അയര്‍ലണ്ടില്‍ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള പൊതു ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി ലഭിച്ചേക്കും

ഡബ്ലിന്‍: അയര്‍ലണ്ടില്‍ തൊഴിലെടുക്കുന്ന സ്ത്രീ ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി വേണമെന്ന ആവശ്യം ശക്തയാകുന്നു. അയര്‍ലണ്ടില്‍ പൊതു ജീവനക്കാരുടെ ഏറ്റവും വലിയ സംഘടനയായ ഫോര്‍സയുടെ കോണ്‍ഫെറെന്‍സിലാണ് ഇത്തരമൊരു ആവശ്യം ഉയര്‍ന്നു വന്നത്. ആര്‍ത്തവ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് മൂന്ന് ദിവസം വരെ അവധി നല്‍കണമെന്ന ആവശ്യമാണ് കോണ്‍ഫറന്‍സിനിടെ ചര്‍ച്ചചെയ്യപ്പെട്ടത്. ചില സ്വകാര്യ സ്ഥാപനങ്ങള്‍ പോലും ആര്‍ത്തവ അവധികള്‍ അനുവദിക്കുബോള്‍ പൊതുമേഖലയില്‍ ഇത് ചര്‍ച്ചചെയ്യപെടാതിരിക്കുന്നത് സ്ത്രീ ജീവനക്കാര്‍ക്കു നേരെയുള്ള അവഗണന ആണെന്നും സംഘടന ആരോപിക്കുന്നു.

യൂറോപ്പ്യന്‍ യൂണിയനില്‍ ആദ്യമായി ആര്‍ത്തവ അവധി അനുവദിച്ച രാജ്യം ഇറ്റലിയാണ്. യൂണിയന്‍ രാജ്യങ്ങളിലെ സ്ത്രീ ജീവനക്കാര്‍ക്ക് മെന്‍സ്റ്ററല്‍ ലീവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫോര്‍സ യൂറോപ്യന്‍ യൂണിയനേയും സമീപിക്കും. യു.കെയിലെ കമ്യൂണിറ്റി ഇന്ററസ്റ്റ് കമ്പിനിയായ ബ്രിസ്റ്റോള്‍ ആണ് വേതനം അനുവദിച്ചുകൊണ്ടുള്ള മെന്‍സ്റ്ററല്‍ ലീവ് പ്രഖ്യാപിച്ച ആദ്യ കമ്പനി. ഇവിടെ 24 ജീവനക്കാരില്‍ 17 പേരും സ്ത്രീകളായതിനാല്‍ ഈ നടപടി വളരെ വേഗത്തില്‍ നടപ്പാക്കുകയായിരുന്നു.

2007 മുതല്‍ നൈക് എന്ന കമ്പനിയും സ്ത്രീ ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ചു വരുന്നുണ്ട്. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം കള്‍ച്ചര്‍ മെഷീന്‍ എന്ന മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം സ്ത്രീ ജീവനക്കാരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആര്‍ത്തവ അവധി അനുവദിച്ചത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. രാജ്യത്തെ മറ്റു സ്വകാര്യ സ്ഥാപനങ്ങളും സ്ത്രീകള്‍ക്ക് ഇത്തരത്തിലുള്ള അവധി അനുവദിക്കണമെന്ന ആവശ്യപ്പെട്ട് കള്‍ച്ചര്‍ മെഷീന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. മറ്റൊരു ഡിജിറ്റല്‍ മാര്‍ട്ടിങ് കമ്പനിയായ ഗോസോപ്പും മെന്‍സ്റ്റ്‌റ്ല്‍ ലീവ് അനുവദിക്കുന്നുണ്ട്.

ഇന്ത്യയെ കൂടാതെ ചൈനയിലെ ഒട്ടുമിക്ക സ്ഥാപനങ്ങളും സ്ത്രീ ജീവനക്കാര്‍ക്ക് ഇത്തരമൊരു അവധി നല്‍കുന്നുണ്ട്. അയര്‍ലണ്ടില്‍ വിവിധ സംഘടനകള്‍ നടത്തിയ സര്‍വേ അനുസരിച്ച് 50 ശതമാനത്തോളം സ്ത്രീകളും ആര്‍ത്തവ സംബദ്ധമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നവരാണെന്ന് ഫോര്‍സ ചൂണ്ടിക്കാട്ടുന്നു. ജോലിയുടെ സ്വഭാവം അനുസരിച്ച് സ്ത്രീകള്‍ക്ക് 3 ദിവസം വരെ ഈ അവധി വേണമെന്നാണ് തൊഴില്‍ സംഘടന മുന്നോട്ട് വെയ്ക്കുന്നത്. ശാരീരിക ബുദ്ധിമുട്ട് എന്നതിലുപരി സ്ത്രീകള്‍ മാനസികമായും സമ്മര്‍ദ്ദം നേരിടുന്ന സമയമാണ് ആര്‍ത്തവകാലമെന്ന് ആരോഗ്യ വിദഗ്ദ്ധരും വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മെന്‍സ്റ്റ്‌റ്ല്‍ അവധി എന്ന ആശയം മന്ത്രിസഭയുടെ സജീവ പരിഗണനക്ക് വിടാനാണ് തൊഴില്‍ സംഘടനയുടെ തീരുമാനം.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: