അയര്‍ലണ്ടില്‍ ആയുര്‍ദൈര്‍ഘ്യം കുറവ് ലീമറിക്കുകാര്‍ക്ക്; ദേശീയ പിന്നാക്ക സൂചിക പുറത്ത്…

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പിന്നാക്കാവസ്ഥയിലുള്ള പ്രദേശങ്ങളില്‍ ആളുകളുടെ ആയുര്‍ദൈര്‍ഘ്യം കുറവാണെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. ഡബ്ലിന്‍ ട്രിനിറ്റി കോളേജിലെ ഡിപ്പാര്‍ട്ടമെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് പ്രൈമറി കെയര്‍ പുറത്തുവിട്ട ദേശീയ പിന്നാക്ക സൂചികയിലാണ് ഈ കണ്ടെത്തല്‍. എന്നാല്‍ വികസനം കൂടിയ മേഖലകളില്‍ ആളുകളുടെ ജീവിത നിലവാരവും ആയുസ്സും കൂടുതലാണെന്ന് പഠന ഫലങ്ങള്‍ പറയുന്നു.

2006 മുതല്‍ 2011 വരെയാണ് ചില ഐറിഷ് പ്രദേശങ്ങളില്‍ രൂക്ഷമായ പിന്നാക്കാവസ്ഥ നേരിട്ടത്. ജനങ്ങളുടെ ജീവിത നിലവാരം, ആരോഗ്യം, വരുമാനം തുടങ്ങിയ അടിസ്ഥാന ഘടകങ്ങളെ ആധാരമാക്കിയാണ് ഓരോ പ്രദേശത്തിന്റെയും പിന്നാക്കാവസ്ഥയും വികസനവും മനസിലാക്കുന്നത്. 2016 മുതല്‍ പിന്നാക്കാവസ്ഥയിലുള്ള മേഖലകള്‍ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2009 ല്‍ ഉണ്ടായ സാമ്പത്തിക മാന്ദ്യം അയര്‍ലണ്ടിലെ കൂടുതല്‍ പ്രദേശങ്ങളെ ബാധിച്ചതായി പുതിയ സൂചിക വ്യക്തമാക്കുന്നു. രാജ്യത്തെ പിന്നാക്ക പ്രദേശങ്ങളില്‍ ഏറ്റവും മുന്നിലുള്ളത് ലീമെറിക്ക് ആണ്. ഇവിടെ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യത്തിലും ഈ പിന്നാക്കാവസ്ഥ നേരിടുന്നതായിട്ടാണ് പഠനഫലം സൂചിപ്പിക്കുന്നത്. അയര്‍ലണ്ടില്‍ പുരുഷന്മാര്‍ക്ക് 78 വയസ്സും സ്ത്രീകള്‍ക്ക് 82 വയസുമാണ് ദേശീയ ആയുര്‍ദൈര്‍ഘ്യ ശരാശരി. എന്നാല്‍ ലീമെറിക്കില്‍ ഇതിന് താഴെയാണ് ശരാശരി ആയുര്‍ദൈര്‍ഘ്യമെന്നും പഠനങ്ങള്‍ പറയുന്നു.

രാജ്യത്തെ വികസന മേഖലകളെ താരതമ്യം ചെയ്യുമ്പോഴാണ് ഈ കുറവ് കണ്ടെത്തിയതെന്ന് ഗവേഷകര്‍ പറയുന്നു. ആരോഗ്യ മേഖലയില്‍ ഉള്‍പ്പെടെ പിന്നാക്ക പ്രദേശങ്ങളില്‍ വികസനം നേടേണ്ടതുണ്ടെന്നും കണ്ടെത്തി. അയര്‍ലണ്ടില്‍ ഡബ്ലിനിലെ ഡാന്‍ലോഗെയര്‍, റാത്ത്‌ഡൌണ്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യം രേഖപ്പെടുത്തിയിരിക്കുന്നത്. 2016 ലെ സെന്‍സസിലെ ആധാരമാക്കിയാണ് ഈ പഠനങ്ങള്‍ നടത്തിയിരിക്കുന്നത്.

പ്രാദേശികമായ വ്യാത്യാസങ്ങളാണ് പ്രധാനമായും വികസന ആരോഗ്യ മേഖലയില്‍ പ്രതിഫലിക്കുന്നതെന്നും ഗവേഷകര്‍ കണ്ടെത്തി. അടുത്ത 20 വര്‍ഷത്തെ ദേശീയ പ്രാദേശിക വികസന മേഖലയില്‍ ഈ റിപ്പോര്‍ട്ടിന് വലിയ പ്രാധാന്യമുണ്ടെന്നും ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഡോക്ടര്‍ കോണോര്‍ തേജര്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: