അമ്മയില്‍ നിന്നും പുറത്താക്കിയതല്ല; രാജിവെച്ചതാണെന്ന് ദിലീപ്

കൊച്ചി: ‘അമ്മ’യില്‍ തനിക്കുള്ള സ്വാധീനം പരോക്ഷമായി പറഞ്ഞ് ദിലീപ് തന്റെ രാജിക്കത്ത് പുറത്തുവിട്ടു. വിവാദങ്ങള്‍ അവസാനിപ്പിക്കുന്നതിനാണു രാജിയെന്നാണ് രാജിക്കത്തില്‍ ദിലീപ് പറയുന്നത്. ദിലീപ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് കത്ത് പുറത്ത് വിട്ടത്. ‘അമ്മ’ എന്ന സംഘടനയില്‍ നിന്നുള്ള എന്റെ രാജിക്കത്ത് അമ്മയിലെ അംഗങ്ങള്‍ക്കും, പൊതുജനങ്ങള്‍ക്കും, എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും, എല്ലാവര്‍ക്കുമായ് ഞാന്‍ പങ്കുവെയ്ക്കുകയാണെന്ന് പറഞ്ഞാണ് ദിലീപ് രാജിക്കത്ത് പുറത്തു വിട്ടിരിക്കുന്നത്.

‘അമ്മ’യുടെ എക്സിക്യൂട്ടിവിനു ശേഷവും ഈ കത്ത് പുറത്ത് വിടാത്തതു കൊണ്ടാണു ഇപ്പോള്‍ കത്ത് പുറത്തു വിടുന്നത്. അമ്മയുടെ ബൈലോപ്രകാരം എന്നെ പുറത്താക്കാന്‍ ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്. പക്ഷെ, എന്നെ കരുതി അമ്മ എന്ന സംഘടന തകര്‍ക്കപ്പെടാതിരിക്കാന്‍ വേണ്ടി ഞാന്‍ എന്റെ ജേഷ്ഠസഹോദരനായ ശ്രീ മോഹന്‍ലാലുമായി വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണു രാജിക്കത്ത് നല്‍കിയത്. രാജിക്കത്ത് സ്വീകരിച്ചാല്‍ അത് രാജിയാണ്, പുറത്താക്കലല്ല’ ദിലീപ് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഉപജാപക്കാരുടെ ശ്രമങ്ങളില്‍ അമ്മ തളര്‍ന്നു കൂടാ. താന്‍ മൂലം സംഘടനയില്‍ ഉടലെടുത്ത വിവാദങ്ങള്‍ അവസാനിക്കാന്‍ രാജി വെയ്ക്കുന്നു എന്നാണ് രാജിക്കത്തില്‍ ദിലീപ് പറയുന്നത്. കത്തില്‍ ‘അമ്മ’യ്ക്കെതിരെ ദിലീപ് പരോക്ഷമായി വിമര്‍ശനമുന്നയിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒന്നരവര്‍ഷമായി താന്‍ വേട്ടയാടപ്പെടുകയാണ്. താന്‍ ഏറ്റവും ബഹുമാനിക്കുന്ന സംഘടനയില്‍ നിന്നും തന്നെ പുറത്താക്കി. പിന്നീട് ജനറല്‍ ബോഡി ചേര്‍ന്ന് ആ തീരുമാനം മരവിപ്പിച്ചു. മാധ്യമങ്ങളിലൂടെയാണ് താന്‍ ഇക്കാര്യം അറിഞ്ഞത്. ‘അമ്മ’യില്‍ അംഗമായിട്ടും തന്നെ ഇക്കാര്യം നേരിട്ട് അറിയിച്ചില്ലെന്നാണ് ദിലീപ് ആരോപിക്കുന്നത്. കൂടാതെ എക്സിക്യൂട്ടിവില്‍ ഭൂരിപക്ഷം ഉണ്ടെങ്കിലേ തന്നെ പുറത്താക്കാനാവൂ എന്ന ആത്മവിശ്വാസവും ദിലീപ് പ്രകടിപ്പിച്ചിട്ടുണ്ട്.

പത്താം തിയതിയാണ് ദിലീപ് രാജിവെക്കുന്നതായി അറിയിച്ചുകൊണ്ട് കത്തു നല്‍കിയത്. ഇത് തന്റെ രാജിക്കത്തായി പരിഗണിക്കണമെന്നും തന്റെ നിരപരാധിത്വം തെളിയിക്കുന്നതുവരെ ഒരു സംഘടനയുടെയും ഭാഗമായി പ്രവര്‍ത്തിക്കില്ലെന്നുമാണ് ദിലീപ് കത്തില്‍പറയുന്നത്. ദിലീപ് ഇപ്പോള്‍ ‘അമ്മ’യുടെ അംഗം അല്ല എന്ന വാര്‍ത്ത തങ്ങള്‍ സ്വാഗതം ചെയ്യുന്നു എന്ന് ഡബ്ലിയുസിസി പറഞ്ഞിരുന്നു.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: