അയര്‍ലണ്ടില്‍ വാരാന്ത്യത്തോടെ ഹിമപാതം ശക്തമാകും; താപനില മൈനസ് നാല് ഡിഗ്രിയിലേക്ക്

ഡബ്ലിന്‍: അയര്‍ലണ്ട് വീണ്ടും കൊടും തണുപ്പിലേയ്ക്കെന്ന് മെറ്റ് എറാന്‍. രാത്രിയില്‍ മൈനസ് നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴും. വരുന്ന ആഴ്ചകളിലും അയര്‍ലണ്ടില്‍ താപനില താഴേക്ക് പോകുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ കണ്ടെത്തല്‍. അടുത്ത ഏതാനും ദിവസങ്ങളില്‍ മിക്കവാറും എല്ലാ കൗണ്ടികളിലും വ്യാപകമായ മഞ്ഞും ഹിമപാതവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇതുവരെ ഇല്ലാത്ത കൊടുംതണുപ്പാവും ഇനി ഉണ്ടാവുക. ളരെ നേരിയ തോതില്‍ ആരംഭിക്കുന്ന ശൈത്യം പിന്നീട് മൂര്‍ധന്യത്തിലെത്തുകയായിരിക്കും ചെയ്യുന്നതെന്നാണ് അധികൃതര്‍ മുന്നറിയിപ്പേകുന്നത്.

അയര്‍ലണ്ടില്‍ താരതമ്യേന സുഖകരമായ നിലവിലെ കാലാവസ്ഥ വാരാന്ത്യത്തോടെ തകിടം മറിയുമെന്നാണ് കരുതുന്നത്. ശൈത്യത്തിന്റെ കടുപ്പം ഈ ദിവസങ്ങളില്‍ അനുഭവപ്പെട്ട് തുടങ്ങും. രാജ്യത്തെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മഞ്ഞ് വീഴ്ചയാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ ഇത് തുടരുമെന്നും രാത്രിയില്‍ ശൈത്യകാറ്റും തണുപ്പും നിറഞ്ഞതാകുമെന്ന് കേന്ദ്രം അറിയിച്ചു. വരുന്ന ആഴ്ചകളിലും അയര്‍ലണ്ടില്‍ താപനില താഴേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ക്രിസ്മസ് സീസണില്‍ ചെറിയ തോതിലാണ് ശൈത്യം തുടങ്ങിയതെങ്കിലും ജനുവരി അവസാനത്തോടെ പുലര്‍കാലങ്ങളില്‍ പൊടിമഞ്ഞും പുകമഞ്ഞും കടുത്ത ഭീഷണി ഉയര്‍ത്തുമെന്നും മുന്നറിയിപ്പുണ്ട്.

കടുത്ത മഞ്ഞുവീഴ്ചയില്‍ റോഡുകള്‍ ഗതാഗതയോഗ്യമല്ലാതാകാനും ചില പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു പോകാനും സാധ്യതയുള്ളതായും വിലയിരുത്തപ്പെടുന്നു. ഗതാഗത തടസം, പവര്‍കട്ട്, മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. സൈബീരിയയില്‍ നിന്നും വീശിയടിക്കുന്ന ശൈത്യ കാറ്റില്‍ മിക്ക പ്രദേശങ്ങളും മഞ്ഞില്‍ മുങ്ങുമെന്നാണ് മുന്നറിയിപ്പ്. രാത്രികാലങ്ങളില്‍ താപനില -4 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുമെന്നും പ്രവചിക്കപ്പെടുന്നു. അയര്‍ലണ്ടിനെ വിറപ്പിച്ച ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് ഏറ്റവും മോശം കാലാവസ്ഥ സമ്മാനിച്ച് ഒരുവര്‍ഷം പിന്നിടുമ്പോഴാണ് അയര്‍ലണ്ടില്‍ കനത്ത മഞ്ഞിന്റെ മടങ്ങിവരവ്.

അതികഠിനമായ ശൈത്യം യൂറോപ്പിലാകമാനം വ്യാപിക്കുന്നു. ജര്‍മനി, സ്വീഡന്‍, നോര്‍വേ, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങള്‍ കനത്ത മഞ്ഞു വീഴ്ച്ചയാണ് അനുഭവപ്പെടുന്നത്. മൂടല്‍മഞ്ഞ് ശക്തമായതോടെ ട്രെയിനുകള്‍ നിര്‍ത്തി സ്‌കൂളുകള്‍ അടച്ചു. തുടര്‍ച്ചയായി മഞ്ഞുമല ഇടിച്ചില്‍ മൂലം സ്വീഡനിലും നോര്‍വേയിലും റോഡുകള്‍ തകര്‍ന്നു. ജര്‍മനിയും, ഓസ്ട്രിയയും, ഗ്രീസും സ്വിറ്റ്‌സര്‍ലാന്‍ഡുമെല്ലാം മഞ്ഞില്‍ പുതഞ്ഞിരിക്കുകയാണ്. തണുപ്പിനെ പ്രതിരോധിക്കാന്‍ സാധിക്കാതെ മരിച്ചുവീഴുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ പലയിടങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.,

ആല്‍പ്‌സ് പര്‍വതനിരകള്‍ക്ക് കാറ്റിനെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കാതെ വന്നതോടെ കാറ്റിനും മഞ്ഞുവീഴ്ചയ്ക്കുമൊപ്പം പര്‍വത്തിനുമുകളില്‍ നിന്ന് വമ്പന്‍ മഞ്ഞുപാളികള്‍ അടര്‍ന്ന് വീഴാനും തുടങ്ങി. ആല്‍പ്‌സിനോട് ചേര്‍ന്നുകിടക്കുന്ന രാജ്യങ്ങളെല്ലാം മഞ്ഞിനാല്‍ മൂടിയ അവസ്ഥയിലാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മൂന്നു മീറ്ററോളം മഞ്ഞുവീഴ്ചയുണ്ടായി. യൂറോപ്പിലെ ഹിമപാതത്തില്‍ ഇതുവരെ 26 പേരാണ് മരിച്ചത്. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് മഞ്ഞുവീഴ്ചയുടെ അളവ് വര്‍ദ്ധിച്ചതായി ഓസ്ട്രിയയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെറ്റിയറോളജി ആന്‍ഡ് ജിയോഡൈനാമിക്‌സ് വ്യക്തമാക്കി. ആര്‍ട്ടിക്ക് മേഖലയില്‍ നിന്നുള്ള ശീതക്കാറ്റ് യൂറോപ്പിലേക്ക് വീശിതുടങ്ങിയത് ജനുവരി ആദ്യവാരത്തോടെയാണ്. കാലാവസ്ഥാ വ്യതിയാനം പതിവില്‍ നിന്ന് വിപരീധമായി കാറ്റിന്റെ ശക്തി വര്‍ധിപ്പിച്ചു.

 

 

Share this news

Leave a Reply

%d bloggers like this: