അയര്‍ലണ്ടിലെ നഴ്‌സുമാര്‍ ഉണര്‍ന്നു നിങ്ങളുടെ സഹജീവിക്കായി…

സുപ്രിം കോടതി നിര്‍ദ്ദേശവും ബലരാമന്‍, വീരകുമാര്‍ കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകളും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരത്തിന് വമ്പിച്ച പിന്തുണയാണ് ലഭിച്ചത്. തൃശൂരില്‍ നടന്ന യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന കൗണ്‍സിലിലാണ് സമരമുഖത്തേക്ക് ഇറങ്ങാനുള്ള തീരുമാനം ഉണ്ടായത്. യുഎന്‍എ പ്രഖ്യാപിച്ച സമരത്തിന് അലര്‍ലണ്ടില്‍ നിന്നുള്‍പ്പെടെ ലോകത്തെമ്പാടുനിന്നും ആവേശ്വജലമായ പിന്തുണയാണ് ലഭിച്ചത്. അയര്‍ലന്റിലും പുതിയ വേതന പരിഷ്‌കരണത്തിന്റെ ഭാഗമായി INMO യുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോപം അരങ്ങേറുകയാണ്.

കേരളത്തില്‍ ഇക്കഴിഞ്ഞ 19ന് തൃശ്ശൂര്‍ ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരാണ് സമരം ആരംഭിച്ചത്. തങ്ങള്‍ക്ക് ജീവിക്കാനുള്ള വക തേടിയാണ് അവര്‍ സമര മുഖത്തേക്ക് ഇറങ്ങിയത്. പല ആശുപത്രിയും തുച്ഛമായ ശമ്പളം കൃത്യ സമയത്ത് നല്‍കുന്നു പോലുമില്ല. ഇപ്പോഴും 2013 ഏപ്രിലില്‍ നടപ്പിലാക്കിയ മിനിമം വേജസ് കമ്മറ്റിയുടെ ശുപാര്‍ശയിലെ തുക പോലും നല്‍കുന്നില്ല എന്നതാണ് സത്യം. സ്വകാര്യ ആശുപത്രികളില്‍ നഴ്‌സിംഗ് ഫീസ് എന്ന ഇനത്തില്‍ രോഗികളില്‍ നിന്നും ആശുപത്രി അധികൃതര്‍ തുക ഈടാക്കുന്നുണ്ടെങ്കിലും, ഇതിന്റെ ഒരു ശതമാനം തുക പോലും നഴ്‌സുമാര്‍ക്ക് നല്‍കുന്നില്ല. കൃത്യ ജോലി സമയത്തിലും അധികമായി ജോലി നോക്കേണ്ടി വരുന്ന നഴ്‌സുമാര്‍ ഒരു ദിവസം അഞ്ച് മുതല്‍ ആറ് രോഗികളെയാണ് പരിപാലിക്കേണ്ടി വരിക. വലിയ ശമ്പളവും നല്ല ആശുപത്രിയിലെ ജോലിയും എല്ലാ നഴ്‌സുമാരും സ്വപ്നം കാണുന്നുണ്ടെങ്കിലും എവിടെ ചെന്നാലും ഇവരെ പരമാവധി ചൂഷണം ചെയ്യുകയാണ് ആശുപത്രി ഉടമകള്‍.പല ആശുപത്രികളിലും 5000 മുതല്‍ 8000 രൂപ വരെയാണ് നഴ്‌സുമാരുടെ ശമ്പളം. മൂന്നും, നാലും ലക്ഷം രൂപ ലോണെടുത്ത് പഠിച്ച ഇവര്‍ക്ക് ഈ ശമ്പളം ബാങ്കില്‍ ലോണിന്റെ പലിശ അടയ്ക്കാന്‍ പോലും തികയുന്നില്ല എന്നതാണ് സത്യം. 50 ശതമാനം കിടക്കകള്‍ മാത്രമുള്ള ആശുപത്രികളില്‍ മിനിമം 20,000 രൂപ ശമ്പളം നല്‍കണമെന്നാണ് കോടതി നിയോഗിച്ച കമ്മറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 200 കിടക്കകള്‍ക്ക് മുകളുലുള്ള ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നല്‍കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

എന്നാലിത് പാടെ അവഗണിക്കുക മാത്രമല്ല, അധികം സമയം പണിയെടുപ്പിക്കുക കൂടി ചെയ്യുന്നു. ഇതിനിടെയാണ് കൃത്യമായ ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് നഴ്‌സുമാര്‍ സമരത്തിന് ഇറങ്ങുന്നത്. തങ്ങള്‍ക്ക് ലഭിക്കേണ്ട ശമ്പളം ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ 11 ആശുപത്രികള്‍ സ്തംഭിപ്പിക്കുമെന്നാണ് സമരക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്താകമാനം പനി പടര്‍ന്നു പിടിക്കുന്നുണ്ടെങ്കിലും, ഇത് പരമാവധി മുതലെടുക്കുകയാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍. എന്നിട്ടും ആശുപത്രികളില്‍ പ്രധാന പങ്കു വഹിക്കുന്ന നഴ്‌സുമാര്‍ക്ക് അര്‍ഹമായ ശമ്പളവും, ആനുകൂല്യവും നല്‍കാത്തത് ഇവരുടെ സമരത്തിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നു. അകാരണമായി നഴ്‌സുമാരെ പിരിച്ചുവിടുന്നു.വിദേശത്തേക്ക് പോകുന്ന നഴ്‌സുമാരെ കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുന്നു തുടങ്ങിയ പരാതികളും സമരക്കാര്‍ ഉന്നയിക്കുന്നുണ്ട്.കോഴിക്കോട് ചേര്‍ന്ന കണ്‍വന്‍ഷനിലാണ് സമരപരിപാടി തീരുമാനിച്ചത്.കേരളത്തിലെ 158 ആശുപത്രികളില്‍ യുഎന്‍എ യൂണിറ്റുകള്‍ സമര നോട്ടീസ് നല്‍കിയിരുന്നു. വേതനം വര്‍ദ്ധിപ്പിക്കണമെന്ന യൂണിയനുകളുടെ പൊതു ആവശ്യത്തോട് മാനേജ്‌മെന്റ് പ്രതിനിധികള്‍ നിഷേധ നിലപാട് സ്വീകരിച്ചതിനാലാണ് സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളിലും പരിപൂര്‍ണ്ണമായും പണിമുടക്കാന്‍ യുഎന്‍എ സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചത്. കേരളത്തില്‍ ജോലിയെടുക്കുന്ന ബീഹാറികള്‍ക്കും, ബംഗാളികള്‍ക്കും കിട്ടുന്ന ശമ്പളം എങ്കിലും ഈ നഴ്‌സ് മാലാഖമാര്‍ അര്‍ഹിക്കുന്നില്ലേ ?

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: