അയര്‍ലണ്ടിലെ മാതാപിതാക്കളെ ഭീതിയിലാഴ്ത്തി ബ്ലൂ വെയില്‍ ഗെയിം വ്യാപകമാകുന്നു

ഓണ്‍ലൈന്‍ ഗെയ്മുകള്‍ക്ക് കുട്ടികള്‍ എന്ന പോലെ തന്നെ കൗമാരക്കാരും, യുവാക്കളും അടിമപ്പെടുന്ന സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. നിരവധി ഗെയിമുകള്‍ സമയം കൊല്ലിയായി പലരും ഉപയോഗിക്കുന്നുണ്ടെങ്കിലും മനുഷ്യനെ കൊല്ലുന്ന ഓണ്‍ലൈന്‍ ഗെയിമാണ് ഇപ്പോള്‍ അയര്‍ലന്റിലെങ്ങും
ചര്‍ച്ചയാകുന്നത്. ക്ലെയര്‍ കൗണ്ടിയിലെ കോനര്‍ വില്‍മോട്ട് എന്ന 11 വയസ്സുള്ള ഐറിഷ് ബാലന്റെ അസ്വാഭാവിക കാരണമന്വേഷിച്ച ഗാര്‍ഡ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കോണറിന്റെ മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവ പിടിച്ചെടുത്ത ഗാര്‍ഡ അവ പരിശോധിച്ചപ്പോഴാണ് അയര്‍ലന്റിലും ഈ കൊലയാളി ഗെയിം എത്തിയതായി സ്ഥിരീകരിച്ചത്.

അയര്‍ലന്‍ഡിലുടനീളം രക്ഷിതാക്കളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് കുട്ടികളെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന ‘ബ്ലൂ വെയില്‍ ഗെയിം’ . ഓണ്‍ലൈനില്‍ കുട്ടികളെയും, കൗമാരക്കാരെയും സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ഗെയിം ഒടുവില്‍ ഇവരെ ആത്മഹത്യ ചെയ്യിക്കുകയാണ് ചെയ്യുന്നത്. ബ്ലൂ വെയില്‍ എന്ന ഗെയിം കളിക്കുന്നയാളുകള്‍ ഒരോ സ്റ്റേജുകള്‍ പിന്നിടുമ്പോളും സമനിലയില്‍ നിന്നും വഴുതി മാറുകയും അവസാന സ്റ്റേജില്‍ ആത്മഹത്യ ചെയ്യാന്‍ പ്രേരകമാകുന്നു. ഗെയിം തുടങ്ങിയെന്ന് കരുതപ്പെടുന്ന റഷ്യയില്‍ ഇത്തരത്തില്‍ എതാണ്ട് 100 കൗമാരക്കാരുടെ മരണത്തിന് ഈ ഗെയിം കാരണമായിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

പാതിരാത്രിയില്‍ ഭീതിപ്പെടുത്തുന്ന പ്രേത സിനിമകള്‍ കാണാനാണ് ആദ്യഘട്ടത്തില്‍ ഗെയിം ആവശ്യപ്പെടുന്നത്. പിന്നീടുള്ള ലെവലിലേക്ക് പുരോഗമിക്കുമ്പോള്‍ സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിക്കാനും ആവശ്യപ്പെടുന്നു. ഇതിന് തെളിവുകളായി ഫോട്ടോകള്‍ അയച്ച്‌കൊടുക്കാനും ഗെയിമില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഗെയിം നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ഭീഷണി സന്ദേശമായിരിക്കും ലഭിക്കുക. അമ്പതു സ്റ്റേജുള്ള ഗെയിമിന്റെ അവസാന ഘട്ടത്തില്‍ കളിക്കാരനെ ആത്മഹത്യ ചെയ്യാനാണ് വെല്ലുവിളിക്കുന്നത്. ഒരു വട്ടം ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഡിലീറ്റ് ചെയ്യാന്‍ സാധിക്കാത്ത ബ്ലൂ വെയില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെടുന്നതെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. യുഎഇയിലും, ബ്രിട്ടനിലെ ചില സ്‌കൂളുകളിലും ഗെയിം ഉപയോഗിക്കുന്നതില്‍ നിന്നും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു.

50 ദിവസം കൊണ്ട് ഗെയിമില്‍ പറയുന്ന 50 ചലഞ്ചുകള്‍ ചെയ്യണം. ഹൊറര്‍ സിനിമ കാണുന്നത് മുതല്‍ സ്വന്തം ത്വക്കില്‍ മുറിവുണ്ടാക്കി ചിത്രങ്ങള്‍ വരയ്ക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചെയ്യിപ്പിക്കുന്ന ഗെയിം ഒടുവിലെത്തുന്നത് ആത്മഹത്യ ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ്. റഷ്യയില്‍ ഈ ഗെയിമുമായി ബന്ധപ്പെട്ട് നൂറോളം പേര്‍ ആത്മഹത്യ ചെയ്തതായാണ് റിപ്പോര്‍ട്ട്. ഓരോ ചലഞ്ചും ചെയ്തു കഴിഞ്ഞാല്‍ അതിന്റെ തെളിവായി ഫോട്ടോ അയച്ചു കൊടുക്കണം. അല്ലാത്ത പക്ഷം ഭീഷണികള്‍ വന്നു കൊണ്ടിരിക്കും.

ഒരിക്കല്‍ ഡൗണ്‍ലോഡ് ചെയ്ത ഗെയിം പിന്നീട് ഡിലീറ്റ് ചെയ്ത് കളയാമെന്നു വെച്ചാലും നടക്കില്ല. ഡൌണ്‍ലോഡ് ചെയ്ത ഉടന്‍ ഇത് മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്യുന്നു. പിന്നീട് ഫോണിലുള്ള എല്ലാ വിവരങ്ങളും കരസ്ഥമാക്കുകയും ചെയ്യും. ഈ ഗെയിമിനെ കുറിച്ച് യു.കെയിലെ സ്‌കൂളുകളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദുബായും ഇപ്പോള്‍ ഈ ഗെയിമിന്റെ ഭീതിയിലാണ്. കുട്ടികളെ വേണ്ടത്ര ശ്രദ്ധിക്കുവാന്‍ മാതാപിതാക്കള്‍ക്കും, അധ്യാപകര്‍ക്കും നിര്‍ദ്ദേശം നല്‍കിക്കൊണ്ടുള്ള സന്ദേശങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. മാനസിക നില തെറ്റിയ ഒരു കൂട്ടം ആളുകള്‍ അല്ലെങ്കില്‍ ഒരു വ്യക്തി ആയിരിക്കണം ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റഷ്യയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതില്‍ നിന്നും കുട്ടികളെ തടയാന്‍ മാതാപിതാക്കള്‍ തന്നെ രംഗത്തിറങ്ങണമെന്ന് വിവിധ അന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിട്ടുമുണ്ട്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: