അയര്‍ലണ്ടില്‍ സാത്താനിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുന്നു; മുന്നറിയിപ്പുമായി ഫാ.പാറ്റ് കോളിന്‍സ്

 

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ പിശാചുബാധയും മറ്റ് സാത്താനിക പ്രവര്‍ത്തനങ്ങളും വര്‍ദ്ധിച്ചു വരുന്നതായി രാജ്യത്തെ പ്രമുഖ ഭൂതോച്ചാടകനായ ഫാ.പാറ്റ് കോളിന്‍സിന്റെ മുന്നറിയിപ്പ്. ഭൂതോച്ചാടകന്‍ എന്ന നിലയില്‍ തന്റെ അനുഭവത്തില്‍ നിന്നാണ് സ്ഥിതിഗതികള്‍ വ്യക്തമാക്കുന്നതെന്നും പിശാചുബാധയുടെ നിരവധി സംഭവങ്ങളാണ് ഓരോ ദിവസവും തന്നെ തേടിയെത്തുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. സഭാനേതൃത്വം ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നും കൂടുതല്‍ ഭൂതോച്ചാടകരെ നിയമിക്കണമെന്നും അദ്ദേഹം ഐറിഷ് കത്തോലിക്ക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഭൂതോച്ചാടക സംഭവങ്ങളുടെ സംഖ്യ ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നു. മാനസിക വിഭ്രാന്തിയും പൈശാചിക ബാധയും തിരിച്ചറിയുകയാണ് ഇതില്‍ പ്രധാനം. മാനസിക വിഭ്രാന്തിയുടെ ഭാഗമായി സാത്താന്‍ ആക്രമിക്കുന്നുവെന്ന തോന്നലുകളും ശക്തമാണ്. ഇത്തരം തെറ്റിധാരണകളോടെ ജീവിക്കുന്നവരെ തിരുത്താനും ആശ്വസിപ്പിക്കാനും സഭയില്‍ സംവിധാനങ്ങള്‍ ഒരുക്കണം.

പിശാചുബാധിതര്‍ക്ക് ശരിയായ വിടുതല്‍ ലഭിക്കാത്ത പക്ഷം അവരുടെ അവസ്ഥ കൂടുതല്‍ സങ്കീര്‍ണമാകുന്നു. സൈക്കോളജിസ്റ്റിന്റെ സേവനം ഉപകരിക്കണമെന്നില്ല. ഭൂതോച്ചാടനത്തിന്റെ യഥാര്‍ത്ഥ്യം മനസ്സിലാക്കി സഭാനേതൃത്വം കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ഫാ.പാറ്റ് പറഞ്ഞു. നേരത്തെ ഐറിഷ് സഭയെ അഭിസംബോധന ചെയ്ത് അയച്ച കത്തില്‍ സഭയെ തന്നെ പിടിച്ചുലയ്ക്കാന്‍ തിന്മയുടെ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന വസ്തുത പലര്‍ക്കും അവിശ്വസനീയമാണെന്നു അദ്ദേഹം കുറിച്ചിരിന്നു.

 

കടപ്പാട്: പ്രവാചകശബ്ദം

 

Share this news

Leave a Reply

%d bloggers like this: