അയര്‍ലണ്ടിലേക്ക് വരാനൊരുങ്ങുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് ഊഷ്മളമായ വരവേല്‍പ് നല്‍കും: ഐ.ഡി.എ അയര്‍ലന്‍ഡ്

രാജ്യത്ത് നിക്ഷേപം നടത്താന്‍ താത്പര്യമുള്ള ഇന്ത്യന്‍ കമ്പനികളെ നേരിട്ട് സ്വാഗതം ചെയ്ത് ഐ.ഡി.എ അയര്‍ലന്‍ഡ് സി.ഇ.ഓ മാര്‍ട്ടിന്‍ ഡി.ഷാനഗാന്‍. കഴിഞ്ഞ മാസം ഇദ്ദേഹം മുംബൈ, ഡല്‍ഹി, ബംഗളൂരു എന്നീ നഗരങ്ങളിലെത്തി വന്‍ ബിസിനസ്സ് ഗ്രൂപ്പുകളുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെട്ട് അയര്‍ലണ്ടിലെ സാധ്യതകളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുകയുണ്ടായിരുന്നു. ബംഗളൂരുവിലെ ബയോസ്പെക്ട്രം എന്ന ബയോ ടെക്നോളജി ബിസിനസ്സ് ഗ്രൂപ് അയര്‍ലണ്ടിലെത്താന്‍ സമ്മതം അറിയിച്ചപ്പോള്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു മാര്‍ട്ടിന്റെ മറുപടി.

യൂറോ സോണ്‍ സാമ്പത്തിക മേഖലക്ക് വര്‍ഷത്തില്‍ 57 ബില്യണ്‍ യൂറോ സംഭാവന നല്‍കുന്ന ഫാര്‍മ-ബയോ-ടെക്നോളജി ലൈഫ് സയന്‍സ് പഠന ഗവേഷണങ്ങള്‍ക്ക് വീണ്ടും കരുത്ത് പകരാനൊരുങ്ങുകയാണ് അയര്‍ലന്‍ഡ്. രാജ്യത്തെ കഴിഞ്ഞ 3 വര്‍ഷത്തിനിടക്ക് 10 കമ്പനികള്‍ ഏകദേശം 12 ബില്യണ്‍ യൂറോ നിക്ഷേപം നടത്തിയ മേഖലയാണ് ഔഷധ നിര്‍മ്മാണ രംഗം. ഈ രംഗത്ത് 60 ,000 പേര്‍ നിലവില്‍ അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. യൂറോപ്പിലെ പത്ത് വമ്പന്‍ കമ്പനികളില്‍ 9 എണ്ണവും സ്ഥിതിചെയ്യുന്നത് അയര്‍ലണ്ടില്‍ തന്നെ എന്നത് അയര്‍ലണ്ടില്‍ നിക്ഷേപം നടത്താന്‍ വിദേശ രാജ്യങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നുണ്ട്.

കോര്‍പ്പറേറ്റ് ടാക്‌സ് 12 .5 ശതമാനം നിലനില്‍ക്കുന്ന അയര്‍ലണ്ടില്‍ ഗവേഷണ-പരിശീലനത്തില്‍ ഏര്‍പ്പെടുന്ന ബിസിനസ്സ് ഗ്രൂപ്പുകള്‍ക്ക് 25 ശതമാനം വരെ നികുതി കുറയും. അതിനു സെന്റര്‍ ഓഫ് എക്‌സലന്‍സ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്‌ന്റെ യോഗ്യത നേടിയെടുക്കേണ്ടതുണ്ട്. ജി.എസ്.കെ, ഫിസര്‍, എഫ്.ഡി.എ, റിലൈന്‍സ് ലൈഫ് സയന്‍സ് എന്നീ ഇന്ത്യന്‍ ബയോ-മെഡിക്കല്‍ കമ്പനികള്‍ക്ക് ഈ അംഗീകാരം ലഭിച്ചിട്ടുണ്ട്. അടുത്ത കാലത്ത് ജി.ഇ ഹെല്‍ത്ത് കെയര്‍, ഷൈര്‍, ഗ്രിഫോള്‍ഡ്, അലക്‌സിക്കന്‍, ലില്ലി തുടങ്ങിയ വന്‍കിട കമ്പനികളും ബയോ-ടെക്നോളജി രംഗത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നും എത്തിയ പ്രമുഖ കമ്പനികളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്നത് സഹജാനന്ദ് മെഡിക്കല്‍ ടെക്നോളജീസ് എന്ന സ്ഥാപനമാണ്. ഹൃദയ ശസ്ത്രക്രീയ രംഗത്ത് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയുടെ ‘കൊറോണറി സ്റ്റന്റ്‌റ്’ ഇതിനോടകം ആരോഗ്യ മേഖലയില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഏഷ്യ, യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലായി 60 രാജ്യങ്ങളില്‍ ഉത്പന്നമെത്തിക്കുന്ന സഹജാനന്ദ് ടെക്നോളജീസിന്റെ യൂറോപ്യന്‍ ആസ്ഥാനം കഴിഞ്ഞ വര്‍ഷം ഗാള്‍വേയിലെ സ്ഥാപിതമായി.

ബിസിനസ്സ്, എന്‍ജിനിയറിങ് മെഡിസിന്‍, മെഡിക്കല്‍ ഉപകരണ നിര്‍മ്മാണം തുടങ്ങിയ ശാസ്ത്ര സാങ്കേതിക രംഗത്ത് വളര്‍ച്ച കൈവരിക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ക്ക് അയര്‍ലന്‍ഡ് വിളനിലം തന്നെയാണ്. യു.കെ യിലെ ബ്രേക്സിറ്റ് കോലാഹലങ്ങളില്‍പെട്ട് നിരവധി ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ അയര്‍ലണ്ടിലേക്ക് ചുവടുമാറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. നികുതി വര്‍ധിപ്പിച്ച യു.കെ യില്‍ തുടരാനാകാതെ വിധേയ കമ്പനികള്‍ പിന്മാറുമ്പോള്‍ അവര്‍ ഉറ്റു നോക്കുന്ന അടുത്ത രാജ്യം അയര്‍ലന്‍ഡ് തന്നെയാണ്.

 

 

 

ഡി കെ

Share this news

Leave a Reply

%d bloggers like this: