അയര്‍ലണ്ടില്‍ അടുത്ത വര്‍ഷം മുതല്‍ കഞ്ചാവ് ഔഷധ പട്ടികയില്‍; 2 വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച പദ്ധതി വൈകുന്നതിനെതിരെ വന്‍ പ്രതിഷേധം

ഡബ്ലിന്‍: അടുത്ത വര്‍ഷം മുതല്‍ അയര്‍ലണ്ടില്‍ കഞ്ചാവ് ഔഷധമായി ഉപയോഗിക്കാന്‍ കഴിയുന്ന നിയമം പ്രാബല്യത്തില്‍ വന്നേക്കുമെന്ന് സൂചന. കഞ്ചാവ് ഔഷധമാക്കുന്നതുമായി ബന്ധപ്പെട്ട സഹായം ലഭ്യമാക്കുന്നതിന് എച്ച്.എസ്.ഇ അംഗങ്ങള്‍ ഡെന്മാര്‍ക്ക് സന്ദര്‍ശനം നടത്തിയിരുന്നു. ഗുണമേന്മയുള്ള ഉത്പന്നം അയര്‍ലണ്ടില്‍ എത്തിക്കാനുള്ള അന്വേഷണങ്ങള്‍ തുടരുന്നതിനാല്‍ പദ്ധതി വൈകുകയായിരുന്നു എന്ന് ആരോഗ്യവകുപ്പ് പ്രതികരിച്ചു.

കടുത്ത അവസ്മാര രോഗികള്‍ക്ക് ആശ്വാസം നല്‍കുന്ന കഞ്ചാവ് അടങ്ങിയ ഔഷധം നിയമ വിധേയമാക്കുന്നതില്‍ ആരോഗ്യമന്ത്രി ബഹുദൂരം പിന്നിലാണെന്ന് ഫിയാന ഫോള്‍ നേതാവ് മൈക്കിള്‍ മാര്‍ട്ടിന്‍ ആരോപണം ഉയര്‍ത്തി. അയര്‍ലണ്ടില്‍ ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്വാസമാകാവുന്ന നിയമമാണ് ഇതെന്നും മാര്‍ട്ടിന്‍ കൂട്ടിച്ചേര്‍ത്തു. പൊതുജന ആരോഗ്യം സംരക്ഷിക്കുന്നതില്‍ ആരോഗ്യവകുപ്പ് യാതൊരു പരിഗണനയും നല്കുന്നില്ലെന്ന ആരോപണം ഇതോടെ ശക്തമാവുകയാണ്.

ഔഷധമായി ഉപയോഗിക്കാവുന്ന കഞ്ചാവ് ഡെന്മാര്‍ക്കില്‍ നിന്നും ഇറക്കുമതി ചെയ്യാനാണ് ഐറിഷ് സര്‍ക്കാര്‍ ആദ്യ പരിഗണന നല്‍കുന്നത്. ഇത് നിയമവിധേയമാവുന്നതോടെ അവസ്മാര രോഗത്തിന് പുറമെ മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, കീമോതെറാപ്പി തുടങ്ങിയ ചികിത്സാ രംഗത്തും കഞ്ചാവ് ഫലപ്രദമായി ഉപയോഗിക്കാനാവും. മറ്റു മരുന്നുകളോട് പ്രതികരിക്കാത്ത അവസ്മാര രോഗികള്‍ക്ക് ഏക ആശ്രയവും കഞ്ചാവ് തന്നെയാണ്. അയര്‍ലണ്ടില്‍ ഈ ചികിത്സ ലഭ്യമല്ലാത്തതിനാല്‍ വിദേശരാജ്യങ്ങളിലാണ് പലരും ചികിത്സ തേടിയിരുന്നത്.

അയര്‍ലണ്ടില്‍ സി.ബി.ഡി, ടി.എച്ച്.സി ഇനത്തില്‍പ്പെട്ട കഞ്ചാവ് ഔഷധങ്ങള്‍ ആയിരിക്കും നിയമവിധേയമാക്കുക. നെതെര്‍ലാന്‍ഡ്സ്, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ കഞ്ചാവ് അടുത്തിടെ നിയമവിധേയമാക്കിയിരുന്നു. കഞ്ചാവ് നിയമവിധേയമാക്കുന്നതിലൂടെ അയര്‍ലണ്ടില്‍ ദുരുപയോഗം കൂടുമോ എന്ന ആശങ്കയിലാണ് ഐറിഷ് സര്‍ക്കാരിന് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തടസ്സം സൃഷ്ടിച്ചത്. ദുരുപയോഗം തടഞ്ഞ് ഈ ലഹരി വസ്തു ഔഷധം മാത്രമായി ഉപയോഗിക്കാന്‍ കഴിയുന്ന നിയമ നിര്‍മ്മാണം നടത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

2 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ 5 വയസ്സുകാരിയായ കുട്ടിക്ക് ഗുരുതരമായ അവസ്മാരം പിടിപെട്ടതിനെ തുടര്‍ന്ന് വേര ടോമി നടത്തിയ പ്രതിഷേധമാണ് ഇന്ന് അയര്‍ലണ്ടില്‍ കഞ്ചാവ് ഔഷധപട്ടികയില്‍ ഇടംപിടിക്കാന്‍ കാരണമായത്. കഞ്ചാവ് ഔഷധമായി ഉപയോഗിക്കാന്‍ അനുമതിതേടി ഇവര്‍ ആരോഗ്യമന്ത്രിയെ നേരിട്ട് കണ്ട് ഉറപ്പ് വാങ്ങിയിരുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: