അയര്‍ലണ്ടില്‍ നിന്നും ഇന്ത്യയിലേയ്ക്ക് നേരിട്ട് വിമാനം: വിദേശ കാര്യ മന്ത്രി ഇടപെടുന്നു

അയര്‍ലന്റിലെ ഇന്ത്യന്‍ സമൂഹത്തിന് ആശ്വാസകരമായ ഇന്ത്യ-അയര്‍ലണ്ട് വിമാന റൂട്ടിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഐറിഷ് വിദേശകാര്യ മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നു. ഇതോടെ അയര്‍ലണ്ടില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിന്റെ നടപടി ക്രമങ്ങള്‍ ത്വരിത ഗതിയിലാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇരു രാജ്യങ്ങളിലേയ്ക്കും നേരിട്ട് വിമാനസര്‍വീസ് ആരംഭിക്കുമെന്ന് 2015ല്‍ അയര്‍ലണ്ട് സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഐറിഷ് പ്രധാനമന്ത്രി എന്‍ഡാ കെന്നിയും സംയുക്ത പ്രസ്താവന നടത്തിയിരുന്നു. ഇതുകൂടാതെ അയര്‍ലണ്ടില്‍ എയര്‍ ഇന്ത്യ ഹബ്ബിനെകുറിച്ചുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്.

അയര്‍ലണ്ടില്‍ നിന്ന് ഏഷ്യ പസഫിക് രാജ്യങ്ങളിലേക്കുള്ള ഏവിയേഷന്‍ മാര്‍ഗങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുമായി വ്യോമയാന മേഖലയില്‍ കൈകോര്‍ക്കുന്നത്. അയര്‍ലണ്ടില്‍ ഇപ്പോഴുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സമൂഹം എന്ന നിലയില്‍ ബാംഗ്ലൂരിലേക്കോ കൊച്ചിയിലേക്കോ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള സാദ്ധ്യതകള്‍ ഏറെയാണ്. ഇരു രാജ്യങ്ങളുടെയും ടൂറിസം വളര്‍ച്ചയ്ക്ക് പുതിയ വിമാന റൂട്ടുകള്‍ കുതിപ്പേകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതായും വിദേശകാര്യമന്ത്രി സൈമണ്‍ കോവ്നിയുടെ ഓഫീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

നിലവില്‍ ഫ്രാങ്ക്ഫട്ടില്‍ നിന്ന് കണക്ഷന്‍ ഫ്‌ലൈറ്റ് വഴി ജര്‍മന്‍ വിമാന കമ്പനിയായ ലുഫ്താന്‍സയാണ് നേട്ടം കൊയ്യുന്നത്. പുതിയ വിമാന റൂട്ട് യാഥാര്‍ഥ്യം ആയാല്‍ ഗള്‍ഫ് വിമാന കമ്പനികളുടെ കുത്തക തകരുമെന്നതും യാഥാര്‍ഥ്യമാണ്. ഏറ്റവും മോശമായി ഇന്ത്യന്‍ യാത്രക്കാരോട് പെരുമാറുന്നു എന്ന് ആരോപണം നേരിടുന്ന വിമാന സര്‍വീസുകള്‍ക്ക് താക്കീതാകും പുതിയ നീക്കം.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: