അയര്‍ലണ്ടിന് പുറത്ത് പോകാനും, തിരിച്ചെത്താനും ഇനി മുതല്‍ റീ എന്‍ട്രി വിസ ആവശ്യമില്ല

ഡബ്ലിന്‍ : ഐറിഷ് വിസ കൈവശമുള്ളവര്‍ക്ക് അയര്‍ലണ്ടില്‍ ഇവിടെ നിന്ന് പുറത്തുപോകാനും തിരിച്ചെത്താനും ഇനി മുതല്‍ റീ എന്‍ട്രി വിസ ആവശ്യമില്ല. 2019 മെയ് 13 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. 16 വയസിനു താഴെയുള്ള കുട്ടികള്‍ ഒഴികെ അയര്‍ലണ്ടില്‍ ഇനി മുതല്‍ റീ എന്‍ട്രി വിസ ആവശ്യമില്ലെന്ന് അറിയിച്ച് ജസ്റ്റിസ് വകുപ്പ് ഉത്തരവിറക്കി.

കഴിഞ്ഞ ദിവസം റീ എന്‍ട്രി വിസയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് ജസ്റ്റിസ് വകുപ്പ് നിയമത്തില്‍ കൂടുതല്‍ സുതാര്യത വരുത്തിയത്. ഏപ്രില്‍ 11 ന് ഐ.എന്‍.ഐ. എസ് വെബ്സൈറ്റില്‍ മുതിര്‍ന്നവര്‍ക്ക് അയര്‍ലണ്ടില്‍ റീ- എന്‍ട്രി വിസ ആവശ്യമില്ലെന്ന് അറിയിച്ച കൊണ്ടുള്ള ഒരു പോസ്റ്റ് വരികയും, എന്നാല്‍ ഈ നിയമം എന്ന് വരും എന്നതിനെ കുറിച്ച് വ്യക്തമാക്കിയിരുന്നില്ല.

വെബ്സൈറ്റില്‍ വന്ന വാര്‍ത്ത ഐറിഷ് പ്രവാസികള്‍ക്കിടയില്‍ ആശയകുഴപ്പം സൃഷ്ടിക്കുകയും സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം ഈ നിയമത്തില്‍ വ്യക്തത വരുത്തികൊണ്ടുള്ള വാര്‍ത്ത ഐ.എന്‍ .ഐ. എസ് വെബ്‌സൈറ്റ് പുറത്ത് വിടുകയായിരുന്നു. പുതിയ നിയമം അയര്‍ലണ്ടില്‍ അരലക്ഷത്തോളം ആളുകള്‍ക്ക് പ്രയോജനപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്.

റീ എന്‍ട്രി വിസ ആവശ്യമായ സാഹചര്യത്തില്‍ വിസ ലഭിക്കാന്‍ താമസം നേരിടുന്നത് പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്രയെ പ്രതികൂലമായി ബാധിച്ചിരുന്നു. എമര്‍ജന്‍സി റീ എന്‍ട്രി വിസക്ക് 160 യൂറോ വരെ ഫീ നല്‍കണം. അയര്‍ലണ്ടിലെ കുടിയേറ്റ സമൂഹത്തിന് കിട്ടിയ ഏറ്റവും നല്ലൊരു നിയമാണ് ഇതെന്ന് നിയമത്തെ സ്വാഗതം ചെയ്ത്‌കൊണ്ട് അയര്‍ലണ്ടിലെ പീസ് കമ്മിഷണര്‍ ശശാങ്ക് ചക്രബര്‍ത്തി അഭിപ്രായപ്പെട്ടു.

പ്രത്യേകിച്ച് അയര്‍ലണ്ടിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നിയമം ഏറെ ഗുണകരമാണെന്നും പീസ് കമ്മിഷണര്‍ അഭിപ്രായം രേഖപ്പെടുത്തി. മെയ് 13 മുതല്‍ 16 വയസ്സിനു താഴെയുള്ളവര്‍ക്കും, എംബസി ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് റീ എന്‍ട്രി വിസ ആവശ്യമായി വരുന്നത്. ഇനി മുതല്‍ ഇമിഗ്രേഷന്‍ രേഖകളായി ജി.എന്‍. ഐ.ബി അല്ലെങ്കില്‍ ഐ.ആര്‍.പി കാര്‍ഡ് മതിയാകും.

യൂറോപ്യന്‍ ഇക്കണോമിക് ഏരിയക്ക് പുറത്തുള്ളവര്‍ക്ക് 90 ദിവസത്തില്‍ കൂടുതല്‍ അയര്‍ലണ്ടില്‍ താമസിക്കാന്‍ ഐ.ആര്‍.പി കാര്‍ഡ് നിര്‍ബന്ധിത രേഖയാക്കിയത് 2017 മുതലാണ്. ഇത് കൂടാതെ മുന്‍ വര്‍ഷങ്ങളില്‍ അയര്‍ലണ്ടില്‍ താമസിക്കാന്‍ ജി.എന്‍ .ഐ.ബി കാര്‍ഡും നിര്‍ബന്ധമാക്കിയിരുന്നു. ഇത്തരം കാര്‍ഡുകള്‍ നിലവിലുള്ളപ്പോള്‍ റീ എന്‍ട്രി വിസ എന്നൊരു മറ്റൊരു തെളിവ് രേഖ കൂടി ആവശ്യമില്ലെന്ന് കണ്ടെത്തിയതോടെ ഇമിഗ്രേഷന്‍ വകുപ്പ് റീ എന്‍ട്രി വിസ നിയമത്തില്‍ ചില ഭേദഗതികള്‍ കൊണ്ടുവരികയായിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: