കുടിവെള്ളം പാഴാക്കുന്നു; അമിത ജല ഉപയോഗത്തിന് വാട്ടര്‍ബില്‍ അടക്കേണ്ടി വരും

ഡബ്ലിന്‍: പരിധി ലംഘിച്ച് വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് വാട്ടര്‍ ചാര്‍ജ്ജ് ഏര്‍പ്പെടുത്താന്‍ തയ്യാറെടുത്ത് ഐറിഷ് വാട്ടര്‍. കഴിഞ്ഞ വര്‍ഷം ദെയിലില്‍ പാസായ നിയമം അടുത്ത വര്‍ഷം ആദ്യ മാസങ്ങളില്‍ തന്നെ നടപ്പില്‍ വരുത്തും. ഐറിഷ് വാട്ടറിന്റെ ഉപഭോക്താക്കള്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ ഇതിനെക്കുറിച്ചുള്ള അറിയിപ്പ് നല്‍കും.

പ്രതിവര്‍ഷം 213,000 ലിറ്ററില്‍ കൂടുതല്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്കായിരിക്കും ബില്‍ തുക അടക്കേണ്ടി വരുന്നത്. 2018-ല്‍ ഇത്തരമൊരു നിയന്ത്രണം ഉണ്ടാവില്ല. കമ്മീഷന്‍ ഫോര്‍ റെഗുലേഷന്‍ ഓഫ് യൂട്ടിലിറ്റീസ്-ന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2018 ഡിസംബര്‍ 31-ന് ശേഷം വെള്ളത്തിന്റെ ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് വരാനിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിയമ നിര്‍മ്മാണം നടത്തുന്നത് ഹൗസിങ് മന്ത്രാലയത്തിന്റെ ചുമതലയാണ്.

അയര്‍ലണ്ടില്‍ 40 ശതമാനത്തോളം വെള്ളം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് വാട്ടര്‍ റെഗുലേഷന്‍ കമ്മീഷന്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഇത് നിയന്ത്രിച്ചില്ലെങ്കില്‍ വരും വര്‍ഷങ്ങളില്‍ ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യം അയര്‍ലണ്ടില്‍ വര്‍ധിക്കുമെന്നും കണ്ടെത്തിയിരുന്നു. വാട്ടര്‍ ചാര്‍ജ്ജ് നിര്‍ത്തലാക്കി അധിക വെള്ളം ഉപയോഗിക്കുന്നതിന് ബില്‍ ചാര്‍ജ്ജ് ഏര്‍പ്പെടുത്തുന്നത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് ആരോപിച്ച് പ്രതിപക്ഷ കക്ഷികള്‍ രംഗത്തിറങ്ങി.

ഐറിഷ് വാട്ടറിന്റെ ഒരു വര്‍ഷത്തെ വെള്ളം ഉപയോഗിക്കുന്നതിനുള്ള പരിധി ഉയര്‍ത്തണമെന്ന് ആവശ്യമുയരുന്നുണ്ട്. നിലവില്‍ വാട്ടര്‍ചാര്‍ജ് പിന്‍വലിച്ചുകൊണ്ട് ഏര്‍പ്പെടുത്തുന്ന നിയന്ത്രണം വാട്ടര്‍ ചാര്‍ജ്ജ് ഏര്‍പ്പെടുത്തുന്നതിന് തുല്യമാണെന്നും വിമര്‍ശനമുയരുന്നു.

 

എ എം

 

Share this news

Leave a Reply

%d bloggers like this: