അയര്‍ലന്‍ഡില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തങ്ങള്‍ക്ക് മുന്നിട്ടിറങ്ങാന്‍ തയ്യാറെടുത്ത് കത്തോലിക്ക സഭ: പ്രവര്‍ത്തങ്ങള്‍ ‘ടെംപെറന്‍സ് മൂവ്‌മെന്റ്’ലൂടെ

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ മദ്യം- മയക്കുമരുന്ന് ഉപയോഗം വ്യാപകമായതോടെ ഇതിനെതിരെ ശക്തമായ പ്രചാരണത്തിന് തയ്യാറെടുക്കുകയാണ് രാജ്യത്തെ കാത്തോലിക്ക സഭ. രാജ്യത്തെ യുവത്വം അപകടകരമായ സഞ്ചാര ദിശയിലാണ് പോകുന്നതെന്നും ഒരു മൂവ്‌മെന്റിനു സമയമായെന്നും ആര്‍ച് ബിഷപ്പ് എമോന്‍ മാര്‍ട്ടിന്‍ മാധ്യമങ്ങളോട് പറഞ്ഞു. അയര്‍ലണ്ടില്‍ നഗര- ഗ്രാമ വ്യത്യാസമില്ലാതെ തെരുവോരങ്ങളില്‍ മദ്യപിച്ചും, ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചും യുവജനത അപകടത്തിന്റെ പാതയിലാണെന്നും, ഇതിനെതിരെ ശക്തമായ ഒരു പ്രചരണം ആവശ്യമാണെന്നും ആര്‍ച് ബിഷപ്പ് പറയുന്നു.

രാജ്യത്ത് ലഹരിഉപയോഗം കൂടിയപ്പോള്‍ ഇതിനെതിരെ ഇതിനു മുന്‍പും ടെംപെറന്‍സ് മൂവ്‌മെന്റ് രംഗത്തു വന്നിട്ടുണ്ട്. യൂറോപ്പില്‍ മദ്യ ഉപയോഗം കൂടിയ രാജ്യങ്ങളുടെ പട്ടികയിലുള്ള അയര്‍ലന്‍ഡ്, ഇത് കുറച്ചുകൊണ്ടുവരാനുള്ള നടപടികളും ആരംഭിച്ചിരുന്നു. മദ്യത്തിന് മിനിമം യൂണിറ്റ് പ്രൈസ് ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസ് വ്യക്തമാക്കിയിരുന്നു. യൂണിറ്റ് പ്രൈസ് ഏര്‍പെടുത്തുമ്പോള്‍ ആ വിലയില്‍ കുറഞ്ഞ് മദ്യം വില്‍പ്പന നടത്താന്‍ കഴിയില്ല. സ്‌കോട്‌ലന്‍ഡില്‍ പരീക്ഷണാര്‍ത്ഥത്തില്‍ ആരംഭിച്ച ഈ സംവിധാനത്തിലൂടെ സ്‌കോട്‌ലന്‍ഡില്‍ മദ്യ ഉപയോഗം കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിരുന്നു.

ഏറ്റവും കുറഞ്ഞ നിരക്കില്‍ മദ്യം ലഭ്യമാകുന്നത് കൗമാരക്കാരിലും, യുവാക്കളിലും മദ്യാസക്തി വര്‍ദ്ധിപ്പിക്കുന്നു എന്ന് കണ്ടെത്തിയതിനാലാണ് അയര്‍ലണ്ടിലും മദ്യത്തിന് മിനിമം യൂണിറ്റ് പ്രൈസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. 2018 ലെ പബ്ലിക് ഹെല്‍ത്ത് ആക്ട് ന്റെ ഭാഗമായാണ് ഇത് ഏര്‍പെടുത്തുന്നത്. എന്നാല്‍ അതുകൊണ്ടുമാത്രം ലഹരി ഉത്പ്പന്നങ്ങളുടെ ഉപയോഗത്തില്‍ നിന്നും ഐറിഷ് യുവതയെ രക്ഷിക്കാനാവില്ല എന്നാണ് കത്തോലിക്കാ സഭയുടെ അഭിപ്രായം, അതെ സമയം ലഹരി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നുണ്ടാകുന്ന ഏതൊരു നടപടിയെയും പിന്‍താങ്ങുമെന്നും സഭ അറിയിച്ചിട്ടുണ്ട്.

രണ്ടു തലത്തിലുള്ള പ്രവര്‍ത്തങ്ങളാണ് കത്തോലിക്ക സഭ മുന്നോട്ട് വെയ്ക്കുന്നത്. ലഹരി ഉപയോഗിച്ചിട്ടില്ലാത്തവര്‍ ഈ ദുശീലങ്ങള്‍ക്ക് അടിമപ്പെടാതിരിക്കാനുള്ള പ്രവര്‍ത്തങ്ങള്‍. ലഹരി ഉപയോഗിക്കുന്നരെ അതില്‍ നിന്നും മുക്തമാകാനുള്ള നടപടികള്‍. സ്‌കൂളുകളിലും, കോളേജുകളിലും പ്രചാരണങ്ങള്‍ ശക്തമാക്കുക, ടെംപെറന്‍സ് മൂവേമെന്റില്‍ കൂടുതല്‍ യുവാക്കളെ ഇതിന്റെ പ്രചാരകരായി മാറ്റുക, രാജ്യവ്യാപകമായി മൂവേമെന്റിന്റെ സന്ദേശം എത്തിക്കുക തുടങ്ങി വളരെ ബൃഹത്തായ പദ്ധതികളാണ് സഭയുടെ നേതൃത്വത്തില്‍ നടക്കുക.

അയര്‍ലണ്ടില്‍ നടക്കുന്ന കുറ്റകൃത്യങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ ലഹരി ഉത്പന്നങ്ങള്‍ക്കു ഇതില്‍ വലിയൊരു പങ്കുണ്ടെന്നു കണ്ടെത്താനാകും. ടെംപെറന്‍സ് മൂവേമെന്റ് ഫലവത്തായാല്‍ രാജ്യത്തെ കുറ്റകൃത്യങ്ങളുടെ എണ്ണവും വന്‍ തോതില്‍ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: