അയര്‍ലണ്ടില്‍ എത്തിയ ജിഹാദി വധു ലിസ സ്മിത്തിനെ അറസ്റ്റ് ചെയ്തു.

ഡബ്ലിന്‍: ജിഹാദി വധു ലിസ സ്മിത്ത് അയര്‍ലണ്ടില്‍ മടങ്ങിയെത്തി. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ രാവിലെ 10.30 നു ആയിരുന്നു ടര്‍ക്കിഷ് എയര്‍ലൈനില്‍ ലിസ ഡബ്ലിനില്‍ ഇറങ്ങിയത്. 2 വയസ്സുള്ള പെണ്‍കുട്ടിക്കൊപ്പം മാതൃരാജ്യത്ത് എത്തിയ ലിസയോടൊപ്പം ഐറിഷ് വിദേശകാര്യ വകുപ്പിലെ 3 ഉദ്യോഗസ്ഥര്‍, ആര്‍മി റെയ്ഞ്ചര്‍ അംഗങ്ങള്‍, തുര്‍ക്കിയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരും ഉണ്ടായിരുന്നു.

എയര്‍പോര്‍ട്ടില്‍ എത്തിയ ഉടന്‍ ഗാര്‍ഡ ലിസയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഭീകരവാദ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ടതിനാണ് അറസ്റ്റ്. നിലവില്‍ സൗത്ത് ഡബ്ലിനിലെ ഗാര്‍ഡ സ്റ്റേഷനിലാണ് ലിസയെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. 1939-ലെ സ്റ്റേറ്റ് ആക്ട് അനുസരിച്ചാണ് അറസ്റ്റ്. ലിസയുടെ കുഞ്ഞിന്റെ സംരക്ഷണം ബന്ധുക്കളും, കുട്ടികളുടെ സംരക്ഷണ ചുമതലയുള്ള ടെസ്ല എന്ന ഏജന്‍സിക്കും നല്‍കി.

അയര്‍ലണ്ടില്‍ പ്രതിരോധ സേനയുടെ ഭാഗമായിരുന്ന ലിസ ഇസ്ലാമിക് സ്റ്റേറ്റിനോട് അഭിനിവേശം തോന്നിയതോടെ ഇസ്ലാം മതം സ്വീകരിച്ച് ഒരു ഡെന്‍മാര്‍ക്ക് സ്വദേശിയായ ജിഹാദിയെ വിവാഹം ചെയ്ത് സിറിയയിലേക്ക് കടക്കുകയായിരുന്നു. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ലിസയുടെ ഭര്‍ത്താവ് കൊല്ലപ്പെടുകയും ചെയ്തു. ക്രമേണ ഐഎസ്സിന്റെ ശക്തി ക്ഷയിച്ചുതുടങ്ങിയതോടെ ഇവര്‍ കുര്‍ദ്ദ് സേനയുടെ പിടിയിലകപ്പെട്ടു. തുടര്‍ന്ന് സിറിയയില്‍ ലിസ താമസിച്ച ക്യാംപില്‍ ഒരു മാധ്യമ റിപ്പോര്‍ട്ടര്‍ എത്തിയതോടെ ലിസ ഐറിഷുകാരിയാണെന്ന് തിരിച്ചറിഞ്ഞു. ഈ വാര്‍ത്ത പുറത്തുവന്നതോടെ ഐഎസ്സിന്റെ ഭാഗമായ ഐറിഷ് വനിത മുന്‍ സേന അംഗമായ ലിസ സ്മിത്ത് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: