അമേരിക്കന്‍ മലയാളിയായ കെവിന്‍ തോമസ് ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്ററായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂയോര്‍ക്ക് : അമേരിക്കന്‍ മലയാളിയായ കെവിന്‍ തോമസ് ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്ററായി സത്യപ്രതിജ്ഞ ചെയ്തു. ജനുവരി ആദ്യവാരമാണ് സത്യപ്രതിജ്ഞാച്ചടങ്ങ് നടന്നത്. ന്യൂയോര്‍ക്ക് സെനറ്റിലെ മജോറിറ്റി നേതാവ് ആന്‍ഡ്രിയ സ്റ്റുവര്‍ട്ട് കസിന്‍സിന്റെ മുമ്പാകെയാണ് കെവിന്‍ തോമസ് സെനറ്ററായി സത്യപ്രതിജ്ഞ ചെയ്തത്.

അമേരിക്കയിലെ ഇന്ത്യക്കാരെ സംബന്ധിച്ച് പ്രധാനപ്പെട്ട നേട്ടമാണ് കെവിന്‍തോമസിന്റെ വിജയം. ഇന്ത്യക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ന്യൂയോര്‍ക്കിലെ രാഷ്ട്രീയ ചിത്രത്തില്‍ ഇന്ത്യയുടെ സാന്നിദ്ധ്യമറിയിക്കാന്‍ കെവിന്‍ തോമസിന് കഴിയും. പാര്‍ട്ടി നേതൃത്വത്തിന്റെ കാര്യമായ സാമ്പത്തിക സഹായങ്ങളൊന്നും ഇല്ലാതയാണ് റിപ്പബ്ലിക്കന്‍ ശക്തി കേന്ദ്രമായ ന്യൂയോര്‍ക്കിലെ ആറാം ഡിസ്ട്രിക്ടില്‍ 33 കാരനായ ഡെമോക്രാറ്റ് കെവിന്‍ വിജയിച്ചത്.

രണ്ടു മാസം പ്രായമുള്ള കുഞ്ഞിനേയുമെടുത്ത് പോഡിയത്തിലെത്തിയ ഭാര്യ റിന്‍സിയുടെ കൈയിലെ ബൈബിളില്‍ തൊട്ടാണ് കെവിന്‍ സത്യവാചകം ചൊല്ലിയത്. സെനറ്റ് മൈനോറിറ്റി നേതാവ് ചക്ക് ഷൂമറടക്കം അമേരിക്കന്‍ രാഷ്ട്രീയത്തിലെ നിരവധി പ്രമുഖര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.

ഇത് കെവിന്റെ ദിവസമാണ്. പത്താം വയസില്‍ അമേരിക്കയിലെത്തി ന്യൂയോര്‍ക് നഗരത്തിലെ ജമൈക്കയിലെ സാധാരണക്കാരുടെ ഇടയില്‍ വളര്‍ന്ന് സ്റ്റേറ്റ് സെനറ്റ് വരെയെത്തിയ വ്യക്തിയാണ് കെവിനെന്നും അഭിമാനകരമായ ദിവസമാണിതെന്നും ചക്ക് ഷൂമര്‍ പറഞ്ഞു. കെവിന്റെ കുടുംബമടക്കം നിരവധി മലയാളികളും പരിപാടിയില്‍ പങ്കെടുത്തു.

Share this news

Leave a Reply

%d bloggers like this: