അയര്‍ലണ്ടില്‍ നിന്ന് പാമ്പുകളെ ഇല്ലാതാക്കിയത് ആര്? ഉത്തരവുമായി ശാസ്ത്രജ്ഞര്‍

ഭൂമിയില്‍ പാമ്പുകള്‍ ഇല്ലാത്ത ഒരേയൊരു ജനവാസ പ്രദേശം അയര്‍ലന്‍ഡാണ്. എന്തുകൊണ്ടായിരിക്കും ഇവിടെ പാമ്പുകളില്ലാത്തത് എന്ന ചോദ്യത്തിന് പഴമക്കാര്‍ നല്‍കുന്ന ഉത്തരം വിശുദ്ധ പാട്രിക് പുണ്യാളന്റെ പേരായിരിക്കും. അയര്‍ലണ്ടിനെ ഉപേക്ഷിച്ച് പാമ്പുകള്‍ പടിയിറങ്ങിപ്പോയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. പാട്രിക് പുണ്യാളന്‍ തന്റെ ദൂതഗണങ്ങളെ അയച്ച് ഇഴജന്തുക്കളെ മുഴുവന്‍ കടലിലേക്ക് പായിച്ചെന്നും പിന്നീട് ഒരിക്കലും അവ തിരികെ വന്നിട്ടില്ല എന്നുമാണ് ഐതിഹ്യം. ഇത് സംഭവിച്ചതെന്ന് കരുതപ്പെടുന്ന എഡി 461 ന് ശേഷം അയര്‍ലണ്ടിലെ വളര്‍ത്തുമൃഗങ്ങളുള്ള ചില വീടുകളും കാഴ്ച ബംഗ്ലാവുകളിലും മാത്രമേ പാമ്പുകളെ കാണാന്‍ കഴിയൂ.

എന്നാല്‍ ചില ശാസ്ത്ര നിരീക്ഷണങ്ങള്‍ പരിശോധിച്ചാല്‍ പാമ്പുകള്‍ അയര്‍ലണ്ടില്‍ നിന്ന് അപ്രത്യക്ഷമായതിന് പിന്നില്‍ ഒരു അതിന്ദ്രീയ ശക്തികളുടേയും ഇടപെടലുകള്‍ ഇല്ലെന്ന് വ്യക്തമാകുമെന്നാണ് ഒരു പറ്റം ശാസ്ത്രഞ്ജന്‍മാര്‍ പറയുന്നത്. ഏതാണ്ട് 100 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് പാമ്പുകള്‍ ഭൂമിയില്‍ ആവിര്‍ഭവിച്ചപ്പോള്‍ ഗ്വോണ്ടാന ലാന്‍ഡ് എന്ന ഒറ്റ വന്‍കരയായിരുന്നു ഉണ്ടായിരുന്നത്. ഈ സമയത്ത് അയര്‍ലന്‍ഡ് ഈ കരയുടെ ഭാഗമായിരുന്നില്ല. അയര്‍ലന്‍ഡ് പിന്നെയും ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു ശേഷമാണ് സമുദ്രത്തിനടിയില്‍ നിന്നും പുറത്തേക്കു വന്നത്. ജലനിരപ്പിന് താഴെ സ്ഥിതി ചെയ്തിരുന്നതിനാല്‍ പാമ്പുകള്‍ക്ക് അയര്‍ലണ്ടിലെക്ക് കുടിയേറാന്‍ സാധ്യമല്ലായിരുന്നുവത്രേ . എന്നാല്‍ പിന്നീട് എപ്പോഴോ കടല്‍ തന്നെ യൂറോപ്പിനോട് കൂട്ടിച്ചേര്‍ത്ത ഭൂമികയായി അയര്‍ലണ്ടിനെ ഉയര്‍ത്തി..

അങ്ങനെ അയര്‍ലണ്ടിലും കയറിപ്പറ്റിയ പാമ്പുകളെ ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐസ് ഏജില്‍ പ്രകൃതി മഞ്ഞുകട്ടയാക്കി മാറ്റിക്കളഞ്ഞുവത്രേ. അതിന് ശേഷം 20 തവണ കാലാവസ്ഥാ വ്യതിയാനം സംഭവിച്ചതിന്റെ ഭാഗമായി അയര്‍ലണ്ട് അതിശൈത്യത്തിന്റെ പിടിയില്‍ അമരുകയും മഞ്ഞുപുതപ്പിന് കീഴിലാക്കപ്പെടുകയും സംഭവിച്ചു. തല്‍ഫലമായി അവശേഷിച്ച ശീതരക്ത ജീവികളായ പാമ്പുകള്‍ക്ക് നിലനില്‍പ്പില്ലാതെ വരികയും അവയെല്ലാം മഞ്ഞിന് കീഴില്‍ ഇല്ലാതാകുകയും ചെയ്തു.

ശാസ്ത്രജ്ഞന്‍മാരുടെ കണക്കുകള്‍ പ്രകാരം ഇതിന് മുമ്പ് അയര്‍ലണ്ട് ഐസ്‌കട്ടിയായത് 15,000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അതിന് ശേഷം പാമ്പുകള്‍ക്ക് അയര്‍ലണ്ടില്‍ നിലനില്‍പ്പ് ഉണ്ടായിരുന്നെങ്കിലും കടല്‍ അയര്‍ലണ്ടിനെ യൂറോപ്പില്‍ നിന്നും അകറ്റിയത് ഇരു കരകളും തമ്മില്‍ സ്‌കോട്ലണ്ടിനും അയര്‍ലണ്ടിനും ഇടയില്‍ നോര്‍ത്ത് ചാനലിന്റെ 12 മൈല്‍ വിടവുണ്ടാക്കി. ഈ ചാനല്‍ സ്‌കോട്ലണ്ടില്‍ നിന്നും അയര്‍ലണ്ടിലെയ്ക്ക് കുടിയേറാന്‍ പാമ്പുകള്‍ക്ക് തടസ്സമാകുകയും ചെയ്തുവത്രെ. അയര്‍ലണ്ട് പാമ്പുകള്‍ക്ക് അന്യമായതിന് പിന്നില്‍ ഇവയെല്ലാമായിരുന്നു കാരണങ്ങള്‍ എന്നാണ് ശാസ്ത്രഞ്ജന്‍മാര്‍ പറയുന്നത്.

അയര്‍ലന്‍ഡിനെ കൂടാതെ ന്യൂസീലാന്‍ഡ് മാത്രമാണ് പാമ്പുകളില്ലാത്ത സ്വാഭാവികമായ മനുഷ്യവാസം സാധ്യമായ പ്രദേശമായി ഉണ്ടായിരുന്നത്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ നിന്നും മറ്റും വളര്‍ത്തുന്നതിനായി കൊണ്ടുവന്ന പാമ്പുകള്‍ പെറ്റു പെരുകി ഇപ്പോള്‍ പാമ്പില്ലാത്ത രാജ്യം എന്ന പദവി ന്യൂസീലാന്‍ഡിനും നഷ്ടമായി.

എന്നാല്‍ അയര്‍ലണ്ടില്‍ നിന്ന് പാമ്പുകളെ നീക്കിയതിന് പിന്നില്‍ പാട്രിക് പുണ്യാളന്റെ ഇടപെടല്‍ തന്നെയാണെന്നാണ് ഇവിടത്തുകാരുടെ ഉറച്ച വിശ്വാസം. ഈ വിശ്വാസത്തിന്റെ ഭാഗമായാണ് ഓരോ വര്‍ഷവും മാര്‍ച്ച് 17 ന് അയര്‍ലണ്ടിലെങ്ങും സെന്റ് പാട്രിക് ദിന ആഘോഷങ്ങള്‍ നടക്കുന്നത്. .പാമ്പില്‍ നിന്നും ,തിന്മയുടെ ശക്തിയില്‍ നിന്നും തങ്ങളെ വീണ്ടെടുത്ത സെന്റ് പാട്രിക്കിന്റെ വീര കഥകള്‍ പാടി ജനങ്ങള്‍ ഈ ദിവസം കൊണ്ടാടും.

ഡികെ

Share this news

Leave a Reply

%d bloggers like this: