അമേരിക്കന്‍ വിമാനവാഹിനിക്കപ്പലുകള്‍ ബോംബിങ് ദൗത്യ സേനയും മധ്യേഷ്യന്‍ കടലുകളില്‍ വിന്യസിക്കുന്നു; ഇറാന് താക്കീതെന്ന് യുഎസ്…

അമേരിക്കന്‍ യുദ്ധവിമാന വാഹിനിക്കപ്പലുകളും ബോംബിങ് ദൗത്യ സേനയും മധ്യേഷ്യന്‍ കടലുകളില്‍ വിന്യസിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാന് ‘സുവ്യക്തമായ സന്ദേശം’ നല്‍കലാണ് ഈ വിന്യാസത്തിന്റെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുഎസ് യുദ്ധവിമാനവാഹിനിയായ ‘യുഎസ്എസ് അബ്രഹാം ലിങ്കണ്‍’ [USS Abraham Lincoln (CVN-72)] ആണ് ദൗത്യവുമായി പുറപ്പെട്ടെത്തിയിരിക്കുന്നത്. ഇതിനോടൊപ്പം ബോംബര്‍ വിമാനങ്ങളുമായി ഒരു ദൗത്യസംഘത്തെയും അയച്ചിട്ടുണ്ട്.

മേഖലയില്‍ കരയിലും കടലിലുമായുള്ള യുഎസ് സാന്നിധ്യങ്ങള്‍ക്കു നേരെ ഭീഷണി നിലവിലുണ്ടെന്നാണ് അറിയുന്നത്. ഒരു താക്കീതാണ് ഇതുവഴി തങ്ങള്‍ ഇറാന് നല്‍കുന്നതെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ വ്യക്തമാക്കി. യുഎസ്സിന്റെ താല്‍പര്യങ്ങള്‍ക്കു നേരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ അതിശക്തമായ തിരിച്ചടി പ്രതീക്ഷിക്കണമെന്ന സന്ദേശം ഇറാന് നല്‍കുകയാണ് തങ്ങളെന്ന് അദ്ദേഹം പറഞ്ഞു.

ഇറാന്‍ മേഖലയില്‍ തങ്ങള്‍ യാതൊരു ആക്രമണത്തിനും തയ്യാറെടുക്കുന്നില്ലെന്നും യുഎസ് വിശദീകരിച്ചു. ഏതെങ്കിലും ആക്രമണം തങ്ങള്‍ക്കെതിരെയുണ്ടായാല്‍ അതിനോട് പ്രതികരിക്കാന്‍ സ്വയം സജ്ജമാകുക മാത്രമാണ് ചെയ്യുന്നത്. ഇറാനെ നിരുത്സാഹപ്പെടുത്താനാണ് ഇത്തരം പൊതുപ്രസ്താവനകള്‍ നടത്തുന്നതെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാന്റെ ഭാഗത്തു നിന്നും നേരിട്ടുള്ള ആക്രമണം തന്നെ വേണമെന്നില്ല തങ്ങള്‍ പ്രതികരിക്കാനെന്നും യുഎസ് പറയുന്നുണ്ട്. തങ്ങളുടെ കൈപ്പിടിയിലുള്ള ഏതെങ്കിലും സംഘടനകളെ ഉപയോഗിച്ച് ആക്രമണം നടത്തിയാലും അതിന്റെ ഉത്തരവാദിത്വം ഇറാനായിരിക്കും. ഹൂതികളെയോ ഹെസ്‌ബൊള്ളയെയോ ഉപയോഗിച്ച് ആക്രമണം നടത്തിയാലും ഇറാനുനേരെ യുഎസ്സിന്റെ ആക്രമണമുണ്ടാകും.

ഈയടുത്തിടെ യുഎസ്സും ഇറാനും തമ്മില്‍ നിലനിന്നു വന്നിരുന്ന സംഘര്‍ഷങ്ങള്‍ കൂടുതല്‍ ശക്തമായിരുന്നു. ഇറാന്റെ ‘ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്’ എന്ന അര്‍ധസൈനിക വിഭാഗത്തെ യുഎസ് ഭീകരസംഘടനയെന്ന് വിശേഷിപ്പിച്ചിരുന്നു. യുഎസ് പട്ടാളത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡിന് സമാനമായ വിശേഷണം നല്‍കിയാണ് ഇറാന്‍ പ്രതികരിച്ചത്.

Share this news

Leave a Reply

%d bloggers like this: