അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി; നഷ്ടമായത് രത്നങ്ങള്‍ പതിച്ച സ്വര്‍ണപ്പതക്കം

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി. തിരുവാഭരണങ്ങളിലെ രണ്ടാം തരം മാലയും നവരത്നങ്ങള്‍ പതിച്ച പതക്കവുമാണ് നഷ്ടപ്പെട്ടത്. പതക്കം നഷ്ടപ്പെട്ടതായി ദേവസ്വം കമ്മിഷണര്‍ സ്ഥിരീകരിച്ചു. വിഷു ദിനത്തില്‍ തിരുവാഭരണങ്ങള്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ മേല്‍ശാന്തിയെ ഏല്‍പ്പിച്ചിരുന്നു. നവരത്നങ്ങള്‍ പതിച്ച മുഖം, മാറ്, മാല എന്നിവയാണ് മേല്‍ശാന്തിയെ ഏല്‍പ്പിച്ചത്. പിന്നീട് ആഭരണങ്ങള്‍ തിരികെ ഏല്‍പ്പിച്ചപ്പോഴാണ് പതക്കം നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെയും കണ്ടെത്താനായിട്ടില്ല.

ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന ഉത്സവത്തില്‍ വിഗ്രഹത്തില്‍ തിരുവാഭരണം ചാര്‍ത്തിയിരുന്നു. എന്നാല്‍ വിഷുവിന് ക്ഷേത്രനട തുറന്നപ്പോള്‍ മുതലാണ് സ്വര്‍ണപ്പതക്കം കാണാതായതെന്നാണ് ലഭിക്കുന്ന വിവരം.നൂറ്റാണ്ടുകള്‍ പഴക്കമുളള രത്നങ്ങള്‍ പതിച്ച അമൂല്യമായ സ്വര്‍ണപതക്കമാണ് നഷ്ടമായതെന്നാണ് അറിയുന്നത്. സ്വര്‍ണപതക്കം കാണാതായി ദിവസങ്ങള്‍ക്ക് ശേഷമാണ് ക്ഷേത്രം അധികൃതര്‍ ദേവസ്വം ബോര്‍ഡിനെ വിവരം അറിയിക്കുന്നത്. ഇതില്‍ ദുരൂഹതയുളളതായിട്ടാണ് സംശയം. വിശ്വാസികളുടെ വികാരം വ്രണപ്പെടുമെന്ന കാര്യമാണ് ക്ഷേത്രം അധികൃതര്‍ കാരണമായി പറയുന്നത്.

ദേവസ്വം ബോര്‍ഡിനെ അറിയിച്ചതിനെ തുടര്‍ന്ന് ദേവസ്വം കമ്മീഷണര്‍ എത്തി സ്ട്രോങ് റൂമില്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണപ്പതക്കം നഷ്ടമായ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വിഷുവിനോട് അനുബന്ധിച്ചുളള ദിവസങ്ങളില്‍ ക്ഷേത്രത്തിന് സമീപം രക്തക്കറ കണ്ടിരുന്നതായും വിവരങ്ങളുണ്ട്. ക്ഷേത്രത്തിലെ ശ്രീകൃഷ്ണന്റെ വിഗ്രഹത്തിന്റെ മുക്കാല്‍ ഭാഗത്തോളം നീളം വരുന്നതാണ് നഷ്ടമായ സ്വര്‍ണപ്പതക്കം. സംഭവത്തില്‍ വിശദമായ പരിശോധന ദേവസ്വംവകുപ്പ് ആരംഭിച്ചിട്ടുണ്ട്.

എ എം

Share this news

Leave a Reply

%d bloggers like this: