അമേരിക്കയിലെ ഐറിഷ് കുടിയേറ്റക്കാര്‍ക്ക് ആശ്വസിക്കാം: വരേദ്കറിന്റെ യു.എസ് സന്ദര്‍ശനം ഫലപ്രദം

ഡബ്ലിന്‍: സെന്റ് പാട്രിക് ഡേ യുമായി ബന്ധപ്പെട്ട് യു.എസ് സന്ദര്‍ശനം നടത്തുന്ന ഐറിഷ് പ്രധാനമന്ത്രി ലിയോ വരേദ്കറിന് യു.എസ് പ്രസിഡന്റിന്റെ ഉജ്വല സ്വീകരണം. വൈറ്റ് ഹൗസില്‍ ഇരുവരും നടത്തിയ ചര്‍ച്ചയില്‍ ഐറിഷ് കുടിയേറ്റക്കാര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് ട്രംപ് വരേദ്കറിന് ഉറപ്പ് നല്‍കി. 50,000-ല്‍ കൂടുതല്‍ ഔദ്യോഗിക രേഖകളില്ലാത്ത ഐറിഷുകാര്‍ യു.എസ്സില്‍ കുടിയേറ്റക്കാരായി തുടരുകയാണ്. ഇവര്‍ക്ക് തുടര്‍ന്നും യു.എസ്സില്‍ ജീവിക്കാനുള്ള അവകാശം നല്‍കാന്‍ ട്രംപ് ഭരണകൂടം തയ്യാറാണെന്ന സൂചനയാണ് ലഭിക്കുന്നത്.

യു.എസ്സില്‍ കുടിയേറി ഗ്രീന്‍കാര്‍ഡ് സ്വന്തമാക്കിയ യുവാവ് ഇവിടെ ഭീകരാക്രമണം നടത്തിയ സാഹചര്യത്തില്‍ എമിഗ്രെഷന്‍ നിയമം ശക്തമാക്കാന്‍ യു.എസ് തീരുമാനിച്ചിരുന്നു. ഭീകരവാദം ശക്തമായ രാജ്യങ്ങളിലുള്ളവര്‍ക്ക് യു.എസ്സില്‍ കടുത്ത നിയന്ത്രങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഗ്രീന്‍കാര്‍ഡ് നല്‍കുന്നത് നിര്‍ത്തിവയ്ക്കാനുള്ള തീരുമാനങ്ങയുണ്ടായി. ഇതോടെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കാനുള്ള നടപടികളും ആരംഭിച്ചിരുന്നു.

വര്‍ഷങ്ങളായി യു.എസ്സിലുള്ള ഐറിഷുകാരെ പുതിയ നിയമം സാരമായി ബാധിക്കുമെന്ന് അയര്‍ലണ്ടിലെ മന്ത്രിമാരും ടി.ഡിമാരും പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. യു.എസ്സുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അയര്‍ലന്‍ഡ് സൗഹൃദത്തെ മുന്‍നിര്‍ത്തിയുള്ള നയതന്ത്ര ചര്‍ച്ചകളും നേരത്തെ ആരംഭിച്ചിരുന്നു. യൂറോപ്പുമായി ബന്ധപ്പെടാന്‍ യു.എസ് അനുയോജ്യ രാജ്യമായി കാണുന്നതും അയര്‍ലണ്ടിനെ തന്നെയാണ്. സൈനിക ആവശ്യങ്ങള്‍ക്ക് ഷാനോന്‍ എയര്‍പോര്‍ട്ട് ഉപയോഗപ്പെടുത്തുന്നതിനാല്‍ യു.എസ്സിന് അയര്‍ലണ്ടിന്റെ ആവശ്യം നിരാകരിക്കാനും കഴിയില്ല.

യൂണിയന്‍ രാജ്യങ്ങള്‍ക്കിടയിലെ യു.എസ്സുമായി ശക്തമായ ബന്ധം സ്ഥാപിച്ചെടുക്കാന്‍ അയര്‍ലന്‍ഡിന് കഴിഞ്ഞിരുന്നു. ഇതോടെ ഐറിഷ് കുടിയേറ്റ നിയമത്തില്‍ യു.എസ്സിന് അയര്‍ലണ്ടിനോട് അനുകൂല നിലപാട് തന്നെ സ്വീകരിക്കേണ്ടി വരും. കൂടുതല്‍ ചര്‍ച്ചകള്‍ നടത്താതെ അയര്‍ലണ്ടിന്റെ ആവശ്യം അംഗീകരിക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധം ദൃഢമാക്കുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷണം.

ഡികെ

Share this news

Leave a Reply

%d bloggers like this: