അയര്‍ലണ്ടില്‍ വസ്തുവില വീണ്ടും ഉയര്‍ന്നു : പുതിയ വീട് ലഭിക്കാന്‍ ഡബ്ലിനില്‍ ശരാശരി വില 388,000 യൂറോ

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ വസ്തുവിലയില്‍ വീണ്ടും വര്‍ദ്ധനവ്. രാജ്യത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് ആയ Daft.ie പുറത്തുവിട്ട കണക്കനുസരിച്ച് അയര്‍ലണ്ടില്‍ വീണ്ടും 4 ശതമാനത്തോളം വസ്തുവില ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷവും, ഈ വര്‍ഷവുമായി വസ്തുമാര്‍കെറ്റില്‍ എത്തിയ 8000 ത്തോളം പുതിയ വീടുകളില്‍ രാജ്യത്തെ ശരാശരി വില 263, 000 യൂറോ ആയിരുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 4 ശതമാനത്തോളമാണ് വസ്തുവില ഉയര്‍ച്ച രേഖപ്പെടുത്തിയത്.

ഐറിഷ് കൗണ്ടികളില്‍ വസ്തുവില ഏറ്റവും ഉയരത്തില്‍ നില്കുന്നത് ഡബ്ലിനില്‍ ആണ് . ഇവിടെ പുതിയ വീട് ലഭിക്കാന്‍ ശരാശരി വില 388,000 യൂറോ നല്‍കേണ്ടി വരും. സൗകര്യങ്ങളും, മുറികളുടെ എണ്ണവും കൂടുന്നതിനനുസരിച്ച് വിലനിലവാരം വീണ്ടും ഉയരും. നിലവില്‍ വസ്തുവില ഏറ്റവും കുറവ് ലിട്രിമിലാണ്. ഇവിടെ 137,058 യൂറോയിക്ക് വീട് ലഭ്യമാണ്. കോര്‍ക്ക് നഗരത്തില്‍ 285,941 ഉം, ഗാല്‍വേ യില്‍ 305,549 യൂറോയുമാണ് വസ്തുവില.

ഡബ്ലിനില്‍ സൗത്ത് ഡബ്ലിന്‍, നോര്‍ത്ത് ഡബ്ലിന്‍, വിക്ലോ, എന്നിവടങ്ങളിലാണ് ഭവന വില ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത്. നിലവില്‍ വില കുറവ് രേഖപ്പെടുത്തിയത് ലിറ്റ്ട്രിം ,ലോങ്ഫോര്‍ഡ് , സ്ലിഗൊ, റോസ്‌കോമോണ്‍ എന്നീ പ്രദേശങ്ങളിലുമാണ്.

ഡബ്ലിന് പുറത്തുള്ള പ്രധാന ഐറിഷ് നഗരങ്ങളിലും വില കുത്തനെ ഉയരുകയാണ്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ വസ്തുവിലയില്‍ വീണ്ടും 3 ശതമാനത്തോളം വില ഉയരുമെന്ന് തന്നെയാണ് റിയല്‍ എസ്റ്റേറ്റ് രംഗത്തെ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

എന്നാല്‍ സെക്കന്റ് ഹാന്‍ഡ് വീടുകള്‍ക്ക് വില അല്പം താഴ്ന്ന് തുടങ്ങിയിട്ടുണ്ട്. വസ്തുമാര്‍കെറ്റില്‍ ഇത്തരം വീടുകള്‍ കൂടുതലായി വന്നത് വില കുറയാന്‍ ഇടയാക്കുകയായിരുന്നു. അടുത്ത വര്‍ഷങ്ങളിലേക്ക് പുതിയ വീടുകള്‍ മാര്‍കെറ്റില്‍ എത്തിക്കാന്‍ രാജ്യത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വന്‍ തോതില്‍ വര്‍ധിച്ചു.

Share this news

Leave a Reply

%d bloggers like this: