അയര്‍ലണ്ടില്‍ ഭവന വാടക നിരക്കിലെ കുതിപ്പ് തുടരുന്നു; രാജ്യത്തെ ശരാശരി വാടക നിരക്ക് 1,122 യൂറോയിലെത്തി; ഡബ്ലിനില്‍ ദേശീയ ശരാശരിയേക്കാള്‍ 500 യൂറോ അധികം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഭവന വാടക നിരക്കില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. റെസിഡന്‍ഷ്യല്‍ ടെനന്‍സിസ് ബോര്‍ഡിന്റെ (RTB) കണക്കുകള്‍ പ്രകാരം രാജ്യത്തെ ശരാശരി വാടക നിരക്ക് 1,122 യൂറോയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയത്തേക്കാള്‍ 78 യൂറോയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വസ്തുവില ഉയരുന്നതിന്റെ പതിന്മടങ്ങ് ശക്തിയിലാണ് ഓരോ മാസവും വാടക നിരക്കിലുണ്ടാകുന്ന വര്‍ധനവ്. ദേശീയ ശരാശരിയില്‍ 7.6 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. റെസിഡന്‍ഷ്യല്‍ ടെനന്‍സിസ് ബോര്‍ഡിഡ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് വാടക നിരക്ക് ഉയരുന്ന റെന്റ് പ്രെഷര്‍ സോണുകളില്‍ അധികൃതര്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്.

ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന വസ്തു വാടക നിരക്കുകള്‍ അനുഭവപ്പെടുന്ന ഡബ്ലിനില്‍ സമീപ ഭാവിയിലും വില കുത്തനെ ഉയരുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുള്ള ഒരു സാധാരണ വീടിന് ഡബ്ലിനില്‍ 1,620 യൂറോ വാടക നല്‍കേണ്ടി വരും. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തേക്കാള്‍ 141 യൂറോയുടെ വര്‍ധനവുമാണ് ഈ മേഖലയില്‍ രേഖപ്പെടുത്തിയത്. ആവശ്യത്തിന് വാടക വീടുകള്‍ ലഭ്യമല്ലാത്തതിനാല്‍ വീടുകള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. അവശ്യ വീടുകളുടെ എണ്ണം കുറഞ്ഞ് ഡിമാന്റ് വര്‍ദ്ധിച്ചതോടെ വാടക നിരക്കുകളും, വസ്തു വിലയും കുത്തനെ ഉയര്‍ന്നിട്ടുണ്ട്.

വിക്കലോ, കില്‍ഡയെര്‍, മീത്ത് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രേറ്റര്‍ ഡബ്ലിനില്‍ 1,620 യൂറോയാണ് ശരാശരി വാടക. രാജ്യത്തെ ഭവനവാടക നിരക്കിലെ വര്‍ദ്ധനവിന് ഡബ്ലിന്‍, ഗ്രേറ്റര്‍ ഡബ്ലിന്‍ ഏരിയയിലെ വര്‍ധനവ് സ്വാധീനിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൂടിയ വാടക നിരക്കുള്ള നഗരങ്ങളില്‍ രണ്ടാം സ്ഥാനത്ത് ഗാല്‍വേ സിറ്റിയാണ്. ഇവിടെ ശരാശരി മാസവാടക നിരക്ക് 1,187 യൂറോയാണ്. കോര്‍ക്കില്‍ 1,172 യൂറോ, ലീമെറിക്കില്‍ 928 യൂറോ, വാട്ടര്‍ഫോര്‍ഡില്‍ 638 യൂറോ എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ നിരക്കുകള്‍.

ഭവനമന്ത്രാലയത്തിന്റെ ‘റെന്റ് പ്രെഷര്‍ സോണ്‍’ പദ്ധതി വാടക കുറയ്ക്കാന്‍ ലക്ഷ്യമിടുന്നതെങ്കിലും ഭവന വാടക നിരക്ക് ഉയര്‍ന്ന് തന്നെ തുടരുന്നു. ദേശീയ ശരാശരിക്കും മുകളില്‍ വാടക വര്‍ദ്ധിക്കുന്ന പ്രദേശങ്ങളാണ് റെന്റ് പ്രഷര്‍ സോണ്‍ എന്ന് അറിയപ്പെടുന്നത്. റെന്റ് പ്രഷര്‍ സോണ്‍ നഗരങ്ങളില്‍ വാര്‍ഷിക വാടക ഇനത്തില്‍ 4% മാത്രം വാടക ഉയരാന്‍ അനുവദിക്കുന്ന പദ്ധതിയാണ് റെന്റ് കാപ്പ്. 2016 ല്‍ ഈ പ്രഖ്യാപനം വന്നതോടെ പദ്ധതിയില്‍ ഉള്‍പ്പെട്ട നഗരങ്ങളില്‍ വാടക നിയന്ത്രണമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു.

എന്നാല്‍ പല കെട്ടിട മുതലാളിമാരും തങ്ങളുടെ വീടുകള്‍ പുതുക്കിപ്പണിഞ്ഞുകൊണ്ടിരിക്കുകയാന്നെന്ന ലേബലില്‍ ആവശ്യക്കാര്‍ക്ക് വിട്ടുകൊടുക്കാതെ പിടിച്ചു നിര്‍ത്തുകയും വിപണിയില്‍ കൃതൃമായി ക്ഷാമം ഉണ്ടാക്കിയതിന് ശേഷം അധികവില ഇടാക്കുകയും ചെയ്യുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. വാടക നിരക്ക് വര്‍ധിപ്പിക്കാന്‍ ലക്ഷ്യം വെച്ച് റിയല്‍ എസ്റ്റേറ്റ് ലോബിയുടെ കൃത്രിമ ക്ഷാമമാണ് ഭവന മേഖലയിലെ നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.

ഒഴിഞ്ഞു കിടക്കുന്ന ആയിരക്കണക്കിന് കെട്ടിടങ്ങള്‍ വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്തിയാല്‍ വാടകയും ഭവന രഹിതരുടെ എണ്ണവും ഒരുപോലെ നിയന്ത്രിക്കാനാകും. റിയല്‍ എസ്റ്റേറ്റ് ഗ്രുപ്പുകളുടെ ഉടമസ്ഥതയില്‍ നിര്‍മിച്ചിരിക്കുന്ന പല കെട്ടിടങ്ങളും ഉപയോഗശൂന്യമായി കിടക്കുന്നുണ്ട്. ഡബ്ലിനില്‍ മാത്രം 30,000 ത്തോളം ഹൌസിങ് യൂണിറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: