അയര്‍ലണ്ടില്‍ താണ്ഡവമാടി ക്യല്ലം കൊടുങ്കാറ്റ്; ആയിരകണക്കിന് വീടുകളില്‍ വൈദ്യുതി ഇല്ല; സ്‌കൂളുകള്‍ ഇന്ന് അടഞ്ഞ് കിടക്കും

ഡബ്ലിന്‍: ക്യല്ലം കൊടുങ്കാറ്റ് ഇന്നലെ രാത്രി മുഴുവനും അയര്‍ലണ്ടില്‍ ആഞ്ഞടിച്ചതിനെ തുടര്‍ന്ന് വൈദ്യുത ബന്ധം തകരാറിലായതുള്‍പ്പെടെ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. കനത്ത മഴയും ശക്തമായ കാറ്റുമാണ് കഴിഞ്ഞ മണിക്കൂറുകളില്‍ രാജ്യമൊട്ടാകെ റിപ്പോട്ട് ചെയ്തിട്ടുള്ളത്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ കാര്യങ്ങള്‍
കൂടുതല്‍ വഷളാക്കി. ആയിരക്കണക്കിന് വീടുകളിലും ബിസിനസ്സ് സ്ഥാപനങ്ങളിലും ഇപ്പോഴും വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല. 110 കി.മി വേഗതയില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണതും വൈദുതി ലൈനുകള്‍ തകരാറിലായതുമാണ് പരക്കെ വൈദുതിബന്ധം വിച്ഛേദിക്കപ്പെടാന്‍ കാരണമായത്. അറ്റകുറ്റപണികള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും ESB അധികൃതര്‍ വ്യക്തമാക്കി.

കില്‍കെന്നി, മായോ, വെക്‌സ്‌ഫോര്‍ഡ്, കില്‍ഡെയര്‍, ഡൊണഗല്‍, കോര്‍ക്ക്, കെറി, ലിമെറിക്ക്, ഗാല്‍വേ എന്നിവിടങ്ങളിലാണ് വൈദ്യുതി തടസം നേരിടുന്നത്. ഡബ്ലിനില്‍ റെയില്‍വേ ലൈന്‍ തകരാറിയതിനെ തുടര്‍ന്ന് ചില സര്‍വീസുകള്‍ക്ക് തടസ്സം നേരിട്ടു. ഡബ്ലിനില്‍ നിന്നും യുകെയിലേക്കും, യൂറോപ്പിലേക്കുമുള്ള ചില സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ലിംഗസ് അറിയിച്ചു. ഫെറി സര്‍വീസുകളെയും കൊടുങ്കാറ്റ് ബാധിച്ചിട്ടുണ്ട്. ദേശീയ അടിയന്തര കോ-ഓര്‍ഡിനേഷന്‍ ഗ്രൂപ്പ് ഇന്ന് രാവിലെ അടിയന്തിര യോഗം ചേരുന്നുണ്ട്. പടിഞ്ഞാറന്‍ കൗണ്ടികളോടൊപ്പം കേറി, കോര്‍ക്ക് എന്നിവിടങ്ങളിലാണ് കൊടുങ്കാറ്റ് ഏറ്റവുമധികം ബാധിച്ചത്.

കാലാവസ്ഥ രൂക്ഷമായ സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കഴിയുന്നതും വീടിനു പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. വൈദ്യുതി കമ്പികള്‍ പൊട്ടിവീണ് വൈദ്യുതിബന്ധം വിച്ഛേദിക്കാനിടയുണ്ട്. കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്ലഗില്‍ കുത്തിയിടരുത്. വീണുകിടക്കുന്ന വൈദ്യുതി കമ്പികളോ, വൈദ്യുതി ലൈനുകളില്‍ മരങ്ങളോ ശാഖകളോ ഒടിഞ്ഞ് കിടക്കുന്നതായി നിങ്ങള്‍ കാണുകയാണെങ്കില്‍ സമീപത്തേക്ക് പോകാതെ ഉടന്‍തന്നെ ESB Networks അധികൃതരെ 1850 372 999 ല്‍ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

രാജ്യത്തെ തീരദേശ കൗണ്ടികളിലെല്ലാം പ്രഖ്യാപിച്ച ഓറഞ്ച് ഇന്ന് വൈകുന്നേരം വരെ തുടരും. 110 മുതല്‍ 130 km/h വേഗതയില്‍ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനെ തുടര്‍ന്ന് കോര്‍ക്ക്, കെറി, ഡോനിഗല്‍, ഗാല്‍വേ, മായോ, സ്ലിഗൊ, ക്ലയര്‍, ഡബ്ലിന്‍, ലൗത്, വെക്സ്‌ഫോര്‍ഡ്, വിക്കലോ, മീത്, വാട്ടര്‍ഫോര്‍ഡ് എന്നിങ്ങനെ മൊത്തം 13 കൗണ്ടികളിലാണ് ഓറഞ്ച് വാണിങ് നല്‍കിയിരിക്കുന്നത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ മെറ്റ് ഐറാന്‍ പുറപ്പെടുവിച്ച യെല്ലോ വാണിങ്ങുകളും തുടരും. ഓറഞ്ച് വാണിങ് പ്രഖ്യാപിച്ച മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് ഉണ്ടായാല്‍ അടച്ചിടാമെന്നും എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ടമെന്റ് അറിയിച്ചു.

അറ്റ്‌ലാന്റിക്കില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് കൊടുങ്കാറ്റായി രൂപം മാറിയത്. ശക്തമായി ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനൊപ്പം മഴയും, കടല്‍ക്ഷോപവും ചേര്‍ന്നതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളായത്. കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. പേമാരിയില്‍ റോഡ് ഗതാഗതം പലതും താറുമാറായി. മോട്ടോര്‍ വാഹന യാത്രക്കാര്‍ റോഡുകളില്‍ ജാഗ്രത പാലിക്കാന്‍ റോഡ് സേഫ്റ്റി അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റോഡ് ഉപയോക്താക്കള്‍ യാത്ര തുടങ്ങുന്നതിന് മുന്‍പായി പ്രാദേശിക, ദേശീയ കാലാവസ്ഥ മുന്നറിയിപ്പുകള്‍ പരിശോധിക്കുന്നതിനും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. ഇന്ന് പകലും രാത്രിയുമായി കൊടുങ്കാറ്റ് വീണ്ടും ആഞ്ഞടിക്കാനുള്ള സാധ്യതയുണ്ട്. കനത്ത മഴ, വെള്ളപൊക്കം, മരങ്ങള്‍ ഒടിഞ്ഞുവീഴുക, കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം, വൈദ്യുതി തടസ്സം, തുടങ്ങിയവയ്ക്കും സാധ്യയുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ ഓര്‍മിപ്പിക്കുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: