അയര്‍ലണ്ടില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ സിനി ചാക്കോയുടെ മൃതദേഹം ശനി, ഞായര്‍ ദിവസങ്ങളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും; സംസ്‌കാരം കേരളത്തില്‍

അയര്‍ലണ്ട്: അയര്‍ലണ്ടിലെ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ സ്റ്റാഫ് നേഴ്‌സ് ആയി ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിനി സിനി ചാക്കോ (27 വയസ്സ്) നിര്യാതയായി. ഇക്കഴിഞ്ഞ മാര്‍ച്ച് 14-ന് വൈകിട്ടു 9 മണിയോടുകൂടി ജോലി കഴിഞ്ഞു താമസ സ്ഥലത്തേക്കു നടന്നു പോകുന്ന വഴി, റോഡ് മുറിച്ചു കടക്കവേ, കോര്‍ക്ക് വില്‍ട്ടണിലുള്ള പെഡസ്ട്രിയന്‍ ക്രോസ്സിങ്ങില്‍ വച്ചു കാറിടിച്ചായിരുന്നു അപകടം സംഭവിച്ചത്. തലക്കു പരിക്കേറ്റു ഒരു മാസത്തോളം ഗുരുതരാവസ്ഥയില്‍ ആയിരുന്ന സിനി 12-ആം തീയതി വ്യാഴാഴ്ച ഉച്ചക്ക് 12.15 pm-ന് പ്രാര്‍ത്ഥനകളും പ്രതീക്ഷകളും വിഫലമാക്കി മരണത്തിനു കീഴടങ്ങി.

അപകട വാര്‍ത്തയറിഞ്ഞയുടനെ തന്നെ UAE യില്‍ ഉള്ള ഏക സഹോദരനും, തുടര്‍ന്ന് നാട്ടിലുള്ള മാതാപിതാക്കളും അയര്‍ലണ്ടില്‍ എത്തിയിരുന്നു. പരേതയുടെ മരണ സമയത്തു മാതാപിതാക്കളും സഹോദരനും അയര്‍ലണ്ടില്‍ ഉള്ള ബന്ധുക്കളും വൈദികരും സുഹൃത്തുക്കളും സമീപത്തുണ്ടായിരുന്നു. സിനി അവിവാഹിതയായിരുന്നു. കോട്ടയം കുറിച്ചി വട്ടന്‍ചിറയിലായ പാറച്ചേരി ആണ് വീട്. കോട്ടയം കുറിച്ചി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്ള്‍സ് വലിയപള്ളി ഇടവകാംഗം ആണ്. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് നഴ്‌സിംഗ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സിനി പിന്നീട് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഹോസ്പിറ്റലില്‍ നേഴ്‌സ് ആയി ജോലി ചെയ്തിരുന്നു. 2017 ഒക്ടോബറില്‍ അയര്‍ലണ്ടില്‍ എത്തിയ സിനി കുറഞ്ഞനാള്‍ കൊണ്ട് സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പ്രിയങ്കരിയായി മാറിയിരുന്നു.

സിനിയുടെ മൃതദേഹം 14 ന് ശനിയാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ വൈകുന്നേരം 6 മണി വരെ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ മോര്‍ച്ചറിക്കു സമീപമുള്ള ചാപ്പലില്‍ പൊതുദര്‍ശനത്തിനു വെക്കുന്നതാണ്. ഈ അവസരത്തില്‍ ശവസംസ്‌കാര ശുശ്രൂഷയുടെ പ്രഥമഘട്ട പ്രാര്‍ഥനകള്‍ വൈദികര്‍ നിര്‍വഹിക്കുന്നതാണ്. തുടര്‍ന്ന് 15-ആം തീയതി ഞായറാഴ്ച ഉച്ചക്ക് 2 മണി മുതല്‍ 4 മണി വരെ മൃതദേഹം വീണ്ടും കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ചാപ്പലില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നതും പിന്നീട് വിലാപയാത്രയായി ഹോസ്പിറ്റലില്‍ നിന്ന് വില്‍ട്ടണ്‍ ടെസ്‌കോക്കു സമീപമുള്ള സെന്റ് ജോസഫ് പള്ളിയിലേക്കു കൊണ്ടുപോകുന്നതുമായിരിക്കും. സെന്റ് ജോസഫ് (SMA) പള്ളിയില്‍ നടക്കുന്ന വി. കുര്‍ബാനയില്‍ അയര്‍ലണ്ടിലെ വിവിധ പള്ളികളിലെ വൈദികര്‍ പങ്കെടുക്കും. സിനിയുടെ മൃതദേഹം പിന്നീട് കേരളത്തിലേക്ക് കൊണ്ടുപോകുന്നതും ശവസംസ്‌കാരം ഇടവകപ്പള്ളിയായ കോട്ടയം കുറിച്ചി വലിയപള്ളിയിലെ കുടുംബ കല്ലറയില്‍ നടത്തപ്പെടുന്നതുമാണ്.

 

 

 

വാര്‍ത്ത: രാജന്‍. വി, കോര്‍ക്ക്.
Share this news

Leave a Reply

%d bloggers like this: