അമേരിക്കന്‍ ജനാധിപത്യത്തെ അപകടത്തിലാക്കി; ട്രംപിനെ ഇംപീച്ച് ചെയ്യുന്ന നടപടികളുമായി മുന്നോട്ട് തന്നെയെന്ന് സ്പീക്കര്‍

വാഷിംഗ്ടണ്‍ : യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് നടപടികളുമായി മുന്നോട്ട് പോകാന്‍ ജുഡീഷ്യല്‍ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയതായി ഹൌസ് സ്പീക്കര്‍ നാന്‍സി പെലോസി. ട്രംപിനെതിരെയുള്ള നടപടികളുമായി മുന്നോട്ടുപോകാനുള്ള തീരുമാനമെടുത്തതില്‍ വിഷമം ഉണ്ടെങ്കിലും, രാഷ്ട്ര ശില്പികളോടുള്ള നന്ദിയും അമേരിക്കയോടുള്ള സ്‌നേഹവും മുന്‍നിര്‍ത്തി രാജ്യത്തിന്റെ വിശ്വാസ്യത തകര്‍ത്ത, വിദേശ ശക്തികള്‍ക്കു മുന്നില്‍ രാജ്യത്തെ ഒറ്റിക്കൊടുത്ത പ്രസിഡന്റിനെതിരെ ഇംപീച്ച്‌മെന്റ് നടപടികളുമായി മുന്നോട്ടുപോകാന്‍ ആവശ്യപ്പെടുകയാണെന്നും അവര്‍ പറഞ്ഞു.

വ്യക്തിപരമോ രാഷ്ട്രീയപരമോ ആയ നേട്ടങ്ങള്‍ക്കുവേണ്ടി ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തിയെന്നത് തര്‍ക്കമില്ലാത്ത കാര്യമാണെന്ന് പെലോസി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘അമേരിക്കന്‍ ജനാധിപത്യത്തെ അപകടത്തിലാക്കുന്ന തരത്തിലാണ് ട്രംപ് പ്രവര്‍ത്തിച്ചത്. ദേശ സുരക്ഷക്ക് യാതൊരു വിലയും നല്‍കാതെ തെരഞ്ഞെടുപ്പിനെ സ്വന്തം നേട്ടത്തിനു ഉപയോഗിക്കുകയായിരുന്നു ട്രംപ് എന്നും സ്പീക്കര്‍ വ്യക്തമാക്കി. ബ്രിട്ടീഷ് രാജാവായിരുന്ന ജോര്‍ജ് മൂന്നാമന്റെ നടപടികളുമായാണ് ട്രംപിന്റെ ചെയ്തികളെ അവര്‍ ഉപമിച്ചത്. ആരെയും, അതിനി പ്രസിഡന്റ് ആയാല്‍ പോലും, നിയമത്തിന് അതീതമായി പ്രവത്തിക്കാന്‍ അനുവദിക്കരുതെന്നും പെലോസി പറഞ്ഞു.

തനിക്കെതിരെയുള്ള ഇംപീച്ച്‌മെന്റ് നടപടികളെ തള്ളിപ്പറഞ്ഞുകൊണ്ട് ട്രംപ് ഉടന്‍ തന്നെ ട്വിറ്ററിലൂടെ രംഗത്തെത്തി. ‘ഭാവിയില്‍ ആര്‍ക്കെതിരെയും എപ്പോള്‍ വേണമെങ്കിലും ഇംപീച്ച്‌മെന്റ് നടപടി സ്വീകരിക്കാമെന്ന തെറ്റായ കീഴ്വഴക്കം ഉണ്ടാക്കുകയാണ് റാഡിക്കല്‍ ലെഫ്റ്റ് ഡെമോക്രാറ്റുകള്‍ ചെയ്യുന്നത്. നമ്മുടെ രാഷ്ട്ര ശില്‍പികളുടെ മനസ്സില്‍ അതായിരുന്നില്ല. താന്‍ തെറ്റായി യാതൊന്നും ചെയ്തിട്ടില്ല. സത്യം തന്റെ ഭാഗത്തായതിനാല്‍ അന്തിമ വിജയവും എന്റെ ഭാഗത്തു തന്നെയാകും’ ട്രംപ് പറഞ്ഞു.

2020-ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എതിരാളിയും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ ജോ ബിഡനും മകനുമെതിരെ അന്വേഷണം നടത്താന്‍ ഉക്രൈന്‍ സര്‍ക്കാറിനുമേല്‍ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ട്രംപിന്റെ ഇംപീച്ച്‌മെന്റ് നടപടികള്‍ പുരോഗമിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: