അയര്‍ലണ്ടില്‍ ഇന്ന് രാത്രി പഴ്‌സീഡ് ഉല്‍ക്കമഴ; കാണാം നഗ്‌നനേത്രങ്ങള്‍കൊണ്ട്

ഡബ്ലിന്‍: എല്ലാ വര്‍ഷവും ആകാശത്ത് സംഭവിക്കുന്ന ഒരദ്ഭുതം. ഇത്തവണയും അതെത്തുന്നുണ്ട്, കൃത്യമായി ഓഗസ്റ്റ് 12-നു തന്നെ. ഈ വര്‍ഷത്തെ പഴ്സീയസ് (Perseid meteor shower) ഉല്‍ക്കാവര്‍ഷമാണ് അയര്‍ലണ്ടിന്റെ മാനത്ത് ഇന്ന് രാത്രി ദൃശ്യവിരുന്നൊരുക്കുന്നത്. വാനനിരീക്ഷകര്‍ പറയുന്നത് ഇത്തവണ അയര്‍ലണ്ടിനെ കാത്തിരിക്കുന്നത് അത്യുഗ്രനൊരു കാഴ്ചയെന്നാണ്. മണിക്കൂറില്‍ ഇരുനൂറോളം ഉല്‍ക്കകള്‍ ആകാശത്തു പായുന്ന അപൂര്‍വ കാഴ്ച. സാധാരണയെക്കാള്‍ 20 മടങ്ങ് കൂടുതലായിരിക്കും ഇത്തവണത്തെ ഉല്‍ക്കാവര്‍ഷം.

പക്ഷേ ഓരോ പ്രദേശത്തിന്റെ പ്രത്യേകതയനുസരിച്ച് മണിക്കൂറില്‍ 60 മുതല്‍ 200 ഉല്‍ക്കകള്‍ വരെയായിരിക്കും മാനത്ത് മിന്നിമറയുക. നാസയുടെ കണക്കുകൂട്ടല്‍ പ്രകാരം ഏറ്റവും നന്നായി ഉല്‍ക്കാവര്‍ഷം കാണാവുന്നയിടങ്ങളിലൊന്ന് അയര്‍ലന്റാണ്. ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ നേരം പുലരും വരെ ഇത് കാണാനാകും. കൃത്രിമവെളിച്ചങ്ങള്‍ കാഴ്ചയെ തടസ്സപ്പെടുത്താത്ത വിധം കൊടും ഇരുട്ടുള്ളയിടങ്ങളില്‍ ഇപ്പോള്‍ത്തന്നെ പഴ്സീയസ് ഉല്‍ക്കമഴ കാണാന്‍ വാനനിരീക്ഷകര്‍ ഇടം ബുക്ക് ചെയ്തു കഴിഞ്ഞു.

2016-ലാണ് ഇതിനു മുന്‍പ് വന്‍തോതിലുള്ള ഉല്‍ക്കമഴയുണ്ടായത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പക്ഷേ മേഘാവൃതമായ അന്തരീക്ഷം കാരണം കൃത്യമായി ‘പഴ്സീയസ് ഷോ’ കാണാനായില്ല. മഴ പെയ്യുന്നതിനെപ്പറ്റി പ്രവചനം നടത്തുന്നതു പോലെ ഗ്രഹങ്ങളുടെ ഗുരുത്വാകര്‍ഷണബലം ഉള്‍പ്പെടെ പരിശോധിച്ച് ഉല്‍ക്കാവര്‍ഷം എത്രമാത്രമുണ്ടാകുമെന്ന് പ്രവചിക്കുന്ന രീതിയിലൂടെ വിശകലനം ചെയ്താണ് നാസ ഇത്തവണത്തെ ഉഗ്രന്‍ കാഴ്ചയെപ്പറ്റി അറിയിപ്പു നല്‍കിയത്. ഓരോ 133 വര്‍ഷം കൂടുമ്പോഴും സൗരയൂഥത്തിലൂടെ സൂര്യനെ ചുറ്റി സ്വിഫ്റ്റ് ടട്ട്ല്‍ എന്ന ഭീമന്‍ വാല്‍നക്ഷത്രം കടന്നു പോകാറുണ്ട്. ആ സമയം അതില്‍ നിന്നു തെറിച്ചു പോകുന്ന മഞ്ഞും പൊടിപടലങ്ങളുമെല്ലാം സൗരയൂഥത്തില്‍ത്തന്നെ തങ്ങി നില്‍ക്കും. വര്‍ഷത്തിലൊരിക്കല്‍ ഭൂമിയുടെ അന്തരീക്ഷം ഈ അവശിഷ്ടങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുമ്പോഴാണ് പഴ്സീയസ് ഉല്‍ക്കാവര്‍ഷം ഉണ്ടാകുന്നത്.

ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്വിഫ്റ്റ് ടട്ട്ലില്‍ നിന്നു തെറിച്ചു പോയ പൊടിപടലങ്ങളും മഞ്ഞിന്‍കട്ടകളുമൊക്കെയാണ് ഇത്തരത്തില്‍ ഇത്തവണ ഭൗമാന്തരീക്ഷത്തിലേക്കു കടക്കുന്നത്. അന്തരീക്ഷവുമായി സമ്പര്‍ക്കമുണ്ടാകുന്നതോടെ കത്തിജ്വലിക്കുന്ന ആ വസ്തുക്കളാണ് ഉല്‍ക്കാവര്‍ഷമായി നാം കാണുന്നത്. സെക്കന്‍ഡില്‍ 60.കി.മീ. വേഗത്തിലാണ് ഉല്‍ക്കകളുടെ വരവ്. വാനില്‍ പഴ്സീയസ് എന്ന നക്ഷത്രസമൂഹം നിലനില്‍ക്കുന്ന സ്ഥാനത്തു നിന്ന് വരുന്നതിനാലാണ് അതിന്റെ പേരില്‍ത്തന്റെ ഉല്‍ക്കാവര്‍ഷം അറിയപ്പെടുന്നത്

അയര്‍ലണ്ടില്‍ നിന്ന് ഉല്‍ക്കമഴ നഗ്‌നനേത്രങ്ങള്‍ കൊണ്ടു നന്നായി കാണാമെന്നതാണ് ഇത്തവണത്തെ പ്രത്യേകത. കൂടുതല്‍ ഉല്‍ക്കമഴ കാണാന്‍ വടക്കുകിഴക്കന്‍ ദിശയിലേക്ക് നോക്കുന്നതാണ് നല്ലത്. കൃത്രിമവെളിച്ചങ്ങള്‍ കാഴ്ചയെ തടസ്സപ്പെടുത്താത്ത, കനത്ത ഇരുട്ടുള്ളയിടങ്ങളില്‍ നിന്നാല്‍ വ്യക്തമായി ഈ അപൂര്‍വ്വ ദൃശ്യം കാണാന്‍ കഴിയും. നാസയുടെ www.ustream.tv/channel/nasa-msfc എന്ന വെബ്‌സൈറ്റില്‍ ഇന്ന് രാത്രി മുതല്‍ ഉല്‍ക്കമഴയുടെ ലൈവ് സ്ട്രീമിങ് കാണാന്‍ കഴിയും.

 

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: