അമ്മായിയമ്മയോട് വൈരാഗ്യം; യുവതി സ്വന്തം കുഞ്ഞിനെ വാഷിംഗ് മെഷീനിലിട്ടു

 

മുക്കം: കോഴിക്കോട് മുക്കം കാരശേരി കക്കാടില്‍ വീട്ടമ്മയുടെ മുഖത്ത് മുളക് പൊടി വിതറി ഇരുപത് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വാഷിംഗ് മെഷീനിലിട്ട സംഭവത്തില്‍ കുഞ്ഞിനെ വാഷിംഗ് മെഷീനിലിട്ടത് അമ്മ തന്നെയെന്ന് പോലീസ്. അമ്മ ഫസ്‌ന പോലീസിനോട് കുറ്റം സമ്മതിച്ചു. ഭര്‍ത്താവിന്റെ അമ്മയോടുളള വൈരാഗ്യം കാരണമാണ് ഇങ്ങനെ ചെയ്തതെന്നും മുക്കം പോലീസിനോട് ഇവര്‍ പറഞ്ഞു. ഭര്‍ത്താവിന്റെ മാതാവ് മാനസികമായും ശാരീരികമായും പിഡിപ്പിച്ചിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. മുളകുപൊടി വിതറിയതും ഫസ്‌ന തന്നെയാണെന്നാണ് പോലീസ് പറയുന്നത്.

അതേസമയം ഫസ്്‌നയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയില്ലെന്നും പോലീസ് അറിയിച്ചു. ആദ്യം ചോദ്യം ചെയ്തപ്പോള്‍ ഭര്‍ത്താവാണ് കുഞ്ഞിനെ വാഷിംഗ് മെഷിനിലിട്ടതെന്നാണ് യുവതി പറഞ്ഞത്. പിന്നീട് ഭര്‍ത്താവിന്റെ അനിയനാണ് ഇട്ടതെന്ന് തിരുത്തി. അതേസമയം സംഭവത്തില്‍ ദുരൂഹത തുടരുകയാണ്. യുവതിയുടെ ഭര്‍ത്താവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കക്കാട് കുണ്ടുംകടവത്ത് ഹൈറുദ്ധീന്‍ ആണ് കസ്റ്റഡിയിലായത്.

വ്യാഴാഴ്ച വൈകുന്നേരം 5.30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഹൈറുദ്ധീന്റെ ഭാര്യ ഫസ്‌ന കുളിക്കാനായി പോവുന്നതിനിടെ അടുക്കള ഭാഗത്ത് നിന്ന് എത്തിയ അക്രമി മുഖത്തേക്ക് മുളക് പൊടി വിതറുകയായിരുന്നുവെന്നാണ് പറഞ്ഞിരുന്നത്. തുടര്‍ന്നു വീട്ടിലെ കട്ടിലില്‍ കിടത്തിയിരുന്ന കുഞ്ഞിനെ വാഷിംഗ് മെഷീനിലെ സോപ്പു വെള്ളത്തിലിടുകയും ചെയ്തു. ഫസ്‌നയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരും അയല്‍ക്കാരുമാണ് കുഞ്ഞിനേയും ഫസ്‌നയേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതര നിലയിലുളള കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിലാണ്. ഫസ്‌നയുടെ വീട്ടില്‍നിന്നുതന്നെ എടുത്ത മുളക് പൊടിയാണ് മുഖത്ത് വിതറിയത്.

താമരശേരി ഡിവൈഎസ്പി ശ്രീകുമാര്‍, സിഐ സുശീല്‍ എന്നിവര്‍ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. ഫസ്‌ന-ഹൈറുദ്ദീന്‍ ദമ്പതിമാര്‍ക്ക് ഒന്നരവയസ് പ്രായമുള്ള ഒരു കുട്ടി കൂടിയുണ്ട്.

Share this news

Leave a Reply

%d bloggers like this: