അയര്‍ലണ്ടില്‍ അനധികൃതമായി ഓണ്‍ലൈന്‍ ഔഷധ കച്ചവടം പൊടിപൊടിക്കുന്നു; വ്യാജ മരുന്നുകള്‍ വാങ്ങുന്നവരുടെ ജീവന്‍ അപകടത്തിലാണെന്ന് മുന്നറിയിപ്പ്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വ്യജ മരുന്ന് കച്ചവടം വന്‍തോതില്‍ വര്‍ധിക്കുന്നു. ഇതിനെതിരെ ജാഗ്രത പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ഈ വര്‍ഷം 6 മാസത്തിനിടെ ഓണ്‍ലൈന്‍ വഴി വ്യാപാരം നടത്തിയ 4 ലക്ഷത്തോളം മരുന്നുകളാണ് ആരോഗ്യവകുപ്പിന്റെ റെയ്ഡിനിടെ പിടിച്ചെടുത്തത്. ഡോക്റ്ററുടെ കുറിപ്പടിയിലുള്ള മരുന്നുകള്‍ ഓണ്‍ലൈനിലൂടെ വാങ്ങിക്കുന്നത് അപകടം വിളിച്ചുവരുത്തുമെന്ന് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

ഇത്തരത്തില്‍വാങ്ങുന്ന ഔഷധങ്ങളുടെ കൂട്ട്, കാലാവധി എന്നിവ കൃത്യമല്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പിടിച്ചെടുത്ത മരുന്നുകള്‍ ശാസ്ത്രീയമായി പരിശോധിച്ചപ്പോള്‍ ഇവയില്‍ ആരോഗ്യത്തിന് അപകടകരമായ പല വസ്തുക്കളും കണ്ടെത്തുകയും, രോഗികളുടെ ജീവന്‍ തന്നെ അപകടത്തില്‍ പെടുമെന്നും ജാഗ്രത നിര്‍ദേശമുണ്ട്. കുറിപ്പടി മരുന്നുകള്‍ ഇന്റര്‍നെറ്റിലൂടെ വിലക്കപെടുന്നത് അയര്‍ലണ്ടില്‍ നിയമപരവുമല്ല. ഗര്‍ഭനിരോധന ഗുളികകള്‍, ഡിപ്രെഷന്‍ വിരുദ്ധ മരുന്നുകള്‍, എന്നിവയാണ് പിടിച്ചെടുക്കപെട്ട മരുന്നുകളില്‍ കൂടുതലും കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഹെല്‍ത്ത് പ്രോഡക്ട് റെഗുലേറ്ററി അതോറിറ്റി, ഗാര്‍ഡ, റവന്യൂ – കസ്റ്റംസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് മരുന്നുവേട്ട നടക്കുന്നത്. മരുന്ന് കച്ചവടത്തിനായി നിരവധി വ്യാജ വെബ്‌സൈറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. അയര്‍ലണ്ടില്‍ അബോര്‍ഷന്‍ നിയമപരമായി അംഗീകരിക്കപ്പെട്ടതോടെ ഓണ്‍ലൈന്‍ മരുന്നു വ്യാപാരം വര്‍ധിച്ചതായും കണക്കുകള്‍ പറയുന്നു. ഇത്തരത്തില്‍ പൊതുജന ആരോഗ്യം തകരാറിലാക്കുന്ന നിയമവിരുദ്ധ മരുന്നു കാഴ്ച്ചവടത്തെ ഇല്ലാതാക്കാന്‍ അടുത്തുതന്നെ ശക്തമായ നിയമനിര്‍മ്മാണം നടത്തുമെന്നും ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: