അയര്‍ലണ്ടില്‍ കനത്ത നാശം വിതച്ച് അലി കൊടുങ്കാറ്റ്; 67,000 ഉപഭോക്താക്കള്‍ക്ക് ഇപ്പോഴും വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല; മരങ്ങള്‍ ഒടിഞ്ഞ് വീണ് ഗതാഗത തടസ്സവും

ഡബ്ലിന്‍: അലി കൊടുങ്കാറ്റ് അയര്‍ലണ്ടില്‍ ആഞ്ഞടിച്ചതിനെ തുടര്‍ന്ന് എങ്ങും കനത്ത നാശനഷ്ടങ്ങളാണ് റിപ്പോട്ട് ചെയ്തിട്ടുള്ളത്. ഗാല്‍വേയില്‍ അലി കൊടുങ്കാറ്റ് ഒരു സ്ത്രീയുടെ ജീവന്‍ കവര്‍ന്നു. സ്വിസ് സ്വദേശിയായ എല്‍വിറ ഫെറായ്(50) എന്ന യുവതിയാണ് താന്‍ വിശ്രമിച്ചിരുന്ന കാരവാനോടൊപ്പം ശക്തമായ കാറ്റില്‍ അപകടത്തില്‍പെട്ട് മരണമടഞ്ഞത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും മരം ഒടിഞ്ഞ് വീണ് ഇരുപത് വയസുള്ള ഒരു യുവാവിന്റെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അയര്‍ലന്റിലെങ്ങും കനത്ത നാശനഷ്ടങ്ങളും വൈദ്യുതി തടസവും ഉണ്ടായി. ഒപ്പം 186,000 ഭവനങ്ങളില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. ഗതാഗത തടസ്സങ്ങള്‍ ഉണ്ടാവുകയും പല വിമാനങ്ങളും റദ്ദാക്കപ്പെടുകയും ചെയ്തു.

ഇന്ന് പകലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മെറ്റ് ഐറാന്‍ യെല്ലോ വാണിങ് പുറപ്പെടുവിച്ചിട്ടുണ്ട്. കാര്‍ലോ, കില്‍കെന്നി, വെക്‌സ്ഫോര്‍ഡ്, വിക്കലോ, കോര്‍ക്ക്, ടിപ്പററി, വാട്ടര്‍ഫോര്‍ഡ് എന്നീ കൗണ്ടികളിലാണ് ഇന്ന് രാവിലെ ഒന്‍പത് മണി മുതല്‍ രാത്രി ഒന്‍പത് വരെ യെല്ലോ വാണിങ് നല്‍കിയിരിക്കുന്നത്. അലി കൊടുങ്കാറ്റ് യുകെയിലേക്ക് നീങ്ങുകയാണെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍. ബ്രിട്ടന്റെ ഭാഗമായ വടക്കന്‍ അയര്‍ലന്‍ഡും വെയില്‍സും തെക്കുപടിഞ്ഞാറന്‍ സ്‌കോട്ലന്‍ഡും കൊടുങ്കാറ്റ് ഭീഷണിയിലാണ്.

അലി കൊടുങ്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് വിമാനസര്‍വീസുകളിലും റോഡ് ഗതാഗതത്തിലും വ്യാപകമായ പ്രതിസന്ധികളും തടസങ്ങളുമാണുണ്ടായിരിക്കുന്നത്. ഡബ്ലിനില്‍ വിമാനങ്ങള്‍ താഴ്ന്നത് ഭയാനകമായ രീതിയിലാണെന്നാണ് റിപ്പോര്‍ട്ട്. ഈ അവസരത്തില്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ബ്രസല്‍സില്‍ നിന്നുള്ള ഒരു വിമാനം ഇറങ്ങുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഡബ്ലിനില്‍ നിന്നുള്ള എഴുപത്തഞ്ചോളം വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും 10 വിമാനങ്ങള്‍ വഴിതിരിച്ചു വിടുകയും ചെയ്തു.

https://twitter.com/duffman120/status/1042359076812926978

പല കെട്ടിടങ്ങളുടെയും മേല്‍ക്കൂരകള്‍ കാറ്റില്‍ പറന്നു പോയി. നിരവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഹൈവേകളില്‍ ഗതാഗത കുരുക്കും അപകടങ്ങളും ഉണ്ടായി. മോട്ടോര്‍വേകളില്‍ ഗതാഗത കുരുക്ക് പലയിടത്തും രൂക്ഷമായി തുടരുന്നുമുണ്ട്. പല റോഡുകളിലും സ്പീഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡബ്ലിനില്‍ ലുവാസ് സേവനങ്ങള്‍ നിര്‍ത്തിവച്ചു. ലുവാസ് ടിക്കറ്റ് ഉപയോഗിച്ച് ഡബ്ലിന്‍ ബസില്‍ യാത്ര ചെയ്യാന്‍ കഴിയുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഗാല്‍വേ സിറ്റി സര്‍വീസുകള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവയ്ക്കുകയാന്നെന്ന് ബസ് ഐറാന്‍ അറിയിച്ചു.

ആയിരക്കണക്കിനു വീടുകളിലേയ്ക്കുള്ള വൈദ്യുതി വിതരണം തടസപ്പെട്ടു. കനത്ത ചുഴലിക്കാറ്റിലും പേമാരിയിലും വൈദ്യുതി നഷ്ടപെട്ട വീടുകളില്‍ പലയിടങ്ങളിലും പവര്‍ പുനഃസ്ഥാപിച്ചുവെന്ന് ESB നെറ്റ്വര്‍ക്ക് വ്യക്തമാക്കി. 119000 പേര്‍ക്ക് പവര്‍ തിരിച്ചെത്തിച്ചതായി ESB വ്യക്തമാക്കി. 67000 ഉപഭോക്താക്കള്‍ ഇപ്പോഴും ഇരുട്ടിലാണ്. ഈ പ്രദേശങ്ങളില്‍ അറ്റകുറ്റപ്പണികള്‍ക്ക് കാലതാമസം നേരിടുമെന്നും അധികൃതര്‍ വ്യക്തമാക്കി. വൈദ്യുതി പുനഃസ്ഥാപിക്കാന്‍ ചില സ്ഥലങ്ങളില്‍ മൂന്ന് ദിവസം വരെ എടുത്തേക്കാമെന്നും ESB വ്യക്തമാക്കി. കാവന്‍, സ്ലിഗൊ, ലെയ്ട്രിം, ഡോനെഗല്‍, കാസ്റ്റില്‍ബാര്‍, ഗാള്‍വേ, പോര്‍ട്‌ലാഓയിസ്, ഡണ്‍ടാല്‍ക്, മുള്ളിന്‍ഗര്‍, നോര്‍ത്ത് കൗണ്ടി ഡബ്ലിന്‍. എന്നിവിടങ്ങളിലാണ് കൂടുതല്‍ വൈദ്യുതി തകരാറുകള്‍ സംഭവിച്ചിട്ടുള്ളത്.

തകര്‍ന്ന മരങ്ങള്‍ക്കും അവശിഷ്ടങ്ങള്‍ക്കും തടസ്സം സൃഷ്ടിക്കുന്നതിനാല്‍ വൈദ്യുത ലൈനുകളില്‍ അറ്റകുറ്റപണികള്‍ നടത്താന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. പൊട്ടിവീണ പവര്‍ ലൈനുകള്‍ തൊടരുതെന്നും 1850 372 999 അല്ലെങ്കില്‍ +353 21 2382410 എന്ന നമ്പറിലേക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും കമ്പനി ജനങ്ങളോട് അറിയിച്ചു. അപ്ഡേറ്റുകള്‍ക്കായി ഉപഭോക്താക്കള്‍ക്ക് PowerCheck പരിശോധിക്കാം.

എ എം

Share this news

Leave a Reply

%d bloggers like this: