അയര്‍ലന്‍ഡുകളുടെ ലയനം തെരെഞ്ഞെടുപ്പ് ആയുധമാക്കി സിന്‍ഫിന്‍; അധികാരത്തിലെത്തിയാല്‍ 5 വര്‍ഷത്തിനുള്ളില്‍ ലയനം സാധ്യമാക്കും…

ഡബ്ലിന്‍: തെക്കു-വടക്കന്‍ അയര്‍ലന്‍ഡുകളുടെ ലയനം സാധ്യമാകുമെന്ന് സിന്‍ഫിന്‍ വക്താവ് മേരി ലോ മേക് ഡൊണാള്‍ഡ് പ്രസ്താവിച്ചു. ഡെറിയില്‍ നടന്ന പൊതുചടങ്ങിലാണ് പാര്‍ട്ടിയുടെ നയം മേരി ലോ വ്യക്തമാക്കിയത്. അയര്‍ലണ്ടിലെ അടുത്ത പൊതു തെരെഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഐറിഷ് യൂണിറ്റി റഫറണ്ടം നടപ്പാക്കുമെന്നാണ് സിന്‍ഫിനിന്റെ വാഗ്ദാനം.

ബ്രിട്ടനിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അയര്‍ലന്‍ഡുകളുടെ ലയനത്തിലേക്ക് എത്തിക്കുന്നതില്‍ ഫിനഗേലും ഫിയാന ഫോളും പരാജയപ്പെട്ടുവെന്നും മേരി കുറ്റപ്പെടുത്തി. ഈ പാര്‍ട്ടികള്‍ അധികാരത്തിലിരിക്കുന്ന കാലത്തോളം ലയനം സാധ്യമാകില്ലെന്നുമാണ് മേരി വ്യക്തമാക്കിയത്. ബ്രെക്‌സിറ്റ് ഉണ്ടാക്കിയ അനിശ്ചിതത്വം വടക്കന്‍ അയര്‍ലണ്ടിനെ പ്രതികൂലമായി ബാധിച്ചുതുടങ്ങി എന്നുപറഞ്ഞ മേരി വടക്കുകാരോട് അയര്‍ലണ്ടിന്റെ ഭാഗമായാല്‍ ഈ പ്രശനം പരിഹരിക്കപ്പെടുമെന്ന വാഗ്ദാനമാണ് നല്‍കുന്നത്.

ബ്രിട്ടനിലെ അധികാരത്തിലുള്ള ബോറിസ് ജോണ്‍സന്റെ പാര്‍ട്ടി കടുത്ത ബ്രെക്‌സിറ്റ് യു.കെയുടെ ഭാഗമായ വടക്കന്‍ അയര്‍ലണ്ടിനും സ്‌കോര്‍ട്‌ലാന്റിനും പ്രതികൂലമായി തീര്‍ന്നുവെന്നും ഇവര്‍ പറഞ്ഞു. ഇതിന്റെ ഏറ്റവും നല്ല പരിഹാരമാണ് അയര്‍ലന്‍ഡുകളുടെ ലയനം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ വടക്കന്‍ അയര്‍ലണ്ടിലെ ഭരണകൂടം ബോറിസിന്റെ കടുത്ത ബ്രെക്‌സിറ്റിനെ അനുകൂലിച്ചിരുന്നില്ല.

അതിര്‍ത്തിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ വ്യക്തത വരുത്തിയില്ലെങ്കില്‍ എം.പിമാരെ പിന്‍വലിക്കുമെന്ന് ഡിയുപി ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് ചില ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറായിട്ടാണ് ബ്രെക്‌സിറ്റ് നടപ്പിലാക്കാന്‍ ബോറിസ് ജോണ്‍സണ്‍ തയ്യാറെടുത്ത്. എങ്കിലും നിലവിലെ തീരുമാനങ്ങളോട് വടക്കിലെ ജനങ്ങള്‍ക്കും ഭരണകൂടത്തിനും വിയോജിപ്പ് പ്രകടമായിരുന്നു. ഏതുവിധേനയും ബ്രെക്‌സിറ്റ് നടപ്പാകും എന്ന ലക്ഷ്യത്തോടെയാണ് ബോറിസ് തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

ഇതേ വിഷയത്തില്‍ സ്‌കോട്‌ലാന്‍ഡും ബ്രിട്ടനോട് ഇടഞ്ഞിരുന്നു. ഭൂരിപക്ഷം സ്‌കോട്‌ലന്‍ഡുകാരും ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്നവരല്ല എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല ബ്രെക്‌സിറ്റ് നടപ്പാവുകയാണെങ്കില്‍ ബ്രിട്ടനില്‍ നിന്നും സ്വാതന്ത്ര്യം നേടുമെന്നും സ്‌കോട്‌ലന്‍ഡ് പ്രഖ്യാപിച്ചിരുന്നു. അയര്‍ലണ്ടും സ്‌കോട്‌ലന്ഡും തമ്മിലുണ്ടായ പുതിയ വ്യാപാര കരാറും സൂചിപ്പിക്കുന്നതും ഇതേ കാര്യം തന്നെയാണ്. വടക്കുകാര്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ ഭാഗമാകാനാണ് താത്പര്യമെന്ന് ഇവിടെ നടന്നിട്ടുള്ള പൊതുജന അഭിപ്രായ സര്‍വേകളും രേഖപ്പെടുത്തുന്നു. ഈ ഒരു അവസരത്തിലാണ് വടക്കന്‍ അയര്‍ലണ്ടിലെ രാക്ഷ്ട്രീയ സാഹചര്യം മനസിലാക്കി അയര്‍ലന്‍ഡുകള്‍ ലയനത്തിനുള്ള സമയം ആയെന്ന് സിന്‍ഫിന്‍ ചൂണ്ടിക്കാണിക്കുന്നത്. രാഷ്ട്രീയപരമായി ഇതിനെ ഉപയോഗപ്പെടുത്തുക എന്നതാണ് ഇപ്പോള്‍ പാര്‍ട്ടി ലക്ഷ്യമിടുന്നത്.

Share this news

Leave a Reply

%d bloggers like this: