അമേരിക്കന്‍ കറന്‍സിയിലെ ‘ഇന്‍ ഗോഡ് വി ട്രസ്റ്റ്’ എന്ന വാചകം എടുത്തുമാറ്റണമെന്ന ആവശ്യം കോടതി തള്ളി

അമേരിക്കന്‍ കറന്‍സി നോട്ടായ ഡോളറില്‍ നിന്നും ‘In God We Trust’ അഥവാ ”ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു” എന്ന വാക്യം മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ച സാത്താന്‍ ആരാധകന്റെ പരാതി കോടതി തള്ളിക്കളഞ്ഞു. ചിക്കാഗോയില്‍ നിന്നുള്ള കെന്നത്ത് മയ്‌ലെ എന്ന മുപ്പത്തിയാറുകാരന്റെ പരാതി ഇക്കഴിഞ്ഞ മെയ് 31-ന് 7th സര്‍ക്ക്യൂട്ട് കോടതിയാണ് തള്ളിക്കളഞ്ഞത്. ദൈവത്തെ തള്ളികളഞ്ഞു സാത്താന്‍ ആരാധകനാണെന്നു അവകാശപ്പെട്ട കെന്നത്ത് ‘തനിക്ക് അംഗീകരിക്കാന്‍ പറ്റാത്ത മതപരമായ സന്ദേശം പ്രചരിപ്പിക്കുവാന്‍ നിര്‍ബന്ധിതനാകുന്നതിനാല്‍ നോട്ടിലെ മുദ്രാവാക്യം മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് കോടതിയെ സമീപിച്ചത്.

പരാതി കീഴ്‌കോടതി തള്ളിക്കളഞ്ഞതിനെ തുടര്‍ന്നു കെന്നത്ത് അപ്പീല്‍ കോടതിയെ സമീപിച്ചു. ഒടുവില്‍ ഇക്കാര്യം ഉന്നത കോടതിയും തള്ളികളയുകയായിരിന്നു. ‘ദൈവത്തിന്റെ കീഴില്‍ ഒരു രാഷ്ട്രം” എന്ന ദേശീയ പ്രതിജ്ഞയിലെ വാചകമടക്കമുള്ള കാര്യങ്ങള്‍ രാഷ്ട്രത്തിന്റെ വിശ്വാസ പാരമ്പര്യത്തിന് നല്‍കുന്ന സമാനമായ ആദരവ് തന്നെയാണ് കറന്‍സി നോട്ടിലെ ‘In God We Trust’ എന്ന വാചകവും നല്‍കുന്നതെന്നു കോടതി നിരീക്ഷിച്ചു. ഇക്കഴിഞ്ഞ മെയ് 29-നും സമാനമായ മറ്റൊരു കേസും കോടതിയുടെ പരിഗണനക്ക് എത്തിയിരുന്നു.

തങ്ങളുടെ അടിസ്ഥാന വിശ്വാസങ്ങള്‍ക്ക് നിരക്കാത്ത സന്ദേശത്തെ സ്വീകരിക്കുവാന്‍ കറന്‍സിയില്‍ അച്ചടിച്ചിരിക്കുന്ന വാചകം ഇടയാക്കുന്നുവെന്ന് ആരോപിച്ചുകൊണ്ട് നിരീശ്വരവാദികളാണ് 6th സര്‍ക്ക്യൂട്ട് കോടതിയെ സമീപിച്ചത്. എന്നാല്‍ പണം ഇടപാടുകള്‍ക്ക് മാത്രം ഉപയോഗിക്കുവാനുള്ളതാണെന്നും വിശ്വാസ പരിവര്‍ത്തനത്തിനുള്ളതല്ലെന്നും പറഞ്ഞു കൊണ്ട് കോടതി പരാതിയെ തള്ളിക്കളയുകയാണ് ചെയ്തത്.

”In God We Trust’ എന്നത് അമേരിക്കയുടെ ഔദ്യോഗിക മുദ്രാവാക്യമാണ്. 1864 മുതല്‍ ഈ മുദ്രാവാക്യം നാണയങ്ങളില്‍ രേഖപ്പെടുത്തി തുടങ്ങിയിരുന്നു. മുദ്രാവാക്യം അമേരിക്കയുടെ കറന്‍സി നോട്ടില്‍ അച്ചടിച്ചിരിക്കണമെന്ന നിയമം 1956-ലാണ് പ്രാബല്യത്തില്‍ വന്നത്. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് 1970 മുതല്‍ നിരീശ്വരവാദ സംഘടനകളും സാത്താന്‍ ഗ്രൂപ്പുകളും ശ്രമം നടത്തുന്നുണ്ടെങ്കിലും കോടതി എല്ലാ അപ്പീലുകളും തള്ളികളയുകയാണ് ചെയ്തിട്ടുള്ളത്.

 

 

 

കടപ്പാട് : പ്രവാചക ശബ്ദം
Share this news

Leave a Reply

%d bloggers like this: