അയര്‍ലണ്ടില്‍ ജോലി തേടുന്ന വിദേശ മെഡിക്കല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിശ്ചിത കാലയളവ് പ്രായോഗിക പരിശീലനം നിര്‍ബന്ധമാക്കുന്നു; നേഴ്സുമാര്‍ക്കും നിയമം ബാധകമാകും.

ഡബ്ലിന്‍: വിദേശ രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടില്‍ എത്തി നിയമനം നേടാന്‍ ആഗ്രഹിക്കുന്ന മെഡിക്കല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്‌ക്രീനിങ് നിര്‍ബന്ധമാക്കി ഐറിഷ് ഹൈക്കോടതി ഉത്തരവിറക്കി. നേഴ്സുമാര്‍, ഡോകര്‍മാര്‍, റേഡിയോഗ്രാഫര്‍ തുടങ്ങി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യാന്‍ അയര്‍ലണ്ടില്‍ എത്തുന്ന എല്ലാ ഉദ്യോഗാര്‍ത്ഥികളുടെയും പ്രായോഗിക പരിശീലനം പരിശോധിച്ച് മാത്രം നിയമനം നല്‍കാന്‍ കോടതി എച്ച്.എസ്.ഇ യുടെ റിക്രൂട്ട്‌മെന്റ് വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി. നിശ്ചിത കാലാവധിക്കുള്ളില്‍ ഉദ്യോഗാര്‍ത്ഥികള്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയെന്ന് നിയമന സമയത്ത് ഉറപ്പ് വരുത്താനും കോടതി നിര്‍ദ്ദേശിച്ചു.

പ്രായോഗിക പരിശീലനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ അഭിമുഖത്തില്‍ ഉള്‍പ്പെടുത്തുക, ഉദ്യോഗാര്‍ത്ഥികള്‍ക്ക് ക്ലിനിക്കല്‍ ടെസ്റ്റ് നിര്‍ബന്ധമാക്കുക തുടങ്ങിയ ചില സുപ്രധാന തീരുമാനങ്ങള്‍ നടപ്പാക്കാനും കോടതി ഉത്തരവിറക്കി. ചില രാജ്യങ്ങളില്‍ നിന്ന് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അയര്‍ലണ്ടില്‍ ജോലിക്കായി എത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രായോഗിക പരിശീലനം കുറവാണെങ്കിലും ദീഘനാളത്തെ പഠനകാലയളവ് കണക്കാക്കി ഇവര്‍ക്ക് ഐറിഷ് മെഡിക്കല്‍ കൗണ്‍സില്‍ രെജിസ്‌ട്രേഷന്‍ അനുവദിക്കാറുണ്ട്. ഈ രീതി അവസാനിപ്പിച്ച് പ്രായോഗിക പരിശീലനത്തിന് മുന്‍തൂക്കം നല്‍കി നിയമനം നല്‍കുന്ന രീതിക്ക് ഈ മാസം ആദ്യ ആഴ്ചയില്‍ എച്ച്.എസ്.ഇ തുടക്കമിട്ടിരുന്നു.

വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ഉണ്ടായ സംഭവത്തെ ചൂണ്ടിക്കാട്ടി കോടതി എച്ച്.എസ്.ഇ ക്ക് നേരെ വന്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. വാട്ടര്‍ഫോര്‍ഡ് ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന റേഡിയോഗ്രാഫര്‍ രോഗിയുടെ കൂടെ വന്ന ആളിന്റെ ശരീരത്തിലും റേഡിയേഷന്‍ കടത്തിവിട്ടെന്ന പരാതി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ വിമര്‍ശനം. വാട്ടര്‍ഫോര്‍ഡ് ആശുപത്രിയില്‍ ചികിത്സക്ക് എത്തിയ കുട്ടിക്ക് സ്‌കാനിങ് നടത്തുമ്പോള്‍ കുട്ടിയുടെ അമ്മയുടെ ശരീരത്തിലും അനാവശ്യമായി റേഡിയേഷന്‍ കടത്തിവിട്ട സംഭവം വന്‍ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.

വിവാദത്തില്‍പ്പെട്ട റേഡിയോഗ്രാഫര്‍ ജോലിയില്‍ പ്രവേശിച്ച് ആഴ്ചകള്‍ക്കിടെയാണ് സംഭവം ഉണ്ടായത്. പരാതിയെ തടുര്‍ന്ന് ഇയാളുടെ യോഗ്യത പരിശോധിച്ചപ്പോള്‍ ഇയാള്‍ക്ക് പ്രായോഗിക പരിശീലനം കുറവാണെന്ന് കണ്ടെത്തിയിരുന്നു. ആരോഗ്യ ജീവനക്കാരുടെ അശ്രദ്ധയെത്തുടര്‍ന്ന് ഐറിഷ് ആശുപത്രികളില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കോടതി ആരോഗ്യ മേഖലയില്‍ ശക്തമായ ഇടപെടല്‍ നടത്തിയത്.

ഡികെ

Share this news

Leave a Reply

%d bloggers like this: