്ന ഡ്യൂപ്ലിക്കേറ്റ് ഉത്പന്നങ്ങളും വിപണിയില്‍ സുലഭമായി ലഭിക്കും. യൂറോപ്പിന് പുറത്ത് നിന്നും മൊത്തവ്യാപാരത്തില്‍ ഇവ വിലക്കെടുത്ത് ഓണ്‍ലൈനിലൂടെ വില്പന നടത്തുന്ന വന്‍ സംഘം ഇതിന് പിന്നില്‍ ഉണ്ടെന്ന് റവന്യു സംഘം കണ്ടെത്തി. വന്‍ ബ്രാന്‍ഡുകളുടെ പേരില്‍ എത്തുന്ന ഉത്പന്നങ്ങള്‍ ക്രിസ്മസ്സ്‌കാല ഡിബേറ്റ് എന്ന പേരില്‍ അല്പം വില കുറച്ച് ലഭിക്കുന്നതിനാല്‍ ആവശ്യക്കാരും കൂടുതലാണ്. ക്രിസ്മസ് വ്യാപാരം ആരംഭിച്ച അയര്‍ലണ്ടില്‍ ഇതിന്റെ വിപണന സാധ്യത മനസിലാക്കിയാണ് ഓണ്‍ലൈന്‍ സംഘം പ്രവര്‍ത്തിക്കുന്നത്.

ലെഡും, ആര്‍സെനിക്കും മനുഷ്യശരീരത്തില്‍ മാരകമായ അസുഖങ്ങള്‍ ഉണ്ടാക്കുന്ന അപകടകാരികളായ രാസവസ്തുക്കളാണ്. ഇവ ശ്വാസകോശ-വൃക്ക-തലച്ചോര്‍ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ആരോഗ്യ വകുപ്പിന്റെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ഉപയോഗ യോഗ്യമായ വസ്തുക്കള്‍ മാത്രം ഉപയോഗിക്കാന്‍ നിര്‍ദ്ദേശമുണ്ട്. ക്രിസ്മസ്സ്‌കാലത്ത് കഴിവതും ഓണ്‍ലൈന്‍ വഴി ഇത്തരം ഉത്പന്നങ്ങള്‍ വാങ്ങുന്നത് നിര്‍ത്തിവെയ്ക്കാനും പൊതുജനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് എച്ച്.പി.ആര്‍.എ.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: