അമൃത്സര്‍ തീവണ്ടി ദുരന്തം; അറുപതിലധികം പേര്‍ മരണപ്പെട്ടു; ജനങ്ങളുടെ അശ്രദ്ധ വന്‍ ദുരന്തത്തിലേക്ക് നയിച്ചെന്ന് അധികൃതര്‍

അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില്‍ ട്രാക്കില്‍ നിന്ന ജനക്കൂട്ടത്തിലേക്ക് ട്രെയിനിടിച്ച് കയറി മരിച്ചവരുടെ എണ്ണം 60 കവിഞ്ഞു. അമൃത്സറിലെ ഛൗറ ബസാറില്‍ ഇന്നലെ വൈകീട്ട് 6.45 ഓടെയാണ് അപകടം. ദസറ ആഘോഷത്തിനിടെ ട്രാക്കില്‍ കൂടി നിന്ന ആള്‍ക്കൂട്ടത്തിലേക്ക് ട്രെയിനിടിച്ച് കയറുകയായിരുന്നു. രാവണന്റെ കോലം കത്തിക്കുന്നതിനിടെ പടക്കത്തിന്റെ ഒച്ചകാരണം ട്രെയിനിന്റെ ശബ്ദം ആളുകള്‍ കേട്ടിരുന്നില്ല. ഈ സമയം അതിവേഗമെത്തിയ ജലന്ധര്‍-അമൃത്സര്‍ എക്‌സ്പ്രസ് പാളത്തില്‍നിന്നിരുന്ന ആളുകള്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

പഠാന്‍കോട്ടില്‍ നിന്ന് അമൃത്സറിലേക്ക് വരികയായിയായിരുന്നു ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. നിരവധിപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. മരിച്ചവരില്‍ നിരവധി കുട്ടികളുമുണ്ട്. എഴുന്നൂറോളം പേര്‍ അപകടസമയത്ത് ഇവിടെ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

മരണത്തിന് കാരണമായ ദുരന്തത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് ഇന്ത്യന്‍ റെയില്‍വെ പറഞ്ഞു. പരിപാടി സംഘടിപ്പിച്ച സ്ഥലം റെയില്‍വെയുടെ പരിധിയില്‍പ്പെട്ടതല്ല. സംഘാടകര്‍ ചടങ്ങ് സംബന്ധിച്ച് ഒരറിയിപ്പും നല്‍കിയിട്ടില്ലെന്നും വടക്കന്‍ റെയില്‍വെ വാക്താവ് ദീപക് കുമാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

റെയില്‍വെയില്‍ നിന്ന് യാതൊരു തരത്തിലുള്ള അനുമതികളും ആര്‍ക്കും നല്‍കിയിട്ടില്ല. പരിപാടികരുടെ സംഘാടകരോ ഭരണാധികാരികളോ ഒരു വിവരവും തങ്ങളെ അറിയിക്കുകയും ചെയ്തിട്ടില്ല. അപകടം നടന്ന സമയം റെയില്‍വെ ലെവല്‍ ക്രോസിങ് അടച്ചിട്ടുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അപകടം നടന്ന് നിമിഷങ്ങള്‍ക്കം ലോക്കോ പൈല്റ്റ് അമൃത്സര്‍ സ്റ്റേഷന്‍ മാസ്റ്ററെ വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്. ട്രാക്കില്‍ വന്‍ ജനക്കൂട്ടം ഉണ്ടായിരുന്നതായും ലോക്കോ പൈലറ്റ് അറിയിച്ചിട്ടുണ്ടെന്നും ഒരു മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ലോക്കോ പൈലറ്റിനെ പോലീസ് ചോദ്യം ചെയ്തിരുന്നു.

അമൃത്സറില്‍ റെയില്‍വേ ട്രാക്കിന് 200 അടി മാത്രം അകലെയായിരുന്നു ‘രാവണ്‍ ദഹന്‍’ ചടങ്ങിനായി വേദി ഒരുക്കിയിരുന്നത്. ഒട്ടേറെപ്പേര്‍ ചടങ്ങിനെത്തി. ഇതോടെ സ്ഥലം കുറവായതിനാല്‍ കുറേപേര്‍ പാളത്തില്‍ കയറിനിന്നു. കോലത്തില്‍ തീ പടര്‍ന്നപ്പോള്‍ ഉള്ളിലുണ്ടായിരുന്ന പടക്കങ്ങള്‍ പൊട്ടിത്തുടങ്ങി. കോലം മറിഞ്ഞ് ദേഹത്തുവീഴാനുള്ള സാധ്യത മുന്‍നിര്‍ത്തി ആളുകള്‍ പാളത്തിലേക്ക് ഓടിക്കയറുകയായിരുന്നു. ചിലര്‍ ഈ സമയം രാവണ്‍ ദഹന്‍ ചടങ്ങുകള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. അതിനിടെയാണ് വേഗത്തിലെത്തിയ ട്രെയിന്‍ ആളുകള്‍ക്കുമേല്‍ പാഞ്ഞുകയറിയത്. ഒരേസമയം രണ്ട് ട്രാക്കുകളിലൂടെയും ട്രെയിന്‍ വന്നിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

തീവണ്ടി ഇടിച്ചുകയറുമ്പോള്‍ നിരവധി ആളുകള്‍ മൊബൈല്‍ഫോണുകളില്‍ വീഡിയോയും ഫോട്ടോയും എടുക്കുന്ന തിരക്കിലായിരുന്നെന്ന് റിപ്പോര്‍ട്ട്. അപകടം നടക്കുമ്പോള്‍ ജനങ്ങള്‍ ആഘോഷങ്ങള്‍ ഫോണില്‍ പകര്‍ത്തിക്കൊണ്ടിരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതായാണ് റിപ്പോര്‍ട്ട്.

പുറത്തുവന്ന വീഡിയോയില്‍ കാണുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് രാഷ്ട്രീയനേതാക്കള്‍ അടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടു. സെല്‍ഫി സംസ്‌കാരം ഇത്തരം അപകടങ്ങളിലേക്ക് വഴിവയ്ക്കുന്നു എന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. അശ്രദ്ധമൂലം വരുത്തിവച്ച അപകടമാണിതെന്നും ഒഴിവാക്കാമായിരുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തീവണ്ടി ഇടിച്ചുകയറുമ്പോഴും ജനങ്ങള്‍ സെല്‍ഫി പകര്‍ത്തുന്നത് അവസാനിപ്പിച്ചില്ല എന്നത് അവിശ്വസനീയമാണെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് പ്രീതി ശര്‍മ്മ മേനോന്‍ ട്വീറ്റ് ചെയ്തു.

https://youtu.be/lmao4Cvp8Bw

എ എം

Share this news

Leave a Reply

%d bloggers like this: