അയര്‍ലന്‍ഡ് ഉള്‍പ്പെടെ 19 രാജ്യങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ക്ക് നിരോധനം

ഡബ്ലിന്‍: എത്യോപ്യന്‍ വിമാന അപകടത്തെ തുടര്‍ന്ന് ലോകരാജ്യങ്ങളില്‍ ബോയിങ് 737 വിമാനങ്ങള്‍ക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്തി. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി യൂറോപ്പിന്റെ വ്യോമാതിര്‍ത്തിയില്‍ ബോയിങ് 737 നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി പുറത്തുവിട്ടു. നെയ്റോബിയിലേക്കുള്ള യാത്രാ മദ്ധ്യേ എത്യോപ്യന്‍ വിമാനം തകര്‍ന്നുവീണ് 157 ആളുകള്‍ മരണപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിര നടപടി കൈക്കൊണ്ടത്.

4 മാസങ്ങള്‍ക്ക് മുന്‍പ് സമാനമായ രീതിയില്‍ ലയണ്‍ എയര്‍ജെറ്റ് ഇന്‍ഡോനേഷ്യന്‍ വിമാനം തകര്‍ന്ന് 189 ആളുകള്‍ മരണമടഞ്ഞിരുന്നു. തുടര്‍ച്ചായി അപകടത്തില്‍പ്പെടുന്ന വിമാനങ്ങള്‍ക്ക് യാത്രാ അനുമതി റദ്ദാക്കുന്ന നിയമം യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി ഉടന്‍ നടപ്പാക്കിയേക്കും. യൂറോപ്യന്‍ ഏവിയേഷന്‍ കൂടാതെ ഐറിഷ് വ്യോമയാന മന്ത്രാലയവും ഇതേ തീരുമാനത്തില്‍ എത്തിച്ചേരുകയായിരുന്നു.

യു.കെ സിവില്‍ ഏവിയേഷന്‍ ഇത്തരം വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെ അയര്‍ലണ്ടും ഇതേ തീരുമാനത്തില്‍ എത്തുകയായിരുന്നു. യൂണിയന്‍ രാജ്യങ്ങളും യൂണിയന്‍ അംഗം അല്ലാത്ത രാജ്യങ്ങളും ഉള്‍പ്പെടുന്ന യൂറോപ്യന്‍ വന്‍കരയില്‍ മൊത്തമായി ഈ യാത്രാ വിമാനങ്ങള്‍ ഇനി സര്‍വീസ് നടത്തില്ല.

ഐറിഷ് ഏവിയേഷന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് അയര്‍ലന്‍ഡ്-യു.എസ് യാത്ര നടത്തുന്ന നോര്‍വീജിയന്‍ എയര്‍, ബോയിങ് മാക്‌സ് വിമാന യാത്രകള്‍ റദ്ദാക്കി. യാത്രാ തടസ്സം നേരിട്ട യാത്രക്കാര്‍ക്ക് റീഫണ്ടിങ് അനുവദിക്കുകയോ അല്ലെങ്കില്‍ വീണ്ടും ബുക്കിങ് സൗകര്യമോ ഉപയോഗിക്കാം. അയര്‍ലണ്ടില്‍ ഇന്നലെ വൈകി 7 മണിയോടെ നിരോധനം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു.

യാത്ര റദ്ദാക്കപ്പെട്ട യാത്രികര്‍ക്ക് അതാത് വിമാന കമ്പനികള്‍ ഹോട്ടലുകളില്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ദീര്‍ഘ സമയം യാത്രക്ക് കാത്തിരിക്കേണ്ടവര്‍ക്ക് താമസ സൗകര്യത്തിന് പുറമെ ഭക്ഷണവും മറ്റ് അടിയന്തിര സേവനങ്ങളും ലഭ്യമാക്കുമെന്ന് ഐറിഷ് ഏവിയേഷന്‍ കമ്മീഷന്‍ ഉറപ്പ് നല്‍കി. യാത്രികരുടെ സുരക്ഷാ മുന്‍നിര്‍ത്തിയുള്ള അസൗകര്യത്തിന് യാത്രക്കാര്‍ സഹകരിക്കണമെന്ന് കമ്മീഷന്‍ അഭ്യര്‍ത്ഥന നടത്തി. അയര്‍ലണ്ടില്‍ നിലവില്‍ 13 ബോയിങ് മാക്‌സ് 737 വിമാനങ്ങള്‍ രെജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

ഡികെ

Share this news

Leave a Reply

%d bloggers like this: