അമേരിക്കന്‍ വിസ കിട്ടാന്‍ സോഷ്യല്‍ മീഡിയയിലെ വിശദാംശങ്ങളും നല്‍കണം: ട്രംപിന്റെ വിദേശനയത്തിന്റെ ചുവടുപിടിച്ച് പുത്തന്‍ തീരുമാനം…

അമേരിക്കന്‍ വിസ ലഭിക്കാന്‍ അപേക്ഷിക്കുന്നവര്‍ ഇനി അവരുടെ സോഷ്യല്‍ മീഡിയ ഇടപെടലുകളെക്കുറിച്ചുള്ള വിശദാംശങ്ങളും നല്‍കണം. ഇതിന് പുറമെ അഞ്ച് വര്‍ഷമായി ഉപയോഗിച്ച ഇ മെയില്‍ വിലാസങ്ങളും ഫോണ്‍ നമ്പറുകളും നല്‍കണമെന്നാണ് വിദേശകാര്യ വകുപ്പ് പുറത്തിറക്കിയ പുതിയ നിര്‍ദ്ദേശം. ജോലിക്കായും ഉപരിപഠനത്തിനായും അമേരിക്ക സന്ദര്‍ശിക്കേണ്ടിവരുന്നവര്‍ക്ക് ഈ നിബന്ധന ബാധകമാണ്.

അഞ്ച് വര്‍ഷത്തെ സോഷ്യല്‍ മീഡിയ വിവരങ്ങളാണ് സമര്‍പ്പിക്കേണ്ടത്. നയതന്ത്രജ്ഞര്‍ക്കും ഔദ്യോഗികാവശ്യങ്ങള്‍ക്ക് അമേരിക്ക സന്ദര്‍ശിക്കേണ്ടി വരുന്നവര്‍ക്കും ഈ നിബന്ധനകളില്‍ ഇളവ് നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനാണ് സ്‌ക്രീനിങ് സംവിധാനം ശക്തമാക്കിയത്. അതേ സമയം നിയമാനുസൃതം അമേരിക്കയിലേക്കുള്ള സന്ദര്‍ശനത്തെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുമെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ട്രംപ് ഭരണകൂടം ഈ നിര്‍ദ്ദേശം നടപ്പിലാക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. സോഷ്യല്‍ മീഡിയ വിവരങ്ങള്‍ പരിശോധിക്കുന്നത് പ്രയോജനം ചെയ്യില്ലെന്നും അത് സ്വയം സെന്‍ഷര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതിന് തുല്യമാണെന്നുമായിരുന്നു അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് പ്രതികരിച്ചത്. സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്ന് വിദേശകാര്യ വകുപ്പ് അറിയിച്ചു. ഇത് ഒന്നരലക്ഷം പേരെയെങ്കിലും പ്രതിവര്‍ഷം ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. അമേരിക്കയിലേക്ക് വരുന്നവര്‍ക്കെതിരെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നതായിരുന്നു ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനം.

Share this news

Leave a Reply

%d bloggers like this: