അമിത വണ്ണം നിയന്ത്രിക്കുന്നതിന് പുതിയ പദ്ധതികളുമായി ആരോഗ്യ വകുപ്പ്

ജീവിതശൈലി രോഗങ്ങളായ അമിതവണ്ണവും പൊണ്ണത്തടിയും അയര്‍ലണ്ടില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആരോഗ്യകരമായ ജീവിതരീതി കൈവരിക്കാന്‍ പുതിയ പദ്ധതിയുമായി ഗവണ്‍മെന്റ് രംഗത്ത്. അടുത്ത പത്ത് വര്‍ഷത്തേക്കുള്ള പദ്ധതികളാണ് ഒബിസിറ്റി പോളിസി ആക്ഷന്‍ പ്ലാന്‍ എന്ന പേരില്‍ തയ്യാറാക്കിയിരിക്കുന്നത്.

ഇന്ന് രാജ്യം നേരിടുന്ന പ്രധാന പൊതു ആരോഗ്യ പ്രശ്‌നമായി അമിത വണ്ണവും പൊണ്ണത്തടിയും മാറിക്കഴിഞ്ഞുവെന്ന് ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു. ഇതിനെതിരെ ഗവണ്‍മെന്റ് വ്യക്തമായ നടപടികള്‍ എടുക്കുന്നതിന്റെ ഭാഗമായാണ് ഈ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. ആഹാര സാധനങ്ങളിലെ കലോറിയുടെ അളവ് നിയന്ത്രിക്കുക, ശരിയായ പോഷകാഹാരം ലഭ്യമാക്കുക, പുതിയ ആഹാര രീതിയ്ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക, തുടങ്ങി 60 ഇന പ്രവര്‍ത്തന പദ്ധതികളാണ് ഈ പ്ലാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മധുര പാനീയങ്ങള്‍ക്ക് കൂടുതല്‍ നികുതി ചുമത്താനും അധികമായി പഞ്ചസാരയും ഉപ്പും ഉപയോഗിക്കുന്ന ആഹാരസാധനങ്ങള്‍ക്ക് അവയുടെ അളവ് നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്. എന്നാല്‍ ഈ നടപടിയില്‍ ഫുഡ് & ഡ്രിങ്ക്‌സ് ഇന്‍ഡസ്ട്രി അധികൃതര്‍ അസ്വസ്ഥത പ്രകടിപ്പിച്ചു.

ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നതിനായി അയര്‍ലണ്ട് ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുമായി കൂടിചേര്‍ന്ന് പരസ്യങ്ങള്‍ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. ഈ കുട്ടികളെയാണ് പരസ്യങ്ങളിലൂടെ പ്രധാനമായും നോട്ടമിട്ടിരിക്കുന്നത്. ആരോഗ്യമുള്ള ഒരു രാജ്യത്തെ വാര്‍ത്തെടുക്കുന്നതിന് ഗവണ്‍മെന്റുമായി സഹകരിക്കുമെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റിയും അറിയിച്ചു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: