അയര്‍ലണ്ടിന്റെ അടുത്ത നേതാവായി ഇന്ത്യന്‍ വംശജന്‍ വരേദ്കറിന് പിന്തുണ ഏറുന്നു

അയര്‍ലണ്ടിലെ ഫിനഗേല്‍ പാര്‍ട്ടിയുടെ നേതൃത്വ മത്സരം അന്തിമ ഘട്ടത്തിലെത്തുമ്പോള്‍ ഇന്ത്യന്‍ വംശജന്‍ ലിയോ വരേദ്കര്‍ ഐറിഷ് പ്രധാനമന്ത്രിയാകുമെന്ന സൂചനകള്‍ ശക്തമാകുന്നു. മുംബൈക്കാരനായ പിതാവ് അശോകിനെയും, വാട്ടര്‍ഫോര്‍ഡ് സ്വദേശിനി മിറിയാമിന്റെയും മൂന്നാമത്തെ മകനായി ജനിച്ച ലിയോ വരേദ്കര്‍ കോളേജ് വിദ്യാഭ്യാസ കാലത്ത് രാഷ്ട്രീയത്തില്‍ സജീവമാവുകയായിരുന്നു. ട്രിനിറ്റിയില്‍ നിന്നും മെഡിസിന്‍ പഠന സമയത്ത് ഫൈന്‍ ഗെയ്ലിന്റെ വക്താവായി മാറിയ വരേദ്കര്‍ ഇപ്പോള്‍ നേതൃത്വസ്ഥാനത്തേക്ക് തന്നോടൊപ്പം മത്സരിക്കുന്ന ഹൗസിങ് മിനിസ്റ്റര്‍ സൈമണ്‍ കോവിനിക്ക് വോട്ടു നേടിക്കൊടുക്കാന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായതും തികച്ചും യാദൃച്ഛികം മാത്രം.

ഡബ്ലിനിലെ ലോക്കല്‍ ഇലക്ഷനില്‍ഫൈല്‍ ഗെയ്ലിനെ പ്രതിനിധീകരിച്ച ലിയോ ഡെപ്യുട്ടി മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡെപ്യുട്ടി മേയര്‍ എന്ന നിലയില്‍ വരേദ്കറിന്റെ പ്രവര്‍ത്തനങ്ങള്‍ മികവുറ്റതും പ്രശംസനീയവുമായിരുന്നെന്നു സഹപ്രവര്‍ത്തകര്‍ ഓര്‍ത്തെടുക്കുന്നു. തുടര്‍ന്ന് 2007 -ല്‍ ആണ് ആദ്യമായി മന്ത്രി സഭയില്‍ അംഗമാകുന്നതും പാര്‍ട്ടിയുടെ എന്റര്‍പ്രെയ്‌സ്, ട്രേഡ് ആന്‍ഡ് എംപ്ലോയ്മെന്റ് വിഭാഗത്തെ പ്രതിനിധീകരിക്കുന്നതും. നിലവില്‍ സാമൂഹിക സുരക്ഷാ വകുപ്പ് കൈകാര്യം ചെയ്യുന്ന ലിയോ വകുപ്പ് തല പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിച്ച് കൊണ്ടുകുന്നതില്‍ പ്രതിപക്ഷത്തിന്റെ പ്രശംസ പോലും ഏറ്റുവാങ്ങിയ കഴിവുറ്റ ഭരണാധികാരിയും കൂടിയാണ്. വ്യക്തമായ കാഴ്ചപാടുകളും നയങ്ങളും പ്രവര്‍ത്തനത്തലത്തില്‍ കൊണ്ട് വരാന്‍ സാധിച്ച മന്ത്രിയും കൂടിയാണ് ലിയോ വരേദ്കര്‍.

വ്യക്തിപരമായ ജീവിതം രാഷ്ട്രീയ എതിരാളികള്‍ ആയുധമാക്കിയപ്പോള്‍ അതിനു വിശദീകരണം നല്‍കാനും വരേദ്കറിന് കഴിഞ്ഞു. സ്വവര്‍ഗാനുരാഗിയായ ലിയോക്ക് ജീവിത പങ്കാളി ഒരു യുവ ഡോക്ടറാണെന്നുള്ള വാര്‍ത്ത ഇതിനോടകം മാധ്യമ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. സ്വവര്‍ഗ വിവാഹത്തിന് അയര്‍ലണ്ടില്‍ നിയമ സാധുത ലഭിക്കാന്‍ പ്രധാന കാരണം വരേദ്കര്‍ ആകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സ്വവര്‍ഗാനുരാഗിയായ വരേദ്കര്‍ അടുത്ത പ്രധാനമന്ത്രിയാകുമോ എന്ന നോട്ടത്തിലാണ് ഐറിഷ് ജനത. യൂറോപ്പില്‍ നിലവില്‍ ബെല്‍ജിയം, ലക്സംബര്‍ഗ്, ഐസ്ലാന്‍ഡ്, എന്നീ രാജ്യങ്ങളില്‍ സ്വവര്‍ഗാനുരാഗിയായ പ്രധാനമന്ത്രിമാരാണ് ഉള്ളത്. ഈ സാഹചര്യത്തില്‍ അയര്‍ലന്റിലെ അത്തരം ഒരാള്‍ ഭരണം നടത്തുന്നതില്‍ തെറ്റില്ലെന്നാണ് ഒരു വിഭാഗം അഭിപ്രായം രേഖപ്പെടുത്തിയെങ്കിലും കത്തോലിക് വിശ്വാസ പ്രമാണങ്ങള്‍ അനുസരിക്കുന്ന ഭൂരിഭാഗം ആളുകളുള്ള അയര്‍ലണ്ടില്‍ പ്രധാനമന്ത്രി പദം അലങ്കരിക്കാന്‍ ഇത്തരക്കാര്‍ വേണ്ടെന്ന് വാദിക്കുന്നവരും കുറവല്ല.

ശക്തമായ തീരുമാനങ്ങളുമായി മുന്നോട്ടു പോകുന്ന ലിയോ തന്റെ വ്യക്തി പ്രഭാവം കൊണ്ട് രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയെടുത്ത സ്ഥാനം ചെറുതൊന്നുമല്ല. വളരെ വൈകാതെ ഐറിഷ് പ്രധാനമന്ത്രിയായി ലിയോ മാറുന്നത് കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകര്‍.

 

 

ഡി കെ

Share this news

Leave a Reply

%d bloggers like this: